നാല് ഗോളും ഒരു ചുവപ്പ് കാർഡും – കോസ്റ്റ തന്റെ തനി സ്വരൂപം പുറത്തെടുത്തപ്പോൾ മാഡ്രിഡ് ഡെർബിയിൽ മറുപടി ഇല്ലാതെ റയൽ
2019-20 സീസണിൽ തങ്ങൾ എങ്ങനെയായിരിക്കും എന്ന് ഉറക്കെ പ്രഖ്യാപിച്ചു അത്ലറ്റികോ മാഡ്രിഡ്. അമേരിക്കയിൽ നടന്ന പ്രീ സീസൺ മത്സരത്തിൽ ബദ്ധ വൈരികളായ റയൽ മാഡ്രിഡിനെ മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് പരാജയപ്പെടുത്തി റയലിനും ബാഴ്സയ്ക്കും അവർ മുന്നറിയിപ്പും നൽകി. ഒട്ടനവധി പുതിയ താരങ്ങളെ സിമയോണി ടീമിൽ എത്തിച്ചെങ്കിലും പഴയ പടകുതിരയായ ഡിയേഗോ കോസ്റ്റയെ മറികടക്കാൻ ഒരു പ്രതിഭ തത്കാലം അത്ലറ്റികോയിൽ ഇല്ല എന്നും ഈ മത്സരത്തിൽ തെളിഞ്ഞു. 125 മില്യൺ യൂറോ കൊടുത്തു സ്വന്തമാക്കിയ ജോവാ ഫെലിക്സ് ഈ മത്സരത്തിൽ വലചലിപ്പിച്ചതും സിമയോണിയുടെ ആൽമവിശ്വാസം കൂട്ടും.
ആദ്യ പകുതി അവസാനിച്ചപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അത്ലറ്റിക്കോ ലീഡ് ചെയ്തത്. കോസ്റ്റ തന്റെ ഹാറ്റ് ട്രിക്കും പൂർത്തിയാക്കിയിരുന്നു. ഫെലിക്സും കൊറയുമാണ് ആദ്യ പകുതിയിൽ വല ചലിപ്പിച്ച മറ്റു താരങ്ങൾ. രണ്ടാം പകുതിയിലും കോസ്റ്റയുടെ ഗോൾ പിറന്നു. 65 ആം മിനുട്ടിൽ കോസ്റ്റയും ഡാനി കാർവഹളും തമ്മിൽ ഗ്രൗണ്ടിൽ പൊരിഞ്ഞ യുദ്ധം തന്നെ നടന്നു. ഇരുവരും റെഡ് കാർഡ് കണ്ടു പുറത്തേക്കു. എഴുപതാമത്തെ മിനുട്ടിൽ വിറ്റോലോയും കൂടി വലചലിപ്പിച്ചപ്പോൾ ഏഴു ഗോളുകൾ അവർ പൂർത്തിയാക്കി. റയലിന് വേണ്ടി നാച്ചോ[59′], ബെൻസിമ[85′], കരേറെ[89′] എന്നിവർ വലചലിപ്പിച്ചു.