പ്രോ കബഡി ലീഗ് 2019 : ആദ്യ മത്സരത്തിൽ യു മുംബൈക്ക് തകർപ്പൻ ജയം
ഹൈദരാബാദ്: കായിക പ്രേമികളുടെ ഇഷ്ട വിനോദമായ പ്രോ കബഡി ലീഗിന്റെ ഏഴാം സീസണിന് ഇന്നലെ തുടക്കമായി. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ യു മുംബൈ തെലുങ്ക് ടൈറ്റൻസിനെ തോൽപ്പിച്ചു. 31-25 എന്ന സ്കോറിന് ആണ് യു മുംബൈ തെലുങ്ക് ടൈറ്റൻസിനെ പരാജയപ്പെടുത്തിയത്. തെലുങ്ക് ടൈറ്റൻസ് താരം രാഹുൽ ചൗധരി ഇന്നലത്തെ മത്സരത്തിൽ കളിച്ചില്ല പകരം സിദ്ധാർത്ഥ് ആണ് കളിച്ചത്. എന്നാൽ സിദ്ധാർത്ഥിന് നല്ല രീതിയിൽ കളിക്കാൻ കഴിഞ്ഞില്ല. ആദ്യ റെയ്ഡ് പോയിന്റ് നേടുന്നതിനുമുമ്പ് അഞ്ച് തവണ സിദ്ധാർഥിനെ യു മുംബൈ ടാക്കിൾ ചെയ്തു.
ഇന്നലെ നടന്ന മത്സരത്തിൽ യു മുംബൈ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. യു മുംബൈ താരം അഭിഷേക് സിംഗ് മികച്ച കളിയാണ് ഇന്നലെ പുറത്തെടുത്തത്. താരം പത്ത് പോയിന്റ് ആണ് നേടിയത്. മുംബൈക്ക് വേണ്ടി രോഹിത്തും, സന്ദീപും നാല് പോയിന്റ് വീതം നേടി. മത്സരം അവസാനിച്ചപ്പോൾ റെയ്‌ഡ് പോയിന്റിലും (16 -15) മുംബൈ ആയിരുന്നു മുന്നിൽ. ടൈറ്റൻസിന് വേണ്ടി രജനീഷ് മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. രജനീഷ് എട്ട് പോയിന്റ് നേടി.






































