കാനഡ ടി20 ലീഗ്: വെടിക്കെട്ട് ബാറ്റിങ്ങുമായി ക്രിസ് ലിന്‍
ഇന്നലെ നടന്ന കാനഡ ടി20 ലീഗിലെ ഏഴാംമത്സരത്തിൽ യുവരാജിന്റെ ടൊറന്റോ നാഷണല്‍സിനെതിരെ വിന്നിപെഗ് ഹോക്സിന് മൂന്ന് വിക്കറ്റ് ജയം. ഓസ്‌ട്രേലിയൻ താരം ക്രിസ് ലിന്നിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിലാണ് വിന്നിപെഗ് ഹോക്സ് വിജയം സ്വന്തമാക്കിയത്. ടോസ് നേടിയ വിന്നിപെഗ് ഹോക്സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ആദ്യ ബാറ്റ് ചെയ്ത ടൊറന്റോ നിശ്‌ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 216 റൺസ് നേടി. 217 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്നിപെഗ്മൂന്ന് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ടൊറന്റോ റോഡ്രിഗോ തോമസ്(65), പൊള്ളാർഡ്(52), യുവരാജ് സിംഗ്(45) എന്നിവരുടെ ബാറ്റിംഗ് മികവിൽ 216 റൺസ് നേടി. മികച്ച ബാറ്ററിങ് ആണ് ടൊറന്റോ കാഴ്ചവെച്ചത്. യുവരാജ് മികച്ച പ്രകടനം നടത്തി. 24 പന്തിൽ നിന്നാണ് യുവരാജ് 45 റൺസ് നേടിയത്. നാല് ബൗണ്ടറിയും, 2 സിക്‌സും അടങ്ങുന്നതായിരുന്നു യുവരാജിന്റെ ഇന്നിങ്‌സ്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോക്സ് ക്രിസ് ലിന്നിന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ വിജയം സ്വന്തമാക്കുകയായിരുന്നു. 48 പന്തില്‍ നിന്നാണ് താരം 89 റൺസ് നേടിയത്. രണ്ട് ഫോറും 10 സിക്സുമാണ് ക്രിസ് ലിൻ അടിച്ചുകൂട്ടിയത്. അവസാന പന്തിൽ ആണ് വിന്നിപെഗ് വിജയം സ്വന്തമാക്കിയത്. അൻവറും(43), സണ്ണിയും(53) ലിന്നിന് മികച്ച പിന്തുണ നൽകി.






































