Cricket legends Top News

കാൾ ഹൂപ്പർ – വിൻഡീസ് ടീമിന്റെ ഒരു കാലഘട്ടത്തിലെ നെടുംതൂൺ

July 29, 2019

author:

കാൾ ഹൂപ്പർ – വിൻഡീസ് ടീമിന്റെ ഒരു കാലഘട്ടത്തിലെ നെടുംതൂൺ

എന്തുകൊണ്ടോ,മികച്ച ആൾ റൗണ്ടർമാരുടെ പേര് പറയുമ്പോൾ അധികം പരാമർശിച്ചു കേട്ടിട്ടില്ലാത്ത പേരാണ് കാൾ ഹൂപ്പർ. 90 കളുടെ മധ്യഘട്ടത്തിൽ വാൽഷ്,ആംബ്രോസ്,ലാറ,ഹൂപ്പർ ആയിരുന്നു വിൻഡീസ് ടീം. ഇവരിൽ ഒരാളെങ്കിലും ഫോമാകാതെ അവർ ജയിച്ച കളികൾ വിരളം, അതിപ്പോ ടെസ്റ്റിലായാലും ഏകദിനത്തിലായാലും. വിൻഡീസ് മധ്യനിരയുടെ നെടുംതൂൺ ആയിരുന്നു ഹൂപ്പർ. മറക്കാനാകാത്ത ബാറ്റിംഗ്,ബൗളിംഗ് പ്രകടനങ്ങൾ ഹൂപ്പറുടെ കരിയറിൽ എത്ര വേണമെങ്കിലും ഉണ്ട്.

97 ലെ കാൾട്ടൻ യുണൈറ്റഡ് സീരീസിൽ ബ്രിസ്ബണിൽ ഓസ്സീസിനെതിരെ നേടിയ സെഞ്ച്വറി ബാറ്റിങ്ങിന്റെ സുന്ദരമായ കാഴ്ചയാണ്. അന്ന് ലാറയുടെ കൂടെ പടുത്തുയർത്തിയ കൂട്ടുകെട്ടിന് ഓസ്സീസ് ബൗളിങ്ങിന് മറുപടി ഇല്ലായിരുന്നു. ചന്ദർപാളുമായും ,ലാറയുമായും ഒക്കെ നിരവധി വിന്നിങ് കൂട്ടുകെട്ടുകളിൽ പങ്കാളിയാണ് ഹൂപ്പർ .

ഓഫ് സ്പിന്നറായ ഹൂപ്പർ,ബൗളർ എന്ന നിലയിലും വിജയമായിരുന്നു. ഏകദിനത്തിൽ 200 നടുത്തു വിക്കറ്റുള്ള ഹൂപ്പർ,ടെസ്റ്റിലും നൂറിലേറെ വിക്കറ്റ് നേടിയിട്ടുണ്ട് . നല്ലൊരു സ്ലിപ് ഫീൽഡർ കൂടി ആയിരുന്ന ഹൂപ്പർ നൂറിലേറെ കാച്ചുകളും 2 ഫോര്മാറ്റിലും നേടിയിട്ടുണ്ട് . അംബ്രോസിന്റെയും,വാൽഷിന്റെയുമൊക്കെ തീ തുപ്പുന്ന പന്തുകളിൽ വരുന്ന സ്ലിപ് കാച്ചുകൾ എടുക്കാൻ ഹൂപ്പർ കാണിച്ച റിഫ്ലെക്സ്‌ അനുപമം എന്നേ പറയേണ്ടൂ .

ഏകദിനത്തിലും,ടെസ്റ്റിലും 5000 റൺസും,100 വിക്കറ്റും,100 കാച്ചുകളും നേടിയ ആദ്യ ക്രിക്കറ്റർ ആണ് അദ്ദേഹം . സൗത്താഫ്രിക്കയുടെ കാലിസ് മാത്രമാണ് പിന്നീട് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. “പാദങ്ങളുടെ ദ്രുത ചലനം,ഒരേ സമയം സുന്ദരവും,എന്നാൽ ക്രൂരവുമായ സ്ട്രോക്ക് പ്ലേയുടെ ഉടമ “എന്നാണ് സാക്ഷാൽ സ്റ്റീവ് വോ ഹൂപ്പർ വിശേഷിപ്പിച്ചത്. വിൻഡീസ് ഗാരി സോബേഴ്‌സിന് ശേഷം ജന്മം കൊടുത്ത ഈ ആൾ റൗണ്ടർ, കളിക്കളത്തിൽ അടിമുടി മാന്യൻ ആയിരുന്നു  .

വിരമിച്ചതിനു ശേഷം,കോച്ചിങ് രംഗത്തേക്ക് കടന്ന ഹൂപ്പർ വിൻഡീസിലും, ഓസ്സീസിലും ഒക്കെ പ്രാദേശിക ടീമുകളുടെ കോച്ചായിരുന്നു. I P L എന്ന ഐഡിയയെ എതിർത്തവരിൽ പ്രധാനി ആയിരുന്നു ഹൂപ്പർ. ലോക ക്രിക്കറ്റിന് തന്നെ ഭീഷണി ആണ് I P L എന്ന് പറഞ്ഞു കളഞ്ഞു അദ്ദേഹം.

Leave a comment