ആമിർ സൊഹൈൽ – ഇതുപോലൊരു ഓപ്പണിങ് ബാറ്സ്മാനെ പിന്നീട് പാക്കിസ്ഥാൻ സമ്പാദിച്ചിട്ടില്ല
പാകിസ്‌ഥാന്റെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡി ആമിർ സൊഹൈൽ -സയീദ് അൻവർ ആണെന്നതിന് അവരുടെ കളി കണ്ട ആർക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാകാൻ വഴിയില്ല. രണ്ടു പേരും ഇടങ്കയ്യന്മാർ, മികച്ച സ്ട്രോക്ക് പ്ലെയേഴ്‌സ്, പക്ഷെ തന്റേതായ ദിവസം കൂട്ടത്തിൽ സൊഹൈൽ ആയിരുന്നു കൂടുതൽ അപകടകാരി.
92 ലോകകപ്പിൽ കൂടുതൽ ഓർക്കപ്പെടുന്ന പാകിസ്ഥാൻ താരങ്ങൾ ഇൻസമാമും,ഇമ്രാൻ ഖാനും ഒക്കെ ആണെങ്കിലും സൊഹൈലിന്റെ കൂടി ലോകകപ്പായിരുന്നു അത്. ഹൊബാർട്ടിൽ സിംബാംബ്‌വെക്കെതിരെ നേടിയ സെഞ്ച്വറി അദ്ദേഹത്തിന്റെ പ്രതിഭയുടെ അടയാളമാണ്. 96 ലെ ലോകകപ്പിൽ സൊഹൈൽ കുറച്ചൂടെ അപകടകാരിയായി. ക്വാർട്ടറിൽ ജഡേജയുടെ മികവിൽ 287 അടിച്ചുകൂട്ടിയ ഇന്ത്യക്കെതിരെ സ്വപ്നതുല്യമായ തുടക്കമാണ് അൻവറും ,സൊഹൈലും നൽകിയത്. ഫോമിന്റെ പീക്കിൽ നിക്കുമ്പോൾ വെങ്കടേശ് പ്രസാദുമായി ഉണ്ടായ ഉടക്ക്, ക്രിക്കറ്റ് റൈവൽറിയിലെ പ്രസിദ്ധമായ സംഭവമാണ്.
ഉജ്ജ്വല ഫോമിൽ കളിക്കുമ്പോൾ പ്രസാദിന്റെ പന്ത് കവറിലേക്കു പായിച്ച സൊഹൈൽ പ്രസാദിന് നേരെ ബൗണ്ടറിയിലേക്കു കൈചൂണ്ടി നടന്നടുക്കുകയായിരുന്നു . അടുത്ത പന്തും ബൗണ്ടറിയിലേക്കു പായിക്കും എന്ന താക്കീതോടെ. എന്നാൽ അടുത്ത ബൗളിൽ സൊഹൈലിന്റെ ഓഫ് സ്റ്റമ്പ് പിഴുതു കളഞ്ഞ പ്രസാദ്,സൊഹൈലിന് പവലിയനിലേക്കുള്ള വഴി ചൂണ്ടി കാണിച്ചു കൊടുത്തത് അന്നത്തെ ഹിറ്റ് സംഭവമായിരുന്നു. ശ്കതമായ നിലയിൽ നിക്കുകയായിരുന്ന പാകിസ്താന്റെ തകർച്ച അവിടെ തുടങ്ങുകയായിരുന്നു .
2000 ൽ ലോകക്രിക്കറ്റിനെ തന്നെ പിടിച്ചു കുലുക്കിയ കോഴവിവാദത്തിൽ സൊഹൈലിന്റെ പേരും പരാമർശിക്കപ്പെട്ടു. പിന്നീട് അന്താരാഷ്ട്രക്രിക്കറ്റിൽ നിന്ന് വിരമിച്ച സൊഹൈൽ 2001 ൽ പാകിസ്ഥാൻ ടീമിന്റെ ചീഫ് സെലെക്ടർ ആയി . ഐ സി സി ക്രിക്കറ്റ് കമൻറെറ്ററി പാനലിൽ അംഗമായ സൊഹൈൽ 2004 ൽ പിന്നെയും ദേശീയ ടീമിന്റെ ചീഫ് സെലെക്ടർ ആയി നിയമിതനായി.
ഇക്കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ പാകിസ്ഥാൻ കോഴ കൊടുത്താണ് സെമിയിൽ ജയിച്ചതെന്ന രീതിയിൽ ഒരു വിവാദ പ്രസ്താവനയും സൊഹൈൽ ഇറക്കിയിരുന്നു.