മാത്യൂസ് തിളങ്ങി: പരമ്പര തൂത്തുവാരി ശ്രീലങ്ക
തുടർച്ചയായ മൂന്നാം ഏകദിനത്തിലും ബംഗ്ലാദേശിനെ നിലം തൊടീച്ചില്ല ശ്രീലങ്ക. മൂന്നാമതെത്തും അവസാനത്തേതും ആയ ഏകദിനത്തിൽ ബംഗ്ലാദേശിനെ 122 റൺസിന് തോൽപിച്ച് ശ്രീലങ്ക പരമ്പര തൂത്തുവാരി. ശ്രീലങ്കയുടെ രണ്ടാം നിര ബൗളിംഗ് ആയിരുന്നിട്ട് കൂടി അവരുടെ കൃത്യതക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ ബംഗ്ലാദേശിനായില്ല.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കകക്ക് മാത്യൂസിന്റെ തകർപ്പൻ ബാറ്റിംഗ് ആണ് ഭേദപ്പെട്ട സ്കോറിലെത്താൻ സഹായിച്ചത്. മാത്യൂസ് 87 റൺസെടുത്ത് പുറത്തായി. കരുണരത്നെ (46), കുശാൽ പെരേര (42), കുശാൽ മെൻഡിസ് (54) എന്നിവർ മാത്യൂസിന് മികച്ച പിന്തുണ നൽകി. ഷാനക (14 പന്തിൽ 30) അവസാന നിമിഷം നടത്തിയ വെടിക്കെട്ടാണ് ശ്രീലങ്കക്ക് 294 എന്ന മികച്ച സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിൽ ആദ്യം മുതൽക്കേ തന്നെ അടിത്തറ നഷ്ടപ്പെട്ട പ്രകടനമായിരുന്നു ബംഗ്ലാദേശിന്റേത്. 69 റൺസെടുത്ത സൗമ്യ സർക്കാരും 39 റൺസെടുത്ത തൈജുൽ ഇസ്ലാമും ആണ് ബംഗ്ലാദേശിനിയി തിളങ്ങിയവർ. ഷാനക മൂന്നു വിക്കറ്റ് വീഴ്ത്തി. കളിയിലെ കേമനും പരമ്പരയിലെ താരവും മാത്യൂസ് തന്നെയാണ്.






































