ജേസൺ & ജോണി – സ്ഫോടന പരമ്പരകൾ ഒരുക്കുന്ന ഇംഗ്ലീഷ് കൂട്ടുകെട്ട്
ഗാരി കിർസ്റ്റീൻ – ഗിബ്സ്, ഗിൽക്രിസ്റ് – ഹെയ്ഡൻ എന്നീ ഓപ്പണിങ് കൂട്ടുകെട്ടുകൾ എതിർ ടീമുകളെ നിലംപരിശാക്കുന്നത് നാം പലവട്ടം കണ്ടു ആസ്വദിച്ചിട്ടുണ്ട്. ഈ ലോക കപ്പിൽ ഏറ്റവും അപകടകാരികളായ ഓപ്പണേഴ്സ് ഇംഗ്ലണ്ടിന്റെ ജേസൺ റോയ്യും ജോണി ബർസ്റ്റവും ആണെന്ന് സമ്മതിക്കേണ്ടി വരും.
തുടരെ തുടരെ മൂന്ന് ലോക കപ്പ് കളികളിൽ 100 റൺസിന് മേൽ കൂട്ടുകെട്ട് ഉയർത്തിയ ജോഡിയെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അവർ. മൂന്ന് കളികൾ തൊട്ട് പുറത്തേക്കുള്ള വാതിൽ കണ്ട ഇംഗ്ലീഷ് ടീം ഇന്ന് സെമി ഉറപ്പിച്ചതിൽ പ്രധാന പങ്കും ഇവരുടേതാണ്. ബേർസ്റ്റോവ് ആകട്ടെ അടുപ്പിച്ചു രണ്ട് ശതകങ്ങളും പൂർത്തിയാക്കിയിരുന്നു. റോയ് ആകട്ടെ കഴിഞ്ഞ 8 തവണ കിവികളെ നേരിട്ടപ്പോൾ 7 തവണയാണ് 50 റൺസിന് മേൽ സ്കോർ ചെയ്തത്. ഈ വർഷത്തിലും ഈ ലോകകപ്പിലും ഏറ്റവും മികച്ച ശരാശരിയും ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റും ഈ കൂട്ടുകെട്ടിന് സ്വന്തം.
ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയുമ്പോൾ ആണ് ഇവർ ഏറ്റവും അപകടകാരികൾ. ചെയ്സ് ചെയ്യുമ്പോഴും ഈ മികവ് പുലർത്താനായാൽ അവർ ലോകം കണ്ട ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ആയി തീരും. ഏതായാലും ഇവർ ബാക്കി ടീമുകൾക്ക് ഇപ്പളെ സമ്മർദ്ദം ഉണ്ടാക്കി തുടങ്ങി എന്നതിൽ തർക്കമില്ല.






































