Cricket cricket worldcup Editorial legends

1996 ലോകകപ്പ് – നീറായി വളർന്ന ലങ്കയും കണ്ണീരണിഞ്ഞ ഇന്ത്യയും

May 28, 2019

author:

1996 ലോകകപ്പ് – നീറായി വളർന്ന ലങ്കയും കണ്ണീരണിഞ്ഞ ഇന്ത്യയും

ഏഷ്യയിൽ നടന്ന “Wl LLS ലോകകപ്പ്” എന്നറിയപ്പെട്ട ഈ ടൂർണമെൻറിൽ ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിച്ചു.ഫിക്സ്ചറും ഫോർമാറ്റും പഴയപോലെ തന്നെ. രണ്ടു ഗ്രൂപ്പുകളിലായി 12 ടീമുകളുണ്ട് എന്നതും പ്രത്യേകതയായിരുന്നു. ഒമ്പത് ടെസ്റ്റ് രാഷ്ട്രങ്ങളും കെനിയ, ഹോളണ്ട്, യു.എ.ഇ എന്നിവരും.പ്രാഥമിക റൗണ്ടിനു ശേഷം ക്വാർട്ടർ ഫൈനൽ എന്ന കടമ്പയും.ഓസീസും ശ്രീലങ്കയും തമ്മിലുണ്ടായ ചില അസ്വാരസ്യങ്ങൾ കൊണ്ട്കൊളംബോയിലെ മത്സരത്തിൽ നിന്നും ഓസീസ് വിട്ടുനിന്നു. വാക്ക് ഓവർ എന്ന് ശ്രീലങ്കയുടെ ആദ്യജയത്തോടൊപ്പം എഴുതിച്ചേർത്തിരിയ്ക്കുന്നത് കാണാം. വിൻഡീസും ശ്രീലങ്കയുമായുള്ള മാച്ചിലെ വാക്ക് ഓവറും ശ്രീലങ്കയ്ക്ക് കാര്യങ്ങൾ ഏറെക്കുറേ അനുകൂലമാക്കിയിരുന്നു.കൊൽക്കത്തയിലെ ഇന്ത്യൻ ആരാധകരുടെ നെഞ്ചകം തകർത്ത സെമിഫൈനലിൽ അവസാനഘട്ടം ഉപേക്ഷിക്കപ്പെട്ട മത്സരവും ശ്രീലങ്കയ്ക്ക് സമ്മാനിക്കപ്പെട്ടു. അങ്ങനെ ധാരാളം പുതുമകൾ. അവസാനം ശ്രീലങ്ക എന്ന പുതിയ ലോകജേതാവിന്റെ ഉദയവും.

മാറ്റമില്ലാതെ പോകുന്ന മറ്റു ചിലതുണ്ട്. ഉദ്ഘാടന മത്സരത്തിലെ സെഞ്ചുറി. ഇത്തവണ നാഥൻ ആസ്റ്റലിനായിരുന്നു ആ നിയോഗം.മൊട്ടറയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ സ്കോർ ഒന്നിൽ നിൽക്കുമ്പോൾ ആദ്യത്തെ ക്യാച്ച് ഇംഗ്ലണ്ട് വിട്ടു കളഞ്ഞു. പിന്നെ അതിന്റെ വിഷമം തീർക്കാനെന്ന പോലെ മൂന്നെണ്ണം വേറേയും. അവസാനം 101 റൺസെടുത്ത ആസ്റ്റിൽ തന്നെ കളിയിലെ കേമനുമായി. ശരാശരി നിലവാരം മാത്രം പ്രദർശിപ്പിച്ച രണ്ട് തുല്യശക്തികളുടെ പോരാട്ടത്തിൽ 11 റണ്ണുകൾക്ക് കിവീസ് ജയിച്ചു.ഗ്രയിം ഹിക്കിന്റെ ഓൾറൗണ്ട് പ്രകടനത്തിനും തോൽവി തടയാനായില്ല✨റാവൽപിണ്ടിയിൽ ദക്ഷിണാഫ്രിക്ക യു.എ.ഇ യെ നിലം തൊടാതെ പറപ്പിക്കുന്ന കാഴ്ചയ്ക്കാണ് വേദിയായത്.ഷൗക്കത്ത് ദൂക്കാൻവാല എന്നും സുൽത്താൻ സർവാണി എന്നൊന്നും നേരേ ഉച്ചരിയ്ക്കാൻ പോലും ഗാരി കേസ്റ്റണു കഴിയില്ല. പക്ഷേ, അവർ എറിഞ്ഞു കൊടുത്ത പന്തുകളൊക്കെ കേസ്റ്റന്റെ ബാറ്റിന്റെ ഉച്ചാരണത്തിന്റെ തികവ് അറിഞ്ഞു. പുറത്താകാതെ 188 റൺസുകളുമായി പവലിയനിലേക്ക് നടക്കുമ്പോൾ സ്കോർബോർഡിൽ 321/5 എന്ന് മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. U.A. E യുടെ മറുപടി ബാറ്റിംഗ് 50 ഓവറും പിടിച്ചു നിന്നു എന്നതും ശ്രദ്ധേയമായിരുന്നു. ബ്രയാൻ മക്മില്യൻ 8 ഓവറിൽ 11 റൺസിന് 3 വിക്കറ്റുമായി തിളങ്ങിയെങ്കിലും മറ്റെല്ലാവർക്കുംകൂടി 5 വിക്കറ്റ് വീഴ്ത്താനേ കഴിഞ്ഞുള്ളൂ.152/8 എന്ന നിലയിൽ കളിയവസാനിക്കുബോൾ 169 റൺസുകൾക്ക് സൗത്താഫ്രിക്ക ജയിച്ചിരുന്നു✨
ഗാരി കേസ്റ്റൺ തുടങ്ങി വച്ചത് മറ്റു ചിലർ ഏറ്റെടുത്തു. സച്ചിൻ ടെണ്ടുൽക്കർ എന്ന ബാറ്റ്സ്മാൻ എല്ലാ വിലക്കുകളും ലംഘിച്ച് സ്വതന്ത്രനായി അരങ്ങ് വാണൂ.കെനിയക്കെതിരെ 127 റൺസുമായി പുറത്താകാതെ വരവറിയിച്ചു.പിന്നീട് വിൻഡീസിനെതിരെ 70 ഉം, മുംബൈയിൽ ഓസീസിനെതിരെ (90) യും ഡൽഹിയിലും കൊക്കത്തയിലും ( സെമി) ശ്രീലങ്കയ്ക്കെതിരെ (137,65)യും ആ മാസ്മരികത മൈതാനത്ത് നിറഞ്ഞുനിന്നു. (ഈ ടൂർണമെന്റിൽ കൂടുതൽ റൺസും [523] ടെണ്ടുൽക്കറിന്റെ ബാറ്റിൽ നിന്നായിരുന്നു.15 വിക്കറ്റുകളുമായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ എന്നത് കുംബ്ലെയും കീശയിലാക്കി) അരവിന്ദ ഡിസിൽവ എന്ന പേരു പരാമർശിച്ചാൽ ആദ്യം കൂട്ടി വായിക്കപ്പെടുന്നത് 1996-ലെ ലോകകപ്പ് ഇന്നിംഗ്സുകളാണ്.മാർക്ക് വോയുടെ അനുപമമായ ഇന്നിംഗ്സുകൾ. ബ്രയാൻ ചാൾസ് ലാറയും സയിദ് അൻവറും ഇടയ്ക്കൊന്ന് മിന്നിമറഞ്ഞു. പക്ഷേ, എന്തുകൊണ്ടോ96-ലെ ലോകകപ്പ് എന്ന് പറഞ്ഞാൽ ആദ്യം ചെന്നെത്തുന്നത് സനത് ജയസൂര്യയിലാണ്.അക്രമണോത്സുക ബാറ്റിംഗ് ശൈലിക്ക് പുതിയ വിശദീകരണം വന്നു.87 ശരാശരിയിൽ 523ണ്ണുകളെടുത്ത് ടീമിനെ ഫൈനലിന്റെ പടിവരെ എത്തിച്ച ടെണ്ടുൽക്കറേക്കാൾ പ്രശസ്തി 132 സ്ട്രൈക്ക് റേറ്റിൽ 223 റൺസ് എടുത്ത ജയസൂര്യയ്ക്കായി. ശ്രീലങ്ക ചാമ്പ്യൻമാരായതും ഇതോടൊപ്പം ചേർത്തുവെയ്ക്കാം ✨

രണ്ടുതവണ ചാമ്പ്യന്മാരായി എന്ന പാരമ്പര്യം കൊണ്ടൊന്നും ക്രിക്കറ്റ് മത്സരം ജയിക്കാനാവില്ലെന്ന് പൂണെയിൽ തെളിയിക്കപ്പെട്ടു. ജയിക്കാൻ 167 റൺസ് മാത്രം ആവശ്യമായ മത്സരത്തിൽ വിൻഡീസ് സ്കോർ മൂന്നക്കം പോലും തികച്ചില്ല. ബൗൾ ചെയ്യുമ്പോൾ മുതൽ ഈ അലസത കാണാനുണ്ടായിരുന്നു.14 വൈഡുകളും 13 നോബോളുകളും കൊണ്ട് അവർ കെനിയൻ സ്കോറിനെ കൈയ്യയഞ്ഞ് സഹായിച്ചു.സ്റ്റീവ് ടിക്കോളോ 29 റൺസുമായി മുന്നിൽ നിന്നപ്പോൾ എക്സ്ട്രാ യിനത്തിലെ 37 റൺസ് ശരിക്കും ടോപ്പ് സ്കോറർ ആയി. ആളില്ലാത്തത് കൊണ്ട് മാൻ ഓഫ് ദ മാച്ച് പുരസ്കാരം കൊടുക്കാൻ പറ്റില്ലല്ലോ !അതുകൊണ്ട് 10 ഓവറിൽ 15 റൺ മാത്രം വിട്ടുകൊടുത്ത് ചന്ദർപോളി (ടോപ് 19 )നെയും ജിമ്മി ആഡംസിനെയും റോജർ ഹാർപ്പറായും പുറത്താക്കിയ ക്യാപ്റ്റൻ മൗറിസ് ഒഡുംബെയ്ക്ക് ആ സമ്മാനം കൊടുത്തു. ലാറയെ പുറത്താക്കിയ രജബ് അലിയുടെ മുഖത്തെ അവിശ്വസനീയത ഇന്നും ആരാധകർ മറന്നിട്ടുണ്ടാവില്ല.
വിൻഡീസ് 93 റണ്ണുകൾക്ക് ഓൾ ഔട്ടാകുബോൾ 73 റണ്ണുകൾക്ക് കെനിയ ഒരേയൊരു വിജയവും സ്വന്തമാക്കി. അഞ്ച് കളിയിൽ വിൻഡീസിന് ഓസീസിനെതിരെയും സിംബാബ്വേക്കെതിരെയും രണ്ടു ജയങ്ങൾ മാത്രവും✨

ഈ ലോകകപ്പിൽ അവിശ്വസനീയതകൾ ധാരാളമുണ്ടായി. പ്രത്യേകിച്ച് ഇന്ത്യൻ ആരാധകർക്ക്.കെനിയയെയും വിൻഡീസിനെയും കടന്ന് മുംബൈയിൽ ഓസീസിനെതിരെ ഇറങ്ങുമ്പോൾ ഇന്ത്യയ്ക്കായിരുന്നു സാധ്യത. മാർക് വോയുടെ (126) സെഞ്ചുറി യോടെ 259 എന്ന ടോട്ടൽ ഇന്ത്യയെ ഒട്ടും അമ്പരപ്പിച്ചില്ല. മികച്ച ഓപ്പണിംഗ് ജോഡി. ടെണ്ടുൽക്കറുടെ മിന്നുന്ന ഫോം. ജഡേജയെയും കാംബ്ലിയെയും അടുത്തടുത്ത പന്തുകളിൽ പറഞ്ഞയച്ച് ഡാമിയൻ ഫ്ളെമിംഗ് വിതച്ച ഭയപ്പാട് മാസ്റ്റർ ബ്ലാസ്റ്ററെ ബാധിച്ചതേയില്ല. മഗ്രോയുടെ ഓവറിൽ ആരംഭിച്ച പ്രഹരം അനുസ്യൂതം തുടർന്നു.സഞ്ജയ് മഞ്ജരേക്കറുമായി ചേർന്ന് മത്സരത്തെ സുരക്ഷിത മേഖലയിലേക്ക് നയിക്കുന്നതിനിടെയാണ് 90 റൺസെടുത്ത ടെണ്ടൂർക്കർ മാർക്ക് വോയുടെ ഒരു വൈഡ് ബോളിൽ പുറത്തായത്.✨
ഡെൽഹിയിൽ മികച്ച ഒരു സെഞ്ചുറി.അതും വിഫലമായി.271 റൺ എടുത്ത ഇന്ത്യൻ ഇന്നിംഗ്സ് ജയസൂര്യയുടെ (79) വെടിക്കെട്ടിൽ തകർന്നുവീണു. [ഹഷൻ തിലകരത്നയും (70*) മോശമായില്ല.]പിന്നെ സെമി ഫൈനൽ എന്ന അവിശ്വസനീയതയും. ശ്രീലങ്കയുടെ 251 റണ്ണുകൾ പിന്തുടർന്ന് 1/98 എന്ന നിലയിൽ വീണ്ടും ഒരു വൈഡ് ഡെലിവറി. ജയസൂര്യയുടെ വക.അര മണിക്കൂർ കഴിഞ്ഞപ്പോഴേയ്ക്കും എട്ടാം വിക്കറ്റും വീഴുന്നു.120 റണ്ണുകൾ ആകെ. കാണികൾ കളി തടസ്സപ്പെടുത്തി.മത്സരം ഉപേക്ഷിച്ചതായി മാച്ച് റെഫറി ക്ലൈവ് ലോയ്ഡ് പ്രഖ്യാപിച്ചു.കലങ്ങിച്ചുവന്ന കണ്ണുകളും വിങ്ങുന്ന ഹൃദയവുമായി സർവ്വം നഷ്ടപ്പെട്ടവന്റെ നേർച്ചിത്രമായി പവലിയനിലേക്ക് നീങ്ങുന്ന വിനോദ് കാംബ്ലി ഇന്നും ഇന്ത്യൻ ആരാധകരെ ഈറനണിയിക്കുന്ന ഒരോർമയാണ്. ഇന്ത്യയും ഈഡനിൽ നിന്നും ടൂർണമെന്റിൽ നിന്നും പുറത്തേക്ക്✨
മൊഹാലിയിലെ രണ്ടാം സെമിയിലും നാടകീയതയ്ക്ക് കുറവുണ്ടായില്ല. ആംബ്രോസും ബിഷപ്പും കയറിയിറങ്ങിയ ഓസ്ട്രേലിയൻ ബാറ്റിംഗ് നിര സ്കൂൾ കുട്ടികളുടെ ബാറ്റിംഗ് സ്കോർ ബോർഡ് പോലെ ശുഷ്കമായിരുന്നു. 15 റണ്ണുകൾക്ക് നഷ്ട്ടപ്പെട്ടത് മാർക്ക് വോ, പോണ്ടിംഗ്, സ്റ്റീവ് വോ, ടെയ്ലർ എന്നിവരെ. അവസാനത്തെ ജോഡിയായ സ്റ്റ്യുവർട്ട് ലോയും മൈക്കിൾ ബെവനും അവസാനം ഇയാൻ ഹീലിയും ചേർന്ന് സ്കോർ കഷ്ടിച്ച് 200നപ്പുറത്തേയ്ക്ക് മറിച്ചിട്ടു. മറുപടി ബാറ്റിംഗിൽ വിൻഡീസ് 2 /169 എന്ന അതിശക്തമായ നിലയിൽ. ഷെയ്ൻ വോണിന്റെ ആക്രോശങ്ങൾ നാനാഭാഗത്തു നിന്നും കാണാമായിരുന്നു. മഗ്രാത്തിന്റെ നാഡീനരമ്പുകൾക്ക് ഉണർവേകുന്ന സൂത്രവാക്യങ്ങൾ പകരുന്നതും കാണാമായിരുന്നു. മഗ്രാത്ത് ആഞ്ഞടിക്കുന്നു. 80 റൺസെടുത്ത് പരുക്കുമായി കഷ്ടപ്പെട്ടിരുന്ന ചന്ദർപോൾ പുറത്ത്. പിന്നെ സ്കോർ ഷീറ്റിൽ 2,1, 2,0,3,2,0 എന്നിങ്ങനെയുള്ള അക്കങ്ങൾ മാത്രം. ഓസീസ് 5 റൺസിന്റെ അപ്രതീക്ഷിത ജയവുമായി ഫൈനലിൽ✨

ഫൈനലിനെപ്പറ്റി പറയുമ്പോൾ ,ഒരൊറ്റ വാക്കിലൊതുക്കിയാൽ ഡിസിൽവ. ടോസ് നേടി ബോൾ ചെയ്യാൻ എടുത്ത തീരുമാനം തിരിഞ്ഞു കടിയ്ക്കാൻ തുടങ്ങിയിരുന്നു.2/150 എന്ന നിലയിൽ റിക്കി പോണ്ടിങ്ങിനെ (45) നഷ്ട്ടപ്പെട്ടപ്പോൾ സ്കോറിംഗ് റേറ്റ് ഉയർത്താൻ ഷെയ്ൻ വോണിന് സ്ഥാനക്കയറ്റം. അത് പിഴച്ചു. ഒടുവിൽ ടെയ്ലറിന്റെ (74) സംഭാവനയും കൂടി ചേർത്ത് 241/7 എന്ന നിലയിൽ ഇന്നിംഗ്സ് അവസാനിച്ചു. ലോകകപ്പ് ഫൈനലിൽ 241 എന്നത് ഒരു മോശം സ്കോറല്ലായിരുന്നു.23 റണ്ണുകൾ ആയപ്പോഴേയ്ക്ക് രണ്ട് ഓപ്പണർമാരേയും മടക്കി ഓസ്ട്രേലിയൻ പ്രതിരോധം അതിന്റെ തനിനിറം കാണിച്ചു. ആദ്യം അരവിന്ദയും അശാങ്കഗുരുസിംഗയും ചേർന്ന് അതിന്റെ പകുതി മായ്ച്ചു കളഞ്ഞു. 125 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് തീർത്തു കൊണ്ട്. അവസാനം ക്യാപ്റ്റനോടൊപ്പം ചേർന്ന് അരവിന്ദ തന്നെ എല്ലാം ഭംഗിയായി അവസാനിപ്പിച്ചു. മൂന്നു വിക്കറ്റും 107 റണ്ണുകളും. കളിയിൽ മറ്റാര് കേമനാവാൻ? ഒരേയൊരു നിർഭാഗ്യം മാത്രം. തേഡ് മാനിലേക്ക് എഡ്ജ് ചെയ്ത് രണതുംഗ (47*) വിന്നിംഗ് ഷോട്ട് പായിക്കുന്നത് നോൺ സ്‌ട്രൈക്കിംഗ് എന്റിൽ നിന്നു കൊണ്ട് കാണേണ്ടി വന്നു എന്നതു മാത്രം. ചരിത്രം പിറക്കുന്ന ധന്യ നിമിഷങ്ങൾ.ലോകകപ്പുയർത്തുന്ന അഞ്ചാമത് രാജ്യം കൂടിയായി ശ്രീലങ്ക.✨✨✨

by,
Arun Paul.

നിങ്ങൾക്കറിയാമോ..?
ഏറ്റവും കൂടുതൽ ലോകകപ്പ് ഫൈനലുകൾ നിയന്ത്രിച്ച അമ്പയർ..?

 

Leave a comment

Your email address will not be published. Required fields are marked *