Cricket cricket worldcup Epic matches and incidents

2003 ലോകകപ്പ് – ഓസ്‌ട്രേലിയൻ ആധിപത്യത്തിന് മുന്നിൽ ഉത്തരമില്ലാതായി പോയ ഇന്ത്യ

May 29, 2019

author:

2003 ലോകകപ്പ് – ഓസ്‌ട്രേലിയൻ ആധിപത്യത്തിന് മുന്നിൽ ഉത്തരമില്ലാതായി പോയ ഇന്ത്യ

പതിനാല് ടീമുകൾ പങ്കെടുത്ത 54 മത്സരങ്ങളാൽ നിറമേകിയ ലോകകപ്പ്.സൗത്താഫ്രിക്കയും സിംബാബ്വേയും കെനിയയും ആഥിഥേയത്വം വഹിച്ചു.ഈ ലോകകപ്പിലെ സൂപ്പർ സിക്സ് റൗണ്ടിലേക്ക് പല വമ്പൻമാരേയും പിന്നിലാക്കിക്കൊണ്ട് കുഞ്ഞൻമാരുടെ കുതിപ്പ് ഏവരിലും ആവേശം നിറച്ചു.തീർന്നില്ല…, സെമിയിലേക്കും ആ കുതിപ്പ് തുടർന്നു…… നമുക്ക് കുറച്ച് വിശദമായി തന്നെ ആ വിശേഷങ്ങളിലേക്ക് കടക്കാം.. എല്ലാരും റെഡിയല്ലേ………

ഇന്ത്യ, ഓസീസ്, സിംബാബ്വേ, ഇംഗ്ലണ്ട്,പാക്ക്, നെതർലണ്ട്, നമീബിയ എന്നിവർ പൂൾ A യിൽ അങ്കംവെട്ടിയപ്പോൾ ശ്രീലങ്ക, കെനിയ, ന്യൂസിലാണ്ട്,സൗത്താഫ്രിക്ക,വിൻഡീസ്,കാനഡ, ബംഗ്ലാദേശ് എന്നിവർ പൂൾ B യിലും അണിനിരന്നു.

ആദ്യ മത്സരത്തിലെ സെഞ്ചുറി എന്ന പതിവ് ഇക്കുറി ബ്രയാൻ ലാറയുടെ പേരിൽ. സൗത്താഫ്രിക്കയ്ക്കെതിരെ 116 റണ്ണുകളുടെ മനോഹര ഇന്നിങ്ങ്സ്.ആദ്യം ഗെയ്ൽ 2 (21) പുറത്താകുമ്പോൾ സ്കോർ 6.4 ഓവറിൽ ഏഴിന് 2 വിക്കറ്റ്. പിന്നീടുള്ള ലാറയുടെ പ്രകടനം എടുത്തു പറയേണ്ടതു തന്നെയാണ്. ആറാം വിക്കറ്റിൽ പവൽ 40 * (18) സർവൻ 32 * (15) സഖ്യം അവർക്ക് 278/5 എന്ന മാന്യമായ ടോട്ടലിലെത്തിച്ചു. സൗത്താഫ്രിക്ക ആഞ്ഞ് പൊരുതിയെങ്കിലും മൂന്ന് റണ്ണുകൾക്ക് കീഴടങ്ങാനായിരുന്നു ആതിഥേയരുടെ വിധി.

അപ്പുറത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ തുടക്കക്കാരായ നമീബിയയ്‌ക്കെതിരെ സിംബാബ്‌വേയ്ക്ക് ആധികാരിക ജയം.ക്രെയ്ഗ് വിഷാർട്ടിന്റെ 172* (151) തട്ടുപൊളപ്പൻ സെഞ്ചുറിയിൽ 340/2 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി.. നമീബിയ 105/5 എന്ന നിലയിൽ മഴനായകനായപ്പോൾ സിംബാബ്വേയ്ക്ക് 86 റൺസ് വിജയം.ഇംഗ്ലണ്ടിനെതിരെയും ഹീത്ത് സ്ട്രീക്കിന്റെ ടീം ജയിച്ചു.അത് പക്ഷേ, കളിയിലല്ല എന്നു മാത്രം. സുരക്ഷാഭീഷണിയുള്ളതിനാൽ ഹരാരെയിലെ വേദി മാറ്റാൻ ഇംഗ്ലണ്ട് ആവശ്യപ്പെട്ടു. സാധ്യമല്ല എന്ന സംഘാടകരുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇംഗ്ലണ്ട് കളി ബഹിഷ്കരിച്ചു.1996- ലേതുപോലെ വീണ്ടും ഒരു വാക്ക്ഓവർ.

കളിച്ച് ജയിച്ചും എതിരാളികൾ കളിക്കാതിരുന്നും നേടിയ നാലു വിജയങ്ങളാണ് സ്റ്റീവ് ടിക്കോളൊയുടെ ടീമിനെ സൂപ്പർ സിക്സിലേക്ക് ആനയിച്ചത്.അതിൽ മഹത്തായ വിജയം നെയ്റോബി ജിംഖാനയിൽ ശ്രീലങ്കയ്ക്കെതിരെ തന്നെയായിരുന്നു. അതൊരു അട്ടിമറി വിജയമായിരുന്നുവെങ്കിലും കാനഡയെയും ബംഗ്ലാദേശിനേയും പരാജയപ്പെടുത്തിയത് സ്വാഭാവികമായിരുന്നു. ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ കെനിയ കെന്നഡി ഒട്ടീനോയുടെ (60) മികവിൽ 210/9 എന്ന നിലയിൽ പോരാട്ടം അവസാനിച്ചു.കോളിൻസ് ഒബൂയയുടെ മാസ്മരിക സ്പെല്ലിൽ 10-0-24-5 ശ്രീലങ്ക 45 ഓവറിൽ 157 റണ്ണുകൾക്ക് കൂടാരം കയറി.53 റണ്ണുകളുടെ കെനിയൻ വിജയഗാഥ.ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയതാകട്ടെ 32 റൺസുകൾക്കും.

ന്യൂസിലണ്ടുകാർ കെനിയയെ ഒരു സുരക്ഷിത താവളമായി പരിഗണിച്ചില്ല. വീണ്ടും ഒരു വാക്ക്ഓവർ.അങ്ങനെ ഓസ്ട്രേലിയ,ഇന്ത്യ,ശ്രീലങ്ക, ന്യൂസിലണ്ട് എന്നിവരോടൊപ്പം കെനിയയും സിംബാബ്‌വെയും സൂപ്പർ സിക്സിലേയ്ക്കെത്തി.ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ,ഇംഗ്ലണ്ട്, വിൻഡീസ് എന്നിവരൊക്കെ കാഴ്ച്ചക്കാരായിരുന്നു എന്നു കൂടി ഓർക്കണം.

കാനഡയുമായുള്ള മത്സരത്തിൽ ബംഗ്ലാദേശിന് 60 റൺസിന്റെ പരാജയമേൽക്കേണ്ടി വന്നു. 180 റൺസുകൾക്ക് കാനഡയെ പുറത്താക്കിയെങ്കിലും 120 റൺസിൽ കടുവകൾ കുടുങ്ങി വിറച്ചു.അതും പോരാഞ്ഞിട്ട് സൗത്താഫ്രിക്കയ്ക്കെതിരെയും ലങ്കയ്ക്കെതിരെയും കടുവകൾക്ക് 10 വിക്കറ്റിന്റെ കനത്ത പരാജയവും. സൗത്താഫ്രിക്ക കെനിയയെയും 10 വിക്കറ്റിന് തോൽപ്പിച്ചിരുന്നു.

മറ്റൊരു അത്ഭുത പ്രകടനത്തിനാണ് ഫെബ്രുവരി 19 സാക്ഷ്യം വഹിച്ചത്.ശ്രീലങ്കയുടെ പ്രഭാത് നിസാങ്കയും 7-1-12-4 വാസും 7-4-15-3 ഉറഞ്ഞ് എറിഞ്ഞപ്പോൾ കാനഡ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ സ്കോറിന് (36)പുറത്ത്.

കളിച്ച ആറുകളിയും തോൽക്കാനായിരുന്നു നമീബിയയുടെ വിധിയെങ്കിൽ ബംഗ്ലാദേശ് അഞ്ച് കളികൾ പരാജയഴെട്ടു. ഒരെണ്ണം മഴയിലും പെട്ട് ഒരു പോയിന്റ് കിട്ടി. കളിച്ച എല്ലാ മത്സരങ്ങളിലും 200 തികച്ച് സ്കോർ ചെയ്യാൻ അന്ന് ബംഗ്ലാദേശ് വളർന്നിട്ടില്ലായിരുന്നു.

ടീം ഇന്ത്യയെ കുറിച്ച് പറയുമ്പോൾ…, കപ്പടിക്കാൻ ഏറ്റവും സാധ്യതയുണ്ടാർന്ന ടീം. കരുത്തുറ്റ ബാറ്റിംഗ് നിര അക്രമകാരികളായ ബൗളിംഗ് പട. തന്റേടിയായ നായകൻ സൗരവും.
ഫെബ്രുവരി 12-ാം തീയതി നെതർലണ്ടിനെതിരെ ഈ ടൂർണമെന്റിലെ ആദ്യ മത്സരം. ആദ്യം ഇന്ത്യ ബാറ്റ് ചെയ്യുന്നു. 32 പന്തുകളിൽ എട്ട് റൺസെടുത്ത് ഗാംഗുലി പുറത്ത്. സച്ചിൻ പതിവ് രക്ഷാപ്രവർത്തനം 52 (72) ഏറ്റെടുത്തു.കൂട്ടിന് ദിനേഷ്മോംഗിയയും 42(49).ഒരു വിധത്തിൽ ടീം സ്കോർ ഇരുന്നൂറ് കടന്നു. പക്ഷേ നെതർലണ്ടിന്റെ ടിം ഡി ലീഡ് ന്റെ കണിശതയാർന്ന പന്തുകൾക്ക് [35/4] മുന്നിൽ 50 ഓവർ പൂർത്തിയാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല.48.5 ഓവറിൽ 204 ന് ഓൾഔട്ട്.മറുപടിയിൽ ശ്രീനാഥും കുംബ്ലെയും 4 വിക്കറ്റ് വീതം പങ്കിട്ടപ്പോൾ 68 റൺസിന്റെ വിജയം ഇന്ത്യക്കൊപ്പം നിന്നു. പക്ഷേകളിയിലെ താരം ലീഡ് ആയിരുന്നെന്ന് മാത്രം.

രണ്ട് ദിവസത്തിന് ശേഷം ഓസീസുമായി രണ്ടാമങ്കം. ഇക്കുറിയും ബാറ്റിംഗ് ഇന്ത്യക്ക്.നായകൻ 21 പന്തുകളിൽ ഒൻപത് റണ്ണുമായി വിക്കറ്റ് നഷ്ടത്തിന് തുടക്കമിട്ടു.ഗില്ലസ്പിയുടെ അസ്ത്രശരങ്ങൾ 10-2-13-3 ഇന്ത്യയ്ക്ക് താങ്ങാവുന്നതായിരുന്നില്ല.., പോരാത്തതിന് ബ്രൈറ്റ് ലീയും. ടെണ്ടുൽക്കർ 36 റണ്ണുമായ് ടോപ്പ് സ്കോറർ. 125 റണ്ണുകൾക്ക് പോരാട്ടം അവസാനിപ്പിച്ചു. ഒൻപത് വിക്കറ്റിന്റെ ഉശിരൻ ജയവുമായി ഓസീസ് ബെൽറ്റ് മുറുക്കി.

അടുത്തങ്കം സിംബാബ്വേയുമായി., ഇവിടേം ഇന്ത്യക്ക് ബാറ്റിംഗ്. സച്ചിനൊപ്പം ഇക്കുറി ഓപ്പണിംഗ് സേവാഗ്.ഗാംഗുലിയുടെ വിലപ്പെട്ട തീരുമാനങ്ങളിൽ ഒന്നായിരുന്നുവത്.99 റൺസിന്റെ ഓപ്പണിംഗ് കൂട്ട്കെട്ട് സ്ഥാപിച്ചാണ് ആ തീരുമാനം ശരിവെച്ചത്. സച്ചിൻ വീണ്ടും ടോപ്പ് 81. വമ്പൻ സ്കോറുകൾ പിറന്നില്ലെങ്കിലും 255 /7 എന്ന പൊരുതാവുന്ന നിലയിലെത്തി ടീം ഇന്ത്യ. മറുപടിയിൽ വീണ്ടും പേസ് പട വിശ്വരൂപം പൂണ്ടപ്പോൾ 83 റൺസിന്റെ വിജയവുമായി ഉഗ്രൻ തിരിച്ചുവരവ്.

നാലാം പോരാട്ടം നമീബിയയോട്, ഇവിടേം ആദ്യം ബാറ്റിങ്ങ് ഇന്ത്യക്ക്. ഫോമിലാകാൻ പ്രയാസപ്പെട്ടിരുന്ന നായകൻ സൗരവിന്റെ 112* ഉജ്ജല തിരിച്ചുവരവ്.സച്ചിനൊപ്പം ചേർന്നുള്ള വിസ്ഫോടനത്തിൽ ടീം സ്കോർ 311/2 എന്ന കൂറ്റൻ നിലയിലെത്തി. 152 റൺസെടുത്ത സച്ചിൻ വീണ്ടും ടോപ്പിൽ. തിരിച്ചടിക്കാനിറങ്ങിയ നമീബിയയെ 130 ഓവറുകളിൽ ചുരുട്ടിക്കെട്ടി 181 റൺസിന്റെ വിജയവുമായി സൂപ്പർ സിക്സിലേക്ക് ഇന്ത്യ അടുക്കുന്നു. യുവ് രാജിന്റെ 4.3 – 2 – 6 – 4 എന്ന സ്പെൽ മറക്കാതെ ഇന്നും മിഴിവേകി നിൽക്കുന്നു.

ഇംഗ്ലണ്ടുമായുള്ള അഞ്ചാമങ്കം, ഇക്കുറിയും ബാറ്റിംഗ്. സച്ചിനും 50 ദ്രാവിഡും 62 യുവരാജും 42 മോശമല്ലാത്ത സംഭാവന ചെയ്തപ്പോൾ 250/9 എന്ന നിലയിൽ സ്കോർ പിറന്നു. ഫ്ളിന്റോഫാണ് 10-2-15-2 കളം നിറഞ്ഞ് എറിഞ്ഞത്.
ഫ്ളിന്റോഫിന്റെ 64 നേത്വത്യത്തിൽ അവർ തിരിച്ചടിക്ക് ശ്രമിച്ചെങ്കിലും ആശിഷ് നെഹ്റയുടെ സ്വപ്ന സ്പെൽ 10-2-23-6 അവരെ 168 റൺസിലൊതുക്കി. 82 റൺസിന്റെ മറ്റൊരു വിജയം കൂടി ഇന്ത്യക്ക്.

മാർച്ച് ഒന്നിന്, ഗ്രൂപ്പ് ഘട്ടത്തിലെ അവസാന അങ്കമാണ് അങ്കം. ചിരവൈരികളായ പാക്കുമായുള്ള അങ്കം. പാക്കിന് ബാറ്റിംഗ്. സയീദ് അൻവർ 101 റണ്ണുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ അവർക്ക് 273/7 എന്ന ശക്തമായ ടോട്ടൽ പിറന്നു.കടുത്ത ആവേശത്താൽ കളി മുറുകുന്നു. സകല തെരുവുകളും ടീം ഇന്ത്യയെന്ന വികാര ഓംകാരങ്ങളാൽ അലതല്ലുന്ന സമയം. ഇരുന്നിടത്ത് ഇരിപ്പുറക്കാതെ നിന്നും ഇരുന്നും ചാരിയും നഖം കടിച്ചും മുഖത്ത് തെളിഞ്ഞ ഭാവഭേദങ്ങൾ എത്രയെത്ര. സൗരവ് ഗാംഗുലി നേരിട്ട ആദ്യ ബോളിൽ തന്നെ പുറത്തായപ്പോൾ ഉണ്ടായ സ്തംഭനം പറഞ്ഞറിയിക്കാൻ പറ്റില്ല. ഒരു നിമിഷം ശ്വാസം നിലച്ച് പോയി… പക്ഷേ രക്ഷകനായ് സച്ചിൻ വീണ്ടും അവതരിച്ചു.. 75 പന്തുകളിൽ 98 റൺസെടുത്ത് പുറത്താകുമ്പോൾ ഇന്ത്യ വിജയത്തോടടുത്തിരുന്നു. അക്തറും വഖാറും കണക്കിന് അടി കൊണ്ടപ്പോൾ അക്രം ശരാശരിയിൽ ഒതുങ്ങി. യുവരാജും 50* ദ്രാവിഡും 44* അപരാജിതരായി കളം നിറഞ്ഞപ്പോൾ 6 വിക്കറ്റിന്റെ തകർപ്പൻ വിജയം ഇന്ത്യയ്ക്ക് സ്വന്തം.26 ബോളുകളും അധികം. ആറ് കളികളിൽ അഞ്ച് വിജയവുമായ് ഇന്ത്യയുടെ സൂപ്പർ സിക്സിലേക്കുള്ള സൂപ്പർ മാർച്ച്…ഓസീസാകട്ടെ തോൽവിയറിയാതെയും.

നമീബിയയെയും ഹോളണ്ടിനെയും തോൽപ്പിച്ച സിംബാബ്വേക്ക് നേരത്തേ സൂചിപ്പിച്ച വാക്ക്ഓവറും പിന്നെ മഴമൂലം ഉപേക്ഷിയ്ക്കപ്പെട്ട പാകിസ്താൻ മത്സരത്തിലൂടെ കിട്ടിയ ഒരു പോയിന്റുമാണ് സൂപ്പർ സിക്സിലേയ്ക്കുള്ള വഴി തുറന്നു കൊടുത്തത്. പിന്നെ ഇവരെ രണ്ട് പേരെയും സഹായിച്ചത് സൗത്താഫ്രിക്കയ്ക്ക് പറ്റിയ മണ്ടത്തരവും. ഡെക്ക്വർത്ത് /ലൂയീസ് രീതിയിൽ ജയിക്കാനാവശ്യമായ റണ്ണുകൾ കണക്കാക്കിയപ്പോൾ ഷോൺ പൊള്ളോക്കിന് ഒരു റണ്ണിനു പിഴച്ചു. ഡർബനിൽ 230 എന്ന ലക്ഷ്യം 229 ആയി തെറ്റിദ്ധരിക്കപ്പെട്ടു.മാർക്ക് ബൗച്ചർക്ക് കൊടുത്തയച്ച സന്ദേശം അനുസരിച്ച് അവർ ബാറ്റ് ചെയ്തു. മത്സരം ടൈ ആയി പ്രഖ്യാപിക്കപ്പെട്ടു.അങ്ങനെ ഒരു പോയിൻറ് വെറുതെ നഷ്ട്ടപ്പെടുത്തി.

സൂപ്പർ സിക്സ് റൗണ്ടിൽ ഓരോ മത്സരം വീതം ജയിച്ച ന്യൂസിലൻഡും കെനിയയും ശ്രീലങ്കയും തമ്മിലുള്ള താരതമ്യത്തിൽ ന്യൂസിലൻഡ് പുറത്ത് പോയി.ഗ്രൂപ്പ് മത്സരങ്ങളിൽ നിന്നും ലഭിച്ച പോയിൻറുകളും വിജയങ്ങളുമായിരുന്നു മാനദണ്ഡം. അങ്ങനെ ചരിത്രത്തിൽ ആദ്യമായി ടെസ്റ്റ് പദവിയില്ലാത്ത ഒരു രാഷ്ട്രം ലോകകപ്പിന്റെ സെമിയിൽ എത്തി.

ഇന്ത്യയുടെ സൂപ്പർ സിക്സിനെ കുറിച്ച് കൂടി ചെറുതായിട്ട് പറയാം…
മാർച്ച് 7, കെനിയക്കെതിരായ മത്സരം. കെനിയ, ഒട്ടീനോയുടെ (79) കരുത്തിൽ തരക്കേടില്ലാത്ത 225/6 എന്ന ടോട്ടൽ കുറിച്ചു. സേവാഗിനെ (3) യും സച്ചിനെ (5) യും നഷ്ടമായ ഇന്ത്യ ആദ്യമൊന്ന് വിറച്ചു. പക്ഷേ നായകൻ കീഴടങ്ങാൻ തയ്യാറായിരുന്നില്ല. 120 പന്തുകളിൽ 107* റൺസുമായി യുവരാജിനൊപ്പം (58*) ആറ് വിക്കറ്റ് വിജയമാഘോഷിച്ചാണ് ഗാംഗുലി മടങ്ങിയത്.

അടുത്ത ഊഴം ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത്, സച്ചിന്റെ (97)യും സെവാഗിന്റെ (66) യും ഗാംഗുലിയുടെ (48)യും കരുത്തിൽ 292/6 എന്ന സുരക്ഷിത സ്റ്റോറിൽ എത്തി. ശ്രീനാഥുംസഹീറും നെഹ്റയും മാത്രമേ പന്തെടുക്കേണ്ടി വന്നുള്ളൂ. അപ്പഴേക്കും 109 റണ്ണുകൾക്ക് ലങ്ക ദ്വീപ് കയറി. 183 റൺസിന്റെ പടുകൂറ്റൻ വിജയം.മാൻ ഓഫ് ദ മാച്ച് ശ്രീനാഥ് എന്നത് എന്ത്യൻ ബോളിങ്ങിന്റെ വീര്യത്തിന് ശൗര്യം കൂട്ടുന്നു.

അടുത്ത ഇര ന്യൂസിലണ്ട്. കിവീസ് ബാറ്റിങ്ങിനിറങ്ങുന്നു… ഇന്ത്യൻ നായകൻ, യുവിയെയും ദ്രാവിഡിനെയും കൈഫിനെയും ഒഴിച്ച് മറ്റെല്ലാരേയും പന്തേൽപ്പിച്ചു..ഫലവും കണ്ടു. 146 റണ്ണുകൾക്ക് കിവീസ് പുറത്ത്.ഇന്ത്യയുടെ മറുപടിയിൽ ചെറുതായൊന്ന് തുടക്കം പതറി. സെവാഗ് 1, സച്ചിൻ 15, ഗാംഗുലി 3 എന്നിവർ തൽക്ഷണം ഗ്രൗണ്ട് വിട്ടപ്പോൾ ബോളെടുക്കാതിരുന്ന കൈഫും 68* ദ്രാവിഡും 53* ഇന്ത്യയെ ഏഴ് വിക്കറ്റിന്റെ ഏഴഴകിലെത്തിച്ചു. (കളിയിലെ താരം സഹീർ ആയിരുന്നു.)വീരോചിതമായ ഇന്ത്യയുടെ സെമി ബർത്ത്…

ആദ്യ സെമിപോർട്ട് എലിസബത്ത് സ്റ്റേഡിയത്തിൽ..ചാമിന്ദ വാസിന്റെ കൃത്യത ഓസീസ് ബാറ്റിങ്ങിനെ വെള്ളം കുടിപ്പിച്ചു. ഹെയ്ഡനും പോണ്ടിങ്ങും വാസിനു ഭക്ഷണമായി.ആൻഡ്രൂ സൈമൺസിന്റെ 91* സംഭാവനയും ഡാരൻ ലീമന്റെ ചെറുത്തുനിൽപ്പും ചേർന്ന് ഓസ്ട്രേലിയ 212 വരെ എങ്ങനെയോ എത്തിപ്പെട്ടു.ശ്രീലങ്കൻ ബാറ്റിംഗ് മത്സരത്തിനുണ്ടായിരുന്നില്ല. 70 പന്തുകളിൽ 39* റണ്ണുകളെടുത്ത സംഗക്കാര മാത്രം വേറിട്ടുനിന്നു.39-ാം ഓവറിൽ വീണ്ടും മഴ. വീണ്ടും D/L കണക്കുകൾ. ഇത്തവണ ആർക്കും തെറ്റൊന്നും പറ്റിയില്ല. 48 റണ്ണുകൾക്ക് ഓസീസ് ഫൈനൽ ടിക്കറ്റെടുത്തു.ശ്രീലങ്കയ്ക്ക് അഭിമാനിക്കാനായ് ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റിട്ട (23) വാസിന്റെ പ്രകടനം മാത്രം.

ഡർബനിൽ ഇന്ത്യക്ക് ഒരു ഭാരവും ഉണ്ടാക്കിയില്ല. കെനിയക്കെതിരെ ബാറ്റിംഗ്.. സച്ചിൻ 83 റണ്ണുകളെടുത്ത് പുറത്തായപ്പോൾ 111 റണ്ണുകളുമായി സൗരവ് പുറത്താകാതെ നിന്നു.270/4 എന്ന സുരക്ഷിത ടോട്ടലും. മറുപടിയിൽ കെനിയൻ നായകൻ ടിക്കോളൊ(56) ഒറ്റയാൾ പോരാട്ടം നടത്തി നോക്കിയെങ്കിലും സഹീറും 9.2 -2-14-3 ശ്രീനാഥും7-1-11-1 സമ്മതിച്ചില്ല. പിന്നീട് ഒബൂയ (29) മാത്രമാണ് രണ്ടക്കം കടന്നത്.179 റണ്ണുകളിൽ കെനിയൻ പോരാട്ടം അവസാനിച്ചപ്പോൾ 91 റൺസിന്റെ വിജയവുമായി ജനകോടികളുടെ പ്രതീക്ഷകളുമായ് ടീം ഇന്ത്യ ഒരിക്കൽ കൂടി ഫൈനലിലേക്ക്……..

സെമിഫൈനൽ സാധാരണ ഒരു ഡ്രെസ്സ് റിഹേഴ്സലാകാറുണ്ട്.ഇന്ത്യയുടെ തയ്യാറെടുപ്പിൽ ഒരു വിധ വെല്ലുവിളിയും ഇല്ലാതെ പോയത് അവർക്ക് തന്നെ വിനയായി.ടോസ് ഒഴികെ എല്ലാ തീരുമാനങ്ങളും പിഴച്ചു. ഫീൽഡ് ചെയ്യാനുള്ള തീരുമാനത്തെ ഗിൽക്രിസ്റ്റും (57) ഹെയ്ഡനും പുച്ഛിച്ച് തള്ളി. പന്തെറിയാൻ അറിയാവുന്ന എല്ലാവരെയും ഗാംഗുലി പരീക്ഷിച്ചു.105 റണ്ണുകളുടെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട്. പിന്നെ മൂന്നാം വിക്കറ്റിന് 234 റണ്ണകളുടെ പിരിയാത്ത മറ്റൊരു കൂട്ടുകെട്ടും. പോണ്ടിംഗ് 140* (121) ഡേമിയൻ മാർട്ടിൻ 88* (84) എന്നിവർ കൈകരത്തിന്റെ കരവിരുതിൽ താണ്ഡവമാടി.സഹീറിന്റെയും ശ്രീനാഥിന്റെയുമൊക്കെ ഇക്കോണമി ഒമ്പതിനടുത്ത്.ലക്ഷ്യം നേരിടാനുള്ള ആത്മവിശ്വാസത്തിന്റെ പകുതിയും 360 എന്ന അക്കങ്ങൾക്ക് മുമ്പിൽ ഇന്ത്യ കൈവിട്ടു.അഞ്ചാമത്തെ പന്തിൽ മെഗ്രായെ ഹുക്ക് ചെയ്യാൻ ശ്രമിച്ച് തെണ്ടുൽക്കർ പുറത്തായതോടെ ബാക്കിയും.പിന്നെ എല്ലാം ഒരു ചടങ്ങ് പോലെ അവസാനിച്ചു. 64 പന്തുകൾ അവശേഷിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ പത്താമതും പുറത്തായി.ഓസ്ട്രേലിയ വീണ്ടും ലോക ചാമ്പ്യന്മാർ.. ഒരു മത്സരത്തിൽ പോലും പരാജയമറിയാതെയുള്ള ചാമ്പ്യന്മാരുടെ ചാമ്പ്യൻ. പ്ലെയർ ഓഫ് ദ സീരീസും മോസ്റ്റ് റൺടേക്കറും (673) സച്ചിനെ തേടിയെത്തിയത് മാത്രം നേരിയൊരാശ്വാസം…….!

by,
Arun Paul.

🏆🏆🏆🏆🏆🏆🏆🏆

നിങ്ങൾക്കറിയാമോ….?
ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ വിജയിച്ച ക്യാപ്റ്റൻ…?

Leave a comment