ലോകകപ്പ് 2019, സിംഹങ്ങളുടെ കഥ കഴിച്ചു കിവികൾ പടയോട്ടം തുടങ്ങി
2019 ലോകകപ്പിൽ ഇന്നു നടന്ന ശ്രീലങ്ക – ന്യൂസിലാൻഡ് മത്സരത്തിൽ ന്യൂസിലണ്ടിന് പത്തു വിക്കറ്റിന്റെ ഏകപക്ഷീയ ജയം. കാർഡിഫിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്കൻ ബാറ്റിംഗ് നിര കിവി ഫാസ്റ്റ് ബൗളിങ്ങിനു മുന്നിൽ തകർന്നടിഞ്ഞു. 29.2 ഓവറിൽ വെറും 136 റണ്ണുകളിൽ അവരുടെ ഇന്നിംഗ്സ് അവസാനിച്ചു. ഇരുപത്തിയൊൻപതു റണ്ണുകൾ വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ മാറ്റ് ഹെൻറിയും ഇരുപത്തിരണ്ടു റണ്ണുകൾക്ക് മൂന്നു വിക്കറ്റുകൾ നേടിയ ലോക്കി ഫെർഗുസനുമാണ് ലങ്കൻ നിരയുടെ വീര്യം തകർത്തത്. ലങ്കയ്ക്ക് വേണ്ടി 52 റണ്ണുകൾ നേടിയ നായകൻ ദിമുത് കരുണരത്നെ മാത്രമാണ് പിടിച്ചു നിന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 16.1 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു. 73 റണ്ണുകൾ നേടിയ മാർട്ടിൻ ഗുപ്ടിലും 58 റണ്ണുകളുമായി കോളിൻ മൺറോയും പുറത്താകാതെ നിന്നു. മൂന്നു വിക്കറ്റുകൾ നേടിയ മാറ്റ് ഹെൻറിയാണ് കളിയിലെ കേമൻ.






































