ദേബാശിഷ് മൊഹന്തി – “ദി ഒഡീഷ എക്സ്പ്രസ്സ്”
1997ലെ സഹാറ കപ്പിൽ ദേബാശിഷ് മൊഹന്തിയുടെ സ്വിങ്ങ് ബൗളിങ്ങിനു മുന്നിൽ പാകിസ്ഥാൻ ബാറ്റ്സ്മാൻ ശരിക്കും വെള്ളം കുടിച്ചു. സെയ്ദ് അൻവർ പലതവണ മൊഹന്തിയുടെ ബൗളിങ്ങിൽ വീണു .
മൊഹന്തിയുടെ ബൗളിംഗ് ശൈലി കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയുണ്ട്. റൺ അപ്പ് കഴിഞ്ഞു ചെറിയ ഒരു ജമ്പ്, അതിനൊപ്പം നെഞ്ച് വിരിച്ചു കൈകൾ മുകളിലേക്ക് ഉയർത്തി ഒരു വല്ലാത്ത ആക്ഷൻ. പന്ത് ഇരു ദിശയിലേക്കും നന്നായി സ്വിങ് ചെയ്യിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു . ഈ കഴിവ് അദ്ദേഹത്തിന് ഇംഗ്ലണ്ടിൽ നടന്ന 1999 ലോകകപ്പ് ടീമിൽ ഇടം നേടിക്കൊടുത്തു . ആദ്യത്തെ 21 ആംഗ സാധ്യത ലിസ്റ്റ് വന്നപ്പോൾ ദേബാശിഷ് മൊഹന്തിയുടെ പേര് ഉണ്ടായിരുന്നില്ല . പക്ഷേ അവസാന 17 അംഗ പട്ടിക വന്നപ്പോൾ മൊഹന്തിയും ടീമിൽ ഇടം പിടിച്ചു . ആ ലോകകപ്പിൽ മൊഹന്തി ഇന്ത്യയുടെ സ്ട്രൈക്ക് ബൗളർ ആയി മാറി . കെനിയക്കെതിരായ ബ്രിസ്റ്റോൾ ഏകദിനത്തിൽ 56 റൺസ് വിട്ടുകൊടുത്ത് 4 വിക്കറ്റ് നേടിയതാണ് അദ്ദേഹത്തിന്റെ മികച്ച ബൗളിംഗ് പ്രകടനം . ആ ലോകകപ്പിൽ ഇന്ത്യക്കു വേണ്ടി മൊഹന്തി പത്തു വിക്കറ്റുകൾ വീഴ്ത്തി.
1999 ൽ LG കപ്പിൽ ലാൻസ് ക്ലൂസ്‌നറെ ഗോൾഡൻ ഡക്ക് ആക്കിയ ബോൾ ആരാധകർ ഒരിക്കലും മറക്കില്ല. ക്ലൂസ്‌നർ ഫോമിന്റെ കൊടുമുടിയിൽ നിൽക്കുന്ന സമയത്താണ് ഇത് . മിഡിൽ ആൻഡ് ലെഗിൽ പിച്ച് ചെയ്ത ബോൾ സ്വിങ് ചെയ്ത് മിഡിൽ സ്റ്റമ്പ് പിഴുതെറിഞ്ഞത് അതിമനോഹരമായിട്ടാണ്.
ക്രിക്കറ്റിനു അധികം വേരോട്ടം ഇല്ലാത്ത ഒറീസയിൽ നിന്നാണ് ദേബാശിഷ് മൊഹന്തിയുടെ വരവ്. . വിക്കറ്റ് എടുക്കുമ്പോഴും റൺസ് വിട്ടുകൊടുക്കുന്നതിൽ അദ്ദേഹം പിശുക്കു കാണിച്ചില്ല . വേൾഡ് കപ്പിന് ശേഷം അദ്ദേഹം ടീമിൽ വന്നും പോയും നിന്നു. പിന്നീട് ഇന്ത്യൻ ടീമിൽ വന്ന സഹീർ ഖാൻ , നെഹ്റ , അജിത് അഗാർക്കർ എന്നീ താരങ്ങളുമായി അദ്ദേഹത്തിന് മത്സരിക്കേണ്ടി വന്നു . 2001 ശ്രീലങ്കതിരെയാണ് അവസാനമായി കളിച്ചത് .
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ഏഴ് വർഷത്തോളം അദ്ദേഹം ഒറീസ ടീമിന്റെ കോച്ച് ആയിരുന്നു . പിന്നീട് ഈസ്റ്റ് സോൺ ടീമിന്റ കോച്ച് ആയി . ഈസ്റ്റ് സോൺ ആദ്യമായി ദുലീപ് ട്രോഫി കരസ്ഥമാക്കിയത് മൊഹന്തി കോച്ച് ആയിരുന്നപ്പോൾ ആയിരുന്നു.