Cricket Epic matches and incidents Top News

ആർ.പി. സിങ്ങ് – സുന്ദരമായ ആക്ഷൻ കൊണ്ട് വിഷ്വൽ ട്രീറ്റ് ഒരുക്കിയവൻ

July 29, 2019

author:

ആർ.പി. സിങ്ങ് – സുന്ദരമായ ആക്ഷൻ കൊണ്ട് വിഷ്വൽ ട്രീറ്റ് ഒരുക്കിയവൻ

ഇന്ത്യയിലെ മികച്ച ഇടങ്കൈയൻ ബൗളർമാരുടെ പേര് പറയാൻ ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങളുടെ മനസ്സിൽ ആരൊക്കെ കടന്നു വരും? വിനു മങ്കാദ്, ബിഷാൻ സിങ്ങ് ബേഡി, സഹീർ ഖാൻ, ഇർഫാൻ പത്താൻ, ആശിഷ് നെഹ്‌റ?
ഇവർ മാത്രം?
രുദ്ര പ്രതാപ് സിങ്ങിനെ (ആർ.പി. സിങ്ങ്) ഇത്ര പെട്ടെന്ന് മറന്നോ?

ഇടത് കൈ ഫാസ്റ്റ് ബൗളിംഗ് ഏതൊരു ടീമിന്റെയും ആവനാഴിയിലെ പ്രധാന ആയുധമാണ്. ക്രീസിലേക്ക് ഒഴുക്കോടെ ഓടി വന്ന് ഇടം കൈ പേസർമാർ പന്ത് റിലീസ് ചെയ്യുന്നത് ശരിക്കും ഒരു വിഷ്വൽ ട്രീറ്റാണ്. ആർ‌പി സിങ്ങിന്റെ കാര്യവും അങ്ങനെതന്നെയായിരുന്നു. സഹീർ ഖാന്റെ പിൻഗാമിയായിട്ടാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടതെന്ന് ക്രിക്കറ്റ് ആരാധകർക്ക് ഉറച്ചു പറയാൻ കഴിയും. ഇന്ത്യയുടെ 2007 ലെ ലോക T20 വിജയത്തിൽ മുഖ്യപങ്ക് വഹിച്ച കളിക്കാരനാണ് RPസിങ്ങ്.

സുരേഷ് റെയ്‌ന, മുഹമ്മദ് കൈഫ് തുടങ്ങിയ മികച്ച കളിക്കാരെ വാർത്തെടുത്ത ലക്നൗ സ്‌പോർട്‌സ് ഹോസ്റ്റലിന്റെ ഉൽപ്പന്നമാണ് ആർ‌.പി.സിങ്ങ്. 2004 ൽ ബംഗ്ലാദേശിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ 24.75 ശരാശരിയിൽ 8 വിക്കറ്റുകൾ നേടി രുദ്ര സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചു പറ്റി.. മികച്ച ഫോം തുടർന്ന അദ്ദേഹം അതേ വർഷം രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനായി 6 കളി കളിൽ നിന്നും 34 വിക്കറ്റ് കൊയ്തു.

2005 സെപ്റ്റംബറിൽ സിംബാബ്‌വെയ്ക്കെതിരായ ഏകദിനത്തിൽ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ച RPസിങ്ങ് ആ മത്സരത്തിൽ രണ്ട് വിക്കറ്റ് സ്വന്തം പേരിൽ കുറിച്ചു. അടുത്ത സീരീസിൽ ശ്രീലങ്കയ്‌ക്കെതിരായ മാച്ചിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ പ്രകടനം അദ്ദേഹത്തിന് ആദ്യ മാൻ ഓഫ് ദ മാച്ച് അവാർഡ് നേടി കൊടുത്തു. 2006 മെയ് മാസത്തിൽ വെസ്റ്റ് ഇൻഡീസിന്റെ ആദ്യ മത്സരത്തിന് ശേഷം ഫോം നഷ്ടമായതിനെ തുടർന്ന് കുറച്ച് ഏകദിനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആർ‌പി സിങ്ങിനെ നിർബന്ധിതനാക്കി. 2007 ൽ അദ്ദേഹം ശക്തമായി തിരിച്ചെത്തി. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലുൾപ്പെട്ട രുദ്ര ലോർഡ്‌സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പത്താമത്തെ ഇന്ത്യൻ ബൗളറായി. 2006 ജനുവരിയിൽ പാകിസ്ഥാനെതിരെ അദ്ദേഹം ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. 2011 ഓഗസ്റ്റിലെ ഇംഗ്ലണ്ട് പര്യടനത്തിലും ആർ‌പി സിങ്ങിനെ തെരഞ്ഞെടുത്തിരുന്നെങ്കിലുംആത്യന്തികമായി മതിപ്പുളവാക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു.

2007 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ഐസിസി ട്വന്റി -20 ലോകകപ്പ് ഇന്ത്യ നേടിയതിൽ ആർ‌പി സിംഗ് പ്രധാന പങ്കുവഹിച്ചു. 12.67 ശരാശരിയിൽ 12 വിക്കറ്റുകൾ വീഴ്ത്തിയ RP യുടെ ബൗളിഗ് ഇക്കോണമി 6.33 ആയിരുന്നു. അതിശയകരമെന്നു പറയട്ടെ, അദ്ദേഹം അതിനുശേഷം വെറും മൂന്ന് ടി 20 അന്താരാഷ്ട്ര മത്സരങ്ങളിൽ കൂടി മാത്രമേ ഇന്ത്യൻ ജേഴ്സി അണിഞ്ഞുള്ളൂ.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) ആദ്യ സീസണിൽ ആർ‌പി സിംഗിനെ ഡെക്കാൻ ചാർജേഴ്സ് സൈൻ അപ്പ് ചെയ്തു. ഇംഗ്ലണ്ടിലെ ഏകദിനങ്ങളിൽ കാഴ്ചവെച്ച മാരക ഫോം തുടർന്ന RP ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച ഐ‌പി‌എല്ലിന്റെ രണ്ടാം സീസണിൽ ട്രോഫി നേടാൻ ടീമിനെ സഹായിച്ചു. 16 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ നേടിയ അദ്ദേഹം ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കളിക്കാരനുള്ള പർപ്പിൾ തൊപ്പി നേടി. 2011 ൽ നമ്മുടെ സ്വന്തം കൊച്ചി ടസ്‌കേഴ്‌സ് കേരള 4,75,000 ഡോളറിന് RP യെ സ്വന്തമാക്കി. പിന്നീട് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും മുംബൈ ഇന്ത്യൻസിനെയും ഈ ഇടംകൈയൻ പേസർ പ്രതിനിധീകരിച്ചുവെങ്കിലും പ്രകടനം ശരാശരിയിൽ താഴെയായിരുന്നു.

സ്റ്റോക്ക് ഡെലിവറി സ്പെഷലിസ്റ്റായിരുന്നു RP സിങ്ങ്. ഒരു സ്പിൻ ബൗളർക്ക് സമാനമായതും അതേ സമയം വേഗതയുള്ളതുമായ, ഒരു ഫാസ്റ്റ് ബൗളർ എറിയുന്ന ലെഗ്ബ്രേക്ക് / ഓഫ് ബ്രേക്ക് ഡെലിവറിയാണ് സ്റ്റോക്ക് ഡെലിവറി. വലം കൈയ് ബാറ്റ്സ്മാൻമാർക്ക് മുമ്പിൽ പിച്ച് ചെയ്ത ശേഷം വൈകി ദിശ മാറി നീങ്ങി അവരെ ബുദ്ധിമുട്ടിലാക്കിയിരുന്നവയായിരുന്നു ആർ.പി.സിങ്ങിന്റെ സ്റ്റോക്ക് ഡെലിവറികൾ. ആർ‌പി അക്കാലത്തെ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായിരുന്നു എന്ന് പറയാം. അദ്ദേഹത്തിന്റെ ഇഞ്ച് പെർഫക്ട് യോർക്കറുകൾ ഒരു യഥാർത്ഥ ദൃശ്യ വിരുന്നായിരുന്നു. ചില ദിവസങ്ങളിൽ ആർ‌പിക്ക് വിക്കറ്റ് കുറവായിരിക്കുമെങ്കിലും ബാറ്റ്സ്മാന് മേൽ സമ്മർദ്ദം ചെലുത്തുന്നതിൽ അദ്ദേഹത്തിനു പ്രത്യേക കഴിവുണ്ടായിരുന്നു.

ആർ‌പി സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ്. വിരമിച്ച ശേഷം അദ്ദേഹം ടെലിവിഷൻ കമന്റേറ്ററായി പുതിയ ഇന്നിംഗ്സിനു തുടക്കമിട്ടു. നിലവിൽ സ്റ്റാർ സ്പോർട്സ് കമന്ററി ടീമിൽ അംഗമാണ് രുദ്ര.


 ഷാനവാസ്.ജെ.എം

Leave a comment