Cricket Editorial Top News

അമ്പയറിങ് നിലവാരം കുറയുന്നോ ?…ലോക കപ്പിന് പുറമെ ആഷസിലും അമ്പയറിങ് മോശം

August 2, 2019

author:

അമ്പയറിങ് നിലവാരം കുറയുന്നോ ?…ലോക കപ്പിന് പുറമെ ആഷസിലും അമ്പയറിങ് മോശം

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലെ അമ്പയറിങ്ങിനെ പറ്റി പരക്കെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ലോക കപ്പിന് ശേഷം ഇന്നലെ ആരംഭിച്ച ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും അമ്പയറിങ് പിഴവുകൾ ആവർത്തിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഇന്നലെ ആരംഭിച്ച ആഷസ് ടെസ്റ്റ് പരമ്പരയിൽ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ അമ്പയർമാർക്ക് തീരുമാനം മാറ്റേണ്ടി വന്നത് 4 തവണ. ഇരു ടീമുകളും കൂടി ആകെ 6 തവണ അമ്പയറുടെ തീരുമാനത്തെ പുനരവലോകനത്തിനു മൂന്നാം അമ്പയർക്ക് കൈമാറിയപ്പോൾ അതിൽ 4 തവണയും അമ്പയർ എടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് അവ തിരുത്തേണ്ടി വന്നു. ഒരു തവണ തെറ്റായ തീരുമാനത്തിലൂടെ ഒരാൾ പുറത്താവുകയും ചെയ്തു. പാക്കിസ്ഥാൻകാരനും നിലവിലുള്ള ഐ.സി.സി അമ്പയറിങ് പാനലിലെ ഏറ്റവും മികച്ച അമ്പയർ കൂടിയായ അലിം ദാറും വെസ്റ്റ് ഇൻഡീസിൽ നിന്നുള്ള വെറും 13 ടെസ്റ്റ് മത്സരങ്ങൾ മാത്രം നിയന്ത്രിച്ച് പരിചയമുള്ള ജോയൽ വിൽസണും ആയിരുന്നു ആദ്യ ടെസ്റ്റിന് ഗ്രൗണ്ടിൽ കളി നിയന്ത്രിക്കാൻ ചുമതലപ്പെട്ടവർ. അലിം ദാർ രണ്ടു തവണയും ജോയൽ വിൽസൺ 3 തവണയും പിഴവ് വരുത്തി.

ക്രിസ് വോക്‌സിന്റെ പന്തിൽ ഖവാജയുടെ ബാറ്റിൽ തട്ടി പന്ത് കീപ്പറുടെ കയ്യിലെത്തിയപ്പോൾ ഇംഗ്ലീഷ് ഫീൽഡർസ് ഒന്നടങ്കം അപ്പീൽ ചെയ്‌തെങ്കിലും ജോയൽ വിൽസൺ മാത്രം ആ സൗണ്ട് കേട്ടില്ല. തുടർന്ന് തീരുമാനം മൂന്നാം അമ്പയർക്ക് കൈമാറിയ ജോ റൂട്ടിന് പിഴച്ചില്ല. വിൽസണ് തീരുമനം മാറ്റേണ്ടി വന്നു.13 റൺസെടുത്ത ഖവാജ പുറത്ത്. അടുത്ത ഊഴം അലിം ദാറിന്റെ ആയിരുന്നു. ബ്രോഡിന്റെ പന്തിൽ സ്റ്റീവ് സ്മിത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ അലിം ദാർ കൈ പൊക്കി. എന്നാൽ സ്മിത്തിന് അത് വിശ്വസനീയം ആയിരുന്നില്ല. മൂന്നാം അമ്പയർക്ക് കൈമാറുകയും തീരുമാനം തിരുത്തുകയും ചെയ്തു. അപ്പോൾ 34 റൺസ് മാത്രമുണ്ടായിരുന്ന സ്റ്റീവ് സ്മിത്ത് പിന്നീട് 144 റൺസ് എടുത്ത് പത്താമനായാണ് പുറത്തായത്. തൊട്ടടുത്ത ഓവറിൽ വീണ്ടും പിഴച്ചു. ഇക്കുറി ജോയൽ വിൽസൺ ആയിരുന്നു വില്ലൻ. വോക്‌സിന്റെ പന്തിൽ മാത്യു വെയിഡിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയെങ്കിലും വിൽസൺ ഔട്ട് വിധിച്ചില്ല. തുടർന്ന് റൂട്ട് മൂന്നാം അമ്പയർക്ക് കൈമാറുകയും വിധി അനുകൂലമാക്കിയെടുക്കയും ചെയ്തു. 1 റൺസ് എടുത്ത വെയ്ഡ് പുറത്ത്. വീണ്ടും ജോയൽ വിൽസണ് പിഴച്ചു. പത്താമനായി ഇറങ്ങിയ പീറ്റർ സിഡിൽ റൺ ഒന്നും എടുക്കുന്നതിനു മുന്നേ തന്നെ വോക്‌സ് അദ്ദേഹത്തെ വിക്കറ്റിന് മുന്നിൽ കുടുക്കുകയും അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാൽ സിഡിൽ ഒരു പുഞ്ചിരിയോടെ തീരുമാനം മൂന്നാം അമ്പയർക് കൈമാറി. പന്ത് ബാറ്റിൽ തട്ടിയിട്ടാണ് പാഡിൽ കൊണ്ടതെന്നു സിഡിലിന് ഏറെക്കുറെ ഉറപ്പായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. വിധി സിഡിലിന് അനുകൂലമായിത്തന്നെ വന്നു. പിന്നീട് സ്മിത്തുമായി ചേർന്ന് 88 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് സിഡിൽ പുറത്തായത് എന്നത് കൂടി ഓർക്കേണ്ടിയിരിക്കുന്നു. അതിനിടെ പാറ്റിൻസൺ പുറത്തായതും അലിം ദാറിന്റെ തെറ്റായ തീരുമാനത്തിൽ ആയിരുന്നു. എന്നാൽ പാറ്റിൻസൺ അത് മൂന്നാം അമ്പയർക്ക് കൈമാറാതെ പവലിയനിലേക്ക് നടന്നു.

ടെക്നോളജി ഇല്ലായിരുന്നെങ്കിൽ അമ്പയറിങ് പിഴവിന്റെ പേരിൽ മാത്രം ഇന്നലെ ഓസ്‌ട്രേലിയ 150 ൽ താഴെ റൺസിന്‌ പുറത്തായേനെ. ഓരോ തവണ വീതം ജീവൻ കിട്ടിയ സ്മിത്തും സിഡിലും ഓസീസിനെ അക്ഷരാർഥത്തിൽ രക്ഷിച്ചെടുക്കുകയായിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോലുള്ള മാറ്റങ്ങളുമായി ഐ.സി.സി വരുമ്പോൾ, അമ്പയർമാരുടെ നിലവാരത്തിലും കുറച്ച് മാറ്റങ്ങൾ വരുത്താൻ ഐ.സി.സി തയ്യാറാവേണ്ടതുണ്ട്.

Leave a comment