വിംബിൾഡൺ പ്രീകോർട്ടർ ചരിതം
കളി ഈ കണക്കിന് പോയാൽ സെമിയിൽ ഫെഡറർ നദാൽ പോരാട്ടം നമുക്ക് കാണാൻ സാധിക്കും. രണ്ടുപേരും അത് ലക്ഷ്യമാക്കിയുള്ള പോക്കാണ് എന്ന് തോന്നുന്നു. ഇന്നലെ നടന്ന പ്രീക്വാർട്ടറിൽ ഫെഡറർ ഇറ്റലിയുടെ മാറ്റിയോ ബെറെട്ടീനിയെ പരാജയപ്പെടുത്തി, സ്കോർ 6-1, 6-2, 6-2. നദാൽ ആവട്ടെ പോർച്ചുഗലിനെ ജോവാ സൗസയെ പരാജയപ്പെടുത്തി, സ്കോർ 6-2, 6-2, 6-2. തീർത്തും ആധികാരികമായ വിജയമായിരുന്നു രണ്ടുപേരുടെയും. നൊവാക് ജോക്കോവിച്ച് ഫ്രാൻസിസിന്റെ യൂഗോ ഹംബർട്ടിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ക്വാട്ടറിൽ കടന്നത്, സ്കോർ 6-3, 6-2, 6-2. ഇവർ മൂന്നുപേരുടെയും കളി കണ്ടിട്ട് വിമ്പിൾഡൺ വേറൊരു കൈക്ക് പോകുമെന്ന് തോന്നുന്നില്ല. കെയ് നിഷികോരി, ഗ്വൈഡൊ പെല്ല, ഡെവിഡ് ഗോഫിൻ, സാം കറി, റോബർട്ടോ ബാറ്റിസ്റ്റ അഗട് എന്നിവരും ക്വാർട്ടറിൽ കടന്നു. ബുധനാഴ്ചയാണ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ.
ഇന്നലത്തെ ഏറ്റവും വലിയ അട്ടിമറിയിൽ വനിതാ വിഭാഗം ലോക ഒന്നാം നമ്പർ ആഷ്‌ലി ബാർട്ടിയെ സീഡ് ചെയ്യാത്ത അമേരിക്കയുടെ ആലിസൺ റിസ്കി പരാജയപ്പെടുത്തി, സ്കോർ 6-3, 2-6, 6-3. ലോക മൂന്നാം നമ്പർ കരൊലീന പ്ലിസ്കോവയും പരാജയം നേരിട്ടു. സ്വന്തം നാട്ടുകാരിയായ കരോലിന മുക്കോവയാണ് പ്ലിസ്കോവയെ പരാജയപ്പെടുത്തിയത്. സ്കോർ 4-6, 7-5, 13-11. പ്രീക്വാർട്ടറിൽ ഏറ്റവും നല്ല പോരാട്ടം ആകും എന്ന് കരുതിയ 15 വയസ്സുകാരി കൊക്കോ ഗൗഫും സിമോണ ഹാലപ്പും തമ്മിലുള്ള പോരാട്ടത്തിൽ ഹാലപ്പിന്റെ പരിചയസമ്പത്ത് വിജയിച്ചു. സ്കോർ 6-3, 6-3. സെറീന വില്യംസ്, ജൊഹാന കോണ്ട, എലീന സ്വിറ്റൊലീന, ബാർബോറ സ്ട്രൈക്കോവ, ഷൂയീ ഴാങ് എന്നിവരും ക്വാർട്ടറിലേക്ക് മുന്നേറി.