Cricket legends Top News

കാംബ്ലിയുടെ നഷ്ട്ടം, ഇന്ത്യയുടേയും !!

July 25, 2019

author:

കാംബ്ലിയുടെ നഷ്ട്ടം, ഇന്ത്യയുടേയും !!

ഇന്ത്യൻ ക്രിക്കറ്റിലേക്ക് കാംബ്ലി വരവറിയിക്കുന്നത് കളിക്കൂട്ടുകാരനും ,ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനുമായ സാക്ഷാൽ സച്ചിന്റെ കൂടെ കളിച്ചൊരു സ്‌കൂൾ മത്സരത്തിലൂടെയാണ് . അന്നവർ അടിച്ചു കൂട്ടിയ 644 റൺസ് 30 കൊല്ലത്തോളം ലോക റെക്കോർഡ് ആയിരുന്നു. അന്ന് മുതൽ ഇന്ത്യ ചർച്ച ചെയ്ത പേരാണ് വിനോദ് കാംബ്ലി. ഇന്ത്യ ജന്മം നൽകിയ ബാറ്റ്‌സ്മാന്മാരിൽ പ്രതിഭ കൊണ്ട് കാംബ്ലിയുടെ അടുത്തെങ്ങും നിക്കുന്ന അധികം പേരില്ല. സാക്ഷാൽ സച്ചിൻ പോലും കാംബ്ലിയുടെ മുമ്പിൽ ഒന്നുമല്ലെന്ന് അവരുടെ പരിശീലകൻ ആയിരുന്ന അച്‌രേക്കർ സാർ പലവുരു പറഞ്ഞിട്ടുണ്ട്.

ഏകദിനത്തിൽ മനസ്സിൽ നിക്കുന്ന ഒരു ഇന്നിംഗ്സ് 96 ലോകകപ്പിൽ സിംബാംബ്‌വെക്കെതിരെ ആണ് . അപ്രതീക്ഷിത തകർച്ച നേരിട്ട ആ ലീഗ് മത്സരത്തിൽ കാംബ്ലിയെടുത്ത 106 റൺസ് ഇടങ്കയ്യൻ ബാറ്റിങ്ങിന്റെ സൗന്ദര്യത്തിന് മകുടോദാഹരണമാണ്. കാംബ്ലി പക്ഷെ തിളങ്ങിയത് ടെസ്റ്റിലാണ് . വെറും 2 ആഴ്ചയുടെ വ്യത്യാസത്തിൽ എണ്ണം പറഞ്ഞ 2 ഡബിൾ സെഞ്ചുറികൾ !!..കേവലം 17 മത്സരം മാത്രം നീണ്ട കാരിയറിൽ 4 സെഞ്ചുറികളും,3 അർദ്ധ സെഞ്ചുറികളും. 54 റൺസിന്റെ മികച്ച ആവറേജുള്ള കാംബ്ലി തന്റെ അവസാന ടെസ്റ്റ് കളിക്കുമ്പോൾ വെറും 23 വയസ്സായിരുന്നു പ്രായം. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് പൂർത്തിയാക്കിയതും ഈ ഇടങ്കയ്യൻ തന്നെ. 96 ലോകകപ്പിലെ സെമിയിൽ കരഞ്ഞു കൊണ്ട് പവലിയനിൽ കയറിപ്പോകുന്ന കാംബ്ലി ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും സ്വകാര്യ ദുഃഖമാണ്.

സ്വതവേ,അലസനായ കാംബ്ലി പ്രാക്ടീസിനോ,ടീമിലെ മറ്റു പ്രവർത്തനങ്ങൾക്കോ വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. ഫാഷൻ ഷോകളും,നിശാ ക്ളബ്ബുകളും,സംഗീതവും ഒക്കെ ആയിരുന്നു പുള്ളിയുടെ പാഷനുകൾ . വരദാനം പോലെ കിട്ടിയ കഴിവ് ധൂർത്തടിക്കുകയായിരുന്നു ഇന്ത്യയുടെ ഈ ഇടങ്കയ്യൻ . പിന്നീട് സച്ചിൻ ക്യാപ്റ്റൻ ആയപ്പോൾ ഏകദിനത്തിൽ ഒരു തിരിച്ചു വരവ് നടത്തിയെങ്കിലും ദയനീയ പരാജയം ആവുകയായിരുന്നു .

ക്രിക്കറ്റ് വിട്ട കാംബ്ലി പിന്നീട് മ്യൂസിക് ബാന്റുകളിലും ,റിയാലിറ്റി ഷോകളിലും ഒക്കെ മുഖം കാണിച്ചു വേറൊരു ട്രാക്കിൽ നീങ്ങുകയായിരുന്നു . ചുരുക്കം ചില ബോളിവുഡ് സിനിമകളിലും ,സീരിയലുകളിലും പുള്ളിയെ കണ്ടതായി ഓർക്കുന്നു.

Leave a comment