അണ്ടർ 20 ലോകകകപ്പ് ഫുട്ബാൾ കിരീടം ഉക്രൈന്
പോളണ്ട്: പോളണ്ടിൽ നടന്ന അണ്ടർ 20 ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ ഉക്രൈൻ കിരീടം സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഉക്രൈൻ കിരീടം സ്വന്തമാക്കിയത്.
മത്സരത്തിൽ ആദ്യ ഗോൾ നേടി ലീഡ് ഉയർത്തിയത് ദക്ഷിണ കൊറിയയായിരുന്നു. അഞ്ചാം മിനിറ്റിൽ പെനാൽറ്റിയിലൂടെ കൊറിയൻ താരം ലീ ദക്ഷിണ കൊറിയയെ മുന്നിൽ എത്തിച്ചു. മുപ്പത്തിനാലാം മിനിറ്റിൽ ഉക്രൈൻ താരം സുപ്രിയഹ ബോൾ ദക്ഷിണ കൊറിയയുടെ വലയിൽ എത്തിച്ച് മത്സരം സമനിലയിൽ ആക്കി. ഒന്നാം പകുതി ഇരുടീമുകളും ഓരോഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
എന്നാൽ രണ്ടാം പകുതിയിൽ അമ്പത്തിരണ്ടാം മിനിറ്റിൽ സുപ്രിയഹ വീണ്ടും ദക്ഷിണകൊറിയയെ ഞെട്ടിച്ചു. രണ്ടാം ഗോൾ നേടി സുപ്രിയഹ ഉക്രൈനെ മുന്നിലെത്തിച്ചു. സമനില ഗോളിനായി ദക്ഷിണകൊറിയ ശ്രമിച്ചെങ്കിലും എമ്പത്തിയൊമ്പതം മിനിറ്റിൽ ഉക്രൈൻ താരം സിതഷ്വെലി ദക്ഷിണ കൊറിയയുടെ കിരീട മോഹത്തിലെ അവസാന ആണിയും അടിച്ചു.