ധോണിയുടെ സാന്നിദ്ധ്യം ടീമിന് ഗുണകരം – പിന്തുണയുമായി എം എസ്.കെ പ്രസാദ്.
ന്യൂഡൽഹി: നിശ്ചിത ഓവർ മത്സരങ്ങളിൽ എം.എസ് ധോണി തന്നെയാണ് ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറും ഫിനിഷറുമെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ പ്രസാദ്. ധോണിയെ ടീമിൽ ഉൾക്കൊള്ളിക്കുന്നതിനായി സെലക്ടർമാർ ടീമിന്റെ മധ്യനിരയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കഴിഞ്ഞ ലോകകപ്പിൽ ബാറ്റ്സ്മാനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ടീമിന്റെ വലിയ കരുത്ത് ധോണിയായിരുന്നു.ധോണിയുടെ അനുഭവസമ്പത്ത് മാത്രമല്ല ഫീല്ഡിലും തീരുമാനമെടുക്കുന്നതിലും അദ്ദേഹം സഹായിച്ചിരുന്നു. ഇന്ത്യൻ യുവതാരങ്ങളെല്ലാം വളർന്നു വരുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകകപ്പിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 45.50 റൺസ് ശരാശരിയിൽ 273 റൺസായിരുന്നു ധോനിയുടെ സമ്പാദ്യം. എന്നാൽ മധ്യനിരയിൽ അദ്ദേഹത്തിന്റെ മെല്ലെപ്പോക്ക് ബാറ്റിങ് വിമർശനങ്ങൾക്ക് വിധേയമായിരുന്നു.