പ്രൊ കബഡി ലീഗിൽ ഇന്ന് രണ്ടാം മത്സരത്തിൽ തെലുങ്ക് ടൈറ്റാൻസ് ദബാംഗ് ദില്ലിയെ നേരിടും
വിവോ പ്രോ കബഡി സീസൺ 7 ന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടതിന് ശേഷം തെലുങ്ക് ടൈറ്റാൻസ് ദബാംഗ് ദില്ലിയെ ഇന്ന് നേരിടും.മറുവശത്ത് ദബാംഗ് ദില്ലിയുടെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. ഹൈദരാബാദ് ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 8:30 ആണ് മത്സരം നടക്കുന്നത്.
ഇതിന് മുമ്പ് ഒമ്പത് തവണ ഏറ്റ്മുട്ടിയപ്പോൾ എട്ട് തവണയും വിജയിച്ചത് തെലുങ്ക് ടൈറ്റാൻസ് ആയിരുന്നു. സിദ്ധാർത്ഥ് ദേശായി ആണ് തെലുങ്ക് ടൈറ്റൻസിൻറെ ക്യാപ്റ്റൻ. ആദ്യ രണ്ട് കളികളും തോറ്റ ടീമിന് ഇന്നത്തെ ജയം അനിവാര്യമാണ്. നിലവിൽ 11 റെയ്ഡ് പോയിന്റുകളുള്ള തെലുങ്ക് ടൈറ്റാൻസിന്റെ മുൻനിര റൈഡറായ രജനിഷ് ആണ് അവരുടെ തുറുപ്പ് ചീട്ട്. ടൈറ്റൻസ് താരം സി. അരുണും കൂടി ഫോമിൽ അയാൽ ടൈറ്റൻസിന് വിജയം ഉറപ്പിക്കാം. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച ദില്ലിക്ക് ഇത്തവണയും ആ പ്രകടനം തുടരാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ജോഗീന്ദർ നർവാൾ ആണ് ദബാംഗിന്റെ നായകൻ. നായകനൊപ്പം, രവീന്ദർ പഹാൽ, വിശാൽ മാനെ എന്നിവരാണ് ടീമിൻറെ ശക്തി.






































