അവസാന ഏകദിന മത്സരത്തിൽ മൂന്ന് വിക്കറ്റും,ജയവും സ്വന്തമാക്കി മലിംഗ
കൊളംബോ: അവസാന ഏകദിനമത്സരത്തിന് ഇറങ്ങിയ മലിംഗക്ക് വിജയത്തോടെ മടക്കം. .ഇന്ന് നടന്ന ആദ്യ ഏകദിന മത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനെ 91 റൺസിന് തോൽപ്പിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത അമ്പത് ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 314 റൺസ് നേടി. കുസാൽ പെരേര സെഞ്ചുറി നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഇന്നിങ്‌സ് 41.4 ഓവറിൽ 223 റൺസിന് അവസാനിച്ചു. ബംഗ്ലാദേശിന് വേണ്ടി മുഷ്ഫിക്കുര്‍ റഹിമും(69), സബ്ബീര്‍ റഹ്മാനും(60) മികച്ച ബാറ്റിംഗ് ആണ് നടത്തിയത്. നാലിന് 39 എന്ന നിലയിൽ പതറിയ ബംഗ്ലാദേശിനെ ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 111 റൺസ് ആണ് അടിച്ചുകൂട്ടിയത്. എന്നാൽ ബംഗ്ലാദേശ് നിരയിൽ മറ്റാർക്കും തിളങ്ങാൻ ആയില്ല.
പത്ത് റൺസിന് ആദ്യ വിക്കറ്റ് ശ്രീലങ്കയ്ക്ക് നഷ്ടമായി. എന്നാൽ പിന്നീട് അവർ മികച്ച പ്രകടനമാണ് നടത്തിയത്. കുസാൽ പെരേര(111) കുസാൽ മെൻഡിസ് (43), ഏഞ്ചലോ മാത്യൂസ്(48) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ശ്രീലങ്ക 314 റൺസ് നേടിയത്.ബംഗ്ലാദേശ് താരം ഷാഫിയുൽ ഇസ്ലാം മൂന്ന് വിക്കറ്റ് നേടി. അവസാന മൽസരത്തിൽ മലിംഗ മികച്ച പ്രകടനമാണ് നടത്തിയത്. ബംഗ്ലാദേശിന്റെ ഓപ്പണർമാരെ മലിംഗ ആണ് പുറത്താക്കിയത്. തന്റെ ഏകദിന മത്സരത്തിലെ അവസാന ഓവറിൽ ബംഗ്ളദേശിൻറെ പത്താം വിക്കറ്റ് നേടിയാണ് ശ്രീലങ്കൻ പേസ് ബൗളർ മൈതാനത്തുനിന്ന് വിടവാങ്ങിയത്. ഇന്ന് മൂന്ന് വിക്കറ്റ് കൂടി നേടിയതോടെ 338 വിക്കറ്റ് ആണ് മലിംഗ തന്റെ ഏകദിന കരിയറിൽ സ്വന്തമാക്കിയത്.
സ്‌കോർ:
ശ്രീലങ്ക: 314-8 (50)
ബംഗ്ലാദേശ്: 223-10 (41.4)