ആഷസ് : ഭാഗ്യവും പ്രതിരോധവും നിറഞ്ഞ രണ്ടാം ദിനം ആദ്യ സെഷനിൽ ഇംഗ്ലണ്ടിന് മേൽകൈ
ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ആദ്യ സെഷൻ പൂർത്തിയായപ്പോൾ അധികം അപകടങ്ങളില്ലാതെ തന്നെ ഇംഗ്ലണ്ട് മുന്നേറുന്നു. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കെറ്റ് നഷ്ടത്തിൽ 71 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 10 റൺസെടുത്ത ജേസൺ റോയ് മാത്രമാണ് പുറത്തായത്. ജെയിംസ് പാറ്റിൻസൺ ആണ് റോയിയെ പുറത്താക്കിയത്. 41 റൺസുമായി റോറി ബർൺസും 11 റൺസോടെ ജോ റൂട്ടുമാണ് ക്രീസിൽ.
ബർൺസ് 21 റൺസെടുത്ത നിൽക്കെ അമ്പയറുടെ തെറ്റായ തീരുമാനത്തിന് വിധേയനായെങ്കിലും മൂന്നാം അമ്പയറിന്റെ സഹായത്തോടെ തീരുമാനത്തെ പുനർനിർണയിച്ചു. പാറ്റിൻസൺ എറിഞ്ഞ പന്ത് ജോ റൂട്ടിന്റെ ബാറ്റിൽ തട്ടി കീപ്പർ പിടിച്ചതായി കണ്ട് അമ്പയർ ഔട്ട് വിധിച്ചെങ്കിലും, അത് സ്റ്റമ്പിൽ ആണ് തട്ടിയതെന്നും ബെയ്ൽ വീണില്ല എന്നും മനസ്സിലാക്കിയ മൂന്നാം അമ്പയർ തീരുമാനം തെറ്റാണെന്നു വിധിച്ചു. രണ്ടാം ദിനത്തിന്റെ ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ തന്നെ ഈ ടെസ്റ്റിൽ ഇത് ആറാം തവണയാണ് അമ്പയർമാർ തെറ്റായ തീരുമാനം വിധിക്കുന്നത്.