ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം പിഴച്ചു : ഇംഗ്ലണ്ടിന് 224 റൺസ് വിജയലക്ഷ്യം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് ക്യാപ്റ്റൻ ഫിഞ്ചിന്റെ തീരുമാനത്തെ ബാറ്റ്‌സ്മാന്മാർക്ക് ന്യായീകരിക്കാൻ ആയില്ല. ആദ്യ ആറു ഓവറിനുള്ളിൽ തന്നെ ഫോമിലുള്ള വാർണറും നായകൻ ഫിഞ്ചും പുറത്തായത് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി. ലോകകപ്പിലെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളിൽ ഒന്നായ വാർണറും ഫിഞ്ചുമായിരുന്നു ഓസ്‌ട്രേലിയയുടെ സെമി വരെയുള്ള യാത്രക്ക് ചുക്കാൻ പിടിച്ചത്.
മുൻ നായകൻ സ്റ്റീവ് സ്മിത്തും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കാരിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും 46 റൺസെടുത്ത കാരി പുറത്തായതോടെ സ്മിത്തിന് പിന്തുണ നൽകാൻ ആളില്ലാതെയായി. ഒടുവിൽ വാലറ്റത്തെ കൂട്ട് പിടിച്ചു സ്മിത്ത് സ്കോർ 223 ൽ എത്തിച്ചു. 119 പന്തുകൾ നേരിട്ട സ്മിത്ത് 85 റൺസ് എടുത്ത് പുറത്തായി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ക്രിസ് വോക്‌സും ആദിൽ റഷീദും രണ്ടു വിക്കറ്റ് വീഴ്ത്തിയ ജോഫ്രെ ആർച്ചറും ആണ് ഓസ്‌ട്രേലിയയെ 223 റൺസിൽ ഒതുക്കിയത്.