കോപ്പ അമേരിക്ക: ചിലിക്കെതിരെ പെറുവിന് തകർപ്പൻ ജയം
ബ്രസീൽ: ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക മത്സരത്തിൽ ചിലിയെ തോൽപ്പിച്ച് പെറു ഫൈനലിൽ പ്രവേശിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചിലിയെ അവർ തോൽപ്പിച്ചത്. 44 വർഷങ്ങൾക്കു ശേഷം ആണ് പെറു കോപ്പ അമേരിക്ക ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്.
മികച്ച പ്രകടനമാണ് പെറു ഇന്ന് കാഴ്ചവെച്ചത്. വർഗാസിന്റെ പെനാൽറ്റി അടക്കം സേവ് ചെയ്ത പെഡ്രോ കിടിലൻ പെർഫോമൻസ് ആണ് പെറു ഇന്ന് കാഴ്ചവെച്ചത്. മുൻ ചമ്പ്യാന്മാരായ ചിലിയെ നോക്കുകുത്തികളാക്കിയാണ് പെറു സെമിഫൈനൽ മത്സരം ജയിച്ചത്. ആദ്യ പകുതിയിലെ ഇരുപത്തിയൊന്നാം മിനിറ്റിലും, മുപ്പത്തിയെട്ടാം മിനിറ്റിലും ഗോളുകൾ നേടി പെറു ലീഡ് നേടിയിരുന്നു. എഡിസണ് ഫ്ളോറെസ് ഇരുപത്തിയൊന്നാം മിനിറ്റിലും, യോഷിമര്‍ യോറ്റുന്‍ മുപ്പത്തിയെട്ടാം മിനിറ്റിലും ഗോൾ നേടി പെറുവിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ തൊണ്ണൂറ്റിയൊന്നാം മിനിറ്റിൽ ഗ്വരേരേ ആണ് പെറുവിന് വേണ്ടി മൂന്നാം ഗോൾ നേടിയത്.
ഹാട്രിക് കിരീടത്തിനായുള്ള ചിലിയുടെ മോഹത്തെ തല്ലിക്കെടുത്തി അട്ടിമറി വിജയം ആണ് പെറു നേടിയത്. നാല്പത്തിനാലാം മിനിറ്റിൽ ചിലിക്ക് ഗോൾ നേടാൻ ഉള്ള അവസരം ലഭിച്ചെങ്കിലും പെറു ഗോളി ഗല്ലെസ ആ ഗോൾ തടയുകയായിരുന്നു. ജൂലൈ ഏഴിന് ഫൈനലിൽ ബ്രസീലിനെതിരെയാണ് പെറു മത്സരിക്കുന്നത്.






































