ലോക ടെസ്റ്റ് ചാംപ്യൻഷിപ് : അറിയേണ്ടതെല്ലാം
ക്രിക്കറ്റ് പ്രേമികൾ ഏറെ നാളുകളായി കാത്തിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഓഗസ്റ്റ് ഒന്നാം തിയതി തുടങ്ങുന്ന ആഷസ് പാരമ്പരയോടെ കൊടികയറും. രണ്ടു വർഷം നീണ്ടു നിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ 9 ടീമുകൾ ഏറ്റുമുട്ടും. ക്രിക്കറ്റ് പ്രേമികളുടെ ഇടയിൽ ടെസ്റ്റ് ക്രിക്കറ്റിനുള്ള പ്രാധാന്യം കുറയുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ചാംപ്യൻഷിപ്പുമായി ഐ സി സി രംഗത്തെത്തിയത്.
എന്താണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്?
2018 മാർച്ച് 31 വരെയുള്ള ഐ സി സി റാങ്കിങ് പ്രകാരം ആദ്യ 9 സ്ഥാനങ്ങളിൽ ഉള്ള ടീമുകൾ ആണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. ഓഗസ്റ്റ് 1 നു തുടങ്ങുന്ന ആഷസ് പരമ്പരയിൽ ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിന് 2021 ജൂണിൽ നടക്കുന്ന കലാശപ്പോരാട്ടത്തോടെ അവസാനമാകും. ഒരു ടീമിന് 3 ഹോം പരമ്പരകളും 3 എവേയ് പരമ്പരകളും അടക്കം 6 പരമ്പരകൾ ആണുണ്ടാവുക. ഒരു പരമ്പരയിൽ എത്ര ടെസ്റ്റുകൾ വേണമെന്നുള്ളത് അതാത് ടീമുകളുടെ ക്രിക്കറ്റ് ബോർഡുകൾക്ക് തീരുമാനിക്കാം. പരമ്പരയിലെ ടെസ്റ്റുകളുടെ എണ്ണം രണ്ടിൽ കുറയാനോ അഞ്ചിൽ കൂടാനോ പാടില്ല. പരമ്പരയിലെ ടെസ്റ്റുകളുടെ എണ്ണം അനുസരിച്ചായിരിക്കും പോയിന്റുകൾ നിർണയിക്കപ്പെടുക.
പോയിന്റ് വിതരണം എങ്ങനെ?
ഒരു പരമ്പരയിൽ ഒരു ടീമിനു ആകെ ലഭിക്കാവുന്ന പോയിന്റ് മാക്സിമം 120 ആണ്. ണ്ടു ടെസ്റ്റുള്ള പരമ്പരയാണെങ്കിൽ ഒരു വിജയത്തിന്, 60 പോയിന്റ് ടൈ ആവുകയാണെങ്കിൽ 30 പോയിന്റ്, സമനിലക്ക് 20 പോയിന്റ് എന്ന ക്രമത്തിലായിരിക്കും പോയിന്റുകൾ നിർണയിക്കപ്പെടുക. പരമ്പരയിൽ ടെസ്റ്റുകളുടെ എണ്ണം കൂടുന്നതനുസരിച്ച് പോയിന്റ് കുറയുകയും ചെയ്യും. വിശദമായ പോയിന്റ് പട്ടിക താഴെ കൊടുക്കുന്നു.
ഇന്ത്യയുടെ എതിരാളികൾ ആരൊക്കെ?
വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം നടക്കുന്ന രണ്ടു മത്‌സര പാരമ്പരയോടെ ഇന്ത്യ ചാമ്പ്യൻഷിപ്പിന് തുടക്കമിടും. വെസ്റ്റ് ഇൻഡീസിനും ഓസ്‌ട്രേലിയക്കും ന്യൂസിലണ്ടിനും എതിരെയാണ് ഇന്ത്യയുടെ എവേയ് പരമ്പരകൾ. ഇംഗ്ലണ്ടും ബംഗ്ലദേശും സൗത്ത് ആഫ്രിക്കയുമാണ് ഇന്ത്യയുടെ ഹോം എതിരാളികൾ. വെസ്റ്റ് ഇൻഡീസ് സൗത്ത് ആഫ്രിക്ക ബംഗ്ലാദേശ് എന്നിവർക്കെതിരെ 2019 ലും ന്യൂസിലണ്ടിനെതിരെ 2020 ലും ഓസ്‌ട്രേലിയ ഇംഗ്ലണ്ട് ടീമുകൾക്കെതിരെ 2021 ലും ആയിരിക്കും ഇന്ത്യയുടെ മത്സരങ്ങൾ.
ചാമ്പ്യൻഷിപ്പിന്റെ പരിവേഷവും ഒരു കപ്പിനായുള്ള പോരാട്ടവും പോയിന്റുപട്ടികയിലെ പോയിന്റുകളുടെ ഏറ്റക്കുറച്ചിലുകളും എല്ലാം ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതൽ ക്രിക്കറ്റ് പ്രേമികളിലേക്ക് എത്തിക്കും എന്ന് പ്രതീക്ഷിക്കാം. ട്വന്റി ട്വന്റി യും മറ്റു പരിമിത ഓവർ മത്സരങ്ങളും ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യത്തെ കുറച്ചൊന്നുമല്ല ബാധിച്ചിരുന്നത്. കണ്ണഞ്ചപ്പിക്കുന്ന സിക്സറുകളും പടുകൂറ്റൻ റൺ നിരക്കുകളും ആവേശം നിറക്കുന്ന ലിസ്റ് ഓവർ ഫിനിഷുകളും കണ്ടു വളർന്ന പുതിയ തലമുറ, സുനിൽ ഗവാസ്കറിന്റെ മെല്ലെപ്പോക്കിനെയും രാഹുൽ ദ്രാവിഡ് എന്ന വന്മതിലിനെയും ബ്രയാൻ ലാറ എന്ന പ്രതിഭ ശാലിയെയും ലക്ഷ്മൺ എന്ന ബാറ്റിംഗ് സൗന്ദര്യത്തെയും സച്ചിന്റെ എണ്ണം പറഞ്ഞ സെഞ്ചുറികളും ഒന്നും ഓർത്തിരിക്കാൻ സാധ്യതയില്ല. അന്യം നിന്ന് പോകാമായിരുന്ന ടെസ്റ്റ് ക്രിക്കറ്റ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ വരവോടെ വീണ്ടും ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ആവേശമാകും എന്ന് പ്രത്യാശിക്കാം.