‘സലാം’…. സ്ലിങ്ർ മലിംഗ…!!
1983.
ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും മറക്കാത്ത വർഷം. ഇന്ത്യ ലോഡ്സിന്റെ മണ്ണിൽ ലോക കിരീടം ഉയർത്തി ലോകത്തിന്റെ നെറുകയിൽ നിന്ന അതേ വർഷം സമീപ രാജ്യമായ ശ്രീലങ്കയിൽ ലങ്കൻ ക്രിക്കറ്റിന്റെ ജാതകം മാറ്റിയെഴുതാൻ ഒരുങ്ങി ഒരു താരവും പിറന്നിരുന്നു.
വേഗവും കൃത്യതയും കൊണ്ട് ബാറ്റ്സ്മാൻമാരുടെ പേടിസ്വപ്നമായി മാറിയ ലസിത് മലിംഗ.
മുത്തയ്യ മുരളീധരനും ചാമിന്ദ വാസും വാണ ശ്രീലങ്കൻ ബൗളർമാർക്കിടയിൽ നിശബ്ദനായി എത്തി നേട്ടങ്ങൾ ഒന്നൊഴിയാതെ കൈപ്പിടിയിൽ ആക്കിയ ലസിത് മലിംഗ ഇന്ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരത്തോടെ ഏകദിന കുപ്പായം അഴിക്കുകയാണ്. 2011ൽ ടെസ്റ്റിൽ നിന്നും വിരമിച്ച മലിംഗ ഇനി T20 യിൽ മാത്രം കളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
2004ൽ ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ ദേശീയ ടീമിനായി അരങ്ങേറിയ മലിംഗ ഇന്ത്യക്കാർക്കും പ്രിയപ്പെട്ടവനാണ്. ഐപിഎൽ മത്സരത്തിൽ നീണ്ട 10 വർഷക്കാലം മുംബൈ ഇന്ത്യൻസിന്റെ നെടുംതൂണായിരുന്ന മലിംഗ കിരീട നേട്ടങ്ങൾക്കു പുറമെ പർപ്പിൾ ക്യാപ് ഉൾപ്പെടെയുള്ള വ്യക്തിഗത നേട്ടങ്ങളും കൈപ്പിടിയിൽ ആക്കിയിട്ടുണ്ട്.
ഓരോ തവണയും എറിയുന്നതിനു മുൻപ് ബോളിൽ ചുംബിക്കുന്ന മലിംഗ 140 – 145 കിലോമീറ്റർ വേഗത്തിൽ തൊടുക്കുന്ന പന്തുകളെ നേരിടാൻ കഴിയാതെ ബാറ്റ്സ്മാൻമാർ മടങ്ങുന്ന കാഴ്ച കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ഥിരം അനുഭവമാണ്. ആകർഷകമായ ഹെയർ സ്റ്റൈൽ, ടാറ്റൂ, സ്റ്റേഡ്, ആം ബാൻഡ്, വട്ടത്തൊപ്പി ഇങ്ങനെ ഗ്രൗണ്ടിൽ മലിംഗയെ വ്യത്യസ്ഥനാക്കുന്ന പല സംഭവങ്ങളുണ്ട്. എന്നാൽ വേറിട്ട ബോളിങ് ആക്ഷനും ഡെത്ത് ഓവറുകളിൽ ഉൾപ്പെടെ തുടർച്ചയായി പിഴയ്ക്കാത്ത യോർക്കറുകൾ എറിയാൻ കഴിയുന്നതുമാണ് മലിംഗയെ ഇതിഹാസ നിരയിൽ ഉയർത്തുന്നത്. ഈ പ്രത്യേകതകളാണ് സ്ലിങ്ങർ മലിംഗ എന്ന വിളിപ്പേരിന് കാരണമായത്.
ടെസ്റ്റിൽ മൂന്നും ഏകദിനത്തിൽ അഞ്ചും തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മലിംഗ ലോകകപ്പിൽ 50 വിക്കറ്റ് തികച്ച നാലാമത്തെ താരവുമാണ്. ഉയർന്ന വിക്കറ്റ് വേട്ടയിൽ ശ്രീലങ്കൻ താരങ്ങളിൽ മൂന്നാമനാണ് മലിംഗ. 2007ലും 2011ലും ലോകകപ്പിൽ ഹാട്രിക് നേടി. 2 ലോകകപ്പുകളിലും 2 Tട്വന്റിയിലും ശ്രീലങ്കയ്ക്കായി ഫൈനൽ കളിച്ചു. 2014ൽ ഇന്ത്യയെ പരാജയപ്പെടുത്തി T20 ജേതാക്കളായപ്പോൾ മലിംഗ ആയിരുന്നു ക്യാപ്റ്റൻ. ഫാസ്റ്റ് ബൗളറായ മലിംഗ 2017ൽ പ്രാദേശിക മത്സരത്തിൽ ഓഫ് സ്പിൻ എറിഞ്ഞ് 3 വിക്കറ്റ് നേടിയതും വാർത്ത ആയിരുന്നു.
2019 ലോകകപ്പിൽ മലിംഗയെ ടീമിൽ എടുത്തതിനെച്ചൊല്ലിയും വിവാദം ഉണ്ടായിരുന്നു. പരുക്കും പ്രായക്കൂടുതലും കാരണം മലിംഗ ടീമിന് ബാധ്യതയാകുമെന്ന് ഷർട്ടിടാതെ നിൽക്കുന്ന മലിംഗയുടെ ചിത്രം പ്രചരിപ്പിച്ചാണ് വിമർശനം ഉണ്ടായത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ തുടർച്ചയായി 4 പന്തുകളിൽ വിക്കറ്റ് വീഴ്ത്തിയാണ് മലിംഗ വിമർശകർക്ക് മറുപടി നൽകിയത്. ഇതും ലോകകപ്പിലെ റെക്കോഡാണ്. പ്രായം തളർത്താത്ത പോരാളി 13 വിക്കറ്റാണ് ഈ ലോകകപ്പിൽ നേടിയത്. ജയവർധന ഉൾപ്പെടെയുള്ള മുൻ താരങ്ങൾ മലിംഗയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.
ചാംപ്യൻസ് ട്രോഫി പരാജയ സമയത്ത് വിമർശനമുയർത്തിയ കായിക മന്ത്രിയോട് തത്തകളുടെ കൂടൊരുക്കുന്നതിനെക്കുറിച്ച് ‘കുരങ്ങിന് എന്ത് അറിയാം എന്ന് പ്രതികരിച്ചതിന് മലിംഗ അച്ചടക്ക നടപടിയും നേരിട്ടിട്ടുണ്ട്.
ഇന്ന് അവസാന മത്സരത്തിനിറങ്ങുമ്പോൾ 335 ആണ് മലിംഗയുടെ വിക്കറ്റ് നേട്ടം. 2 വിക്കറ്റ് കൂടി നേടിയാൽ വിക്കറ്റ് വേട്ടയിൽ അനിൽ കുംബ്ലെയുടെ ഒപ്പമെത്താം. മലിംഗയ്ക്ക് അതിനു കഴിയുമെന്നാണ് ആരാധകരുടെ വിശ്വാസം. എക്കാലത്തും അസാധ്യമായത് സാധ്യമാക്കിയവനാണല്ലോ ലസിത് മലിംഗ….
സലാം മലിംഗ
Jiikku Thomas