രക്ഷകനായി സ്മിത്ത്: ആഷസ് ഒന്നാം ദിനം സമാസമം
150 കടക്കുമോ എന്ന് തോന്നിപ്പിച്ചിടത്തു നിന്ന് സ്കോർ 284 എത്തിച്ചതിനു ഓസ്‌ട്രേലിയൻ ടീം സ്റ്റീവ് സ്മിത്തിനോട് കടപ്പെട്ടിരിക്കുന്നു. 112 ന് 8 എന്ന നിലയിൽ വൻ തകർച്ചയെ നേരിട്ട ടീമിനെ സ്റ്റീവ് സ്മിത്തിന്റെ ഒറ്റയാൾ പോരാട്ടമാണ് ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്സ് സ്കോറിലേക്ക് ഓസ്‌ട്രേലിയയെ എത്തിച്ചത്. 144 റൺസ് എടുത്ത സ്റ്റീവ് സ്മിത്ത് പത്താമനായി പുറത്താകുമ്പോഴേക്ക് ഓസീസ് സേഫ് സോണിൽ എത്തിയിരുന്നു. ഒൻപതാം വിക്കറ്റിൽ പീറ്റർ സിഡിലിനെ (85 പന്തിൽ 44) കൂട്ടുപിടിച്ചും പത്താം വിക്കറ്റിൽ നാഥൻ ലിയോണിനെ ഒരു അറ്റത്ത് നിർത്തിയും സ്മിത്ത് രക്ഷാപ്രവർത്തനം സ്വയം ഏറ്റെടുത്തു. ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽ നിന്നും 24 ടെസ്റ്റ് സെഞ്ച്വറി എന്ന റെക്കോർഡിന് ബ്രാഡ്മാന് മാത്രം പിന്നിൽ എത്തി സ്മിത്ത്. 118 ഇന്നിങ്‌സുകളിൽ നിന്നാണ് സ്മിത്തിന്റെ 24 ആം ശതകം. ആഷസിൽ മാത്രം സ്മിത്തിന്റെ 10 ആം സെഞ്ചുറിയായിരുന്നു ഇന്നലെ പിറന്നത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് തൊട്ടതെല്ലാം പിഴച്ചു. 35 റൺസിനിടെ മൂന്നു മുൻനിര ബാറ്റ്‌സ്മാന്മാർ കൂടാരം കയറി. പിന്നീട് ട്രാവിസ് ഹെഡിനെ കൂട്ടുപിടിച്ച് സ്മിത്ത് ടീമിനെ കരകയറ്റാൻ ശ്രമിച്ചെങ്കിലും 35 റൺസെടുത്ത ഹെഡ് പുറത്തായതോടെ ഓസീസ് പതനം ആരംഭിച്ചു. പിന്നീട് കണ്ണടച്ച് തുറക്കും മുന്നേ സ്കോർ 122 ന് 8 എന്ന നിലയിലായി. അവിടെ നിന്നായിരുന്നു സ്മിത്തിന്റെ രക്ഷാപ്രവർത്തനം. ഇംഗ്ലണ്ടിന് വേണ്ടി ബ്രോഡ് 86 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. 3 വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സും മികച്ച രീതിയിൽ പന്തെറിഞ്ഞു. ഇതിനിടെ ബ്രോഡ് ആഷസിൽ 100 വിക്കറ്റുകൾ തികക്കുന്ന ഏഴാമത്തെ ബൗളർ എന്ന നേട്ടം കരസ്ഥമാക്കി.ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 10 റൺസ് എടുത്തിട്ടുണ്ട്