ലോകകപ്പ് 2019, പാകിസ്താനെ തകർത്ത് കരീബിയൻ പട
ലോകകപ്പ് ടൂർണമെന്റിൽ വിൻഡീസിനു വിജയത്തുടക്കം !!. ടെന്റ് ബ്രിഡ്ജിൽ നടന്ന രണ്ടാം മത്സരത്തിൽ പാകിസ്താനെ ഏഴു വിക്കറ്റുകൾക്കു തകർത്താണ് വിൻഡീസ് ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. ബൗളെർമാർക് അനുകൂലമായ കാലാവസ്ഥയിൽ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത വിൻഡീസ് ഫാസ്റ്റ് ബൗളെർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാൻ പാകിസ്ഥാൻ ബാറ്സ്മാന്മാർക്കായില്ല. തുടരെ വിക്കറ്റുകൾ വീണതോടെ 21.4 ഓവറുകളിൽ വെറും 105 റണ്ണുകളിൽ പാകിസ്ഥാൻ ഇന്നിംഗ്സ് അവസാനിച്ചു. ഇരുപത്തിരണ്ടു റണ്ണുകൾ വീതം നേടിയ ബാബർ അസമിനും ഫഖർ സമാനും മാത്രമേ മുൻനിരയിൽ പിടിച്ചു നിൽക്കാൻ സാധിച്ചുള്ളൂ. പത്തു പന്തിൽ നിന്നും 18 റണ്ണുകൾ നേടിയ ബൗളർ വഹാബ് റിയാസിന്റെ പ്രകടനമാണ് പാക് സ്കോർ നൂറു കടത്തിയത്. വിൻഡീസിനുവേണ്ടി ഇരുപത്തേഴു റണ്ണുകൾ മാത്രം വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തിയ ഓഷെൻ തോമസാണ് ബൗളിങ്ങിൽ തിളങ്ങിയത്. നായകൻ ജേസൺ ഹോൾഡർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് വെറും 13.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. വെറും 34 പന്തിൽ നിന്നും അർധശതകം നേടിയ സൂപ്പർ താരം ക്രിസ് ഗെയിലിന്റെ ബാറ്റിങ്ങാണ് വിൻഡീസിന് അനായാസ ജയം സമ്മാനിച്ചത്. ഗെയിൽ 50 റണ്ണുകൾ നേടി പുറത്തായപ്പോൾ നിക്കോളാസ് പൂരൻ 34 റണ്ണുകൾ നേടി പുറത്താകാതെ നിന്നു. ഫാസ്റ്റ് ബൗളർ മുഹമ്മദ് അമീറാണ് പാകിസ്താനുവേണ്ടി എല്ലാ വിക്കറ്റുകളും വീഴ്ത്തിയത്. ഓഷേൻ തോമസ് ആണ് കളിയിലെ കേമൻ.






































