മുല്ലപ്പൂ വിടർന്ന 1992 ലോകകപ്പ്
ക്രിക്കറ്റിലെ സുവർണ്ണകാലമെന്ന് തന്നെ വിശേഷിപ്പിച്ച് തുടങ്ങാം.. നിറമുള്ള കുപ്പായങ്ങളും വെളുത്ത പന്തുകളും ഉപയോഗിക്കപ്പെട്ട ആദ്യ ലോകകപ്പ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ വിലക്ക് നീങ്ങിയ ദക്ഷിണാഫിക്കകാരുടെ ആദ്യ ലോകകപ്പ്. പല മത്സരങ്ങളും രാത്രിയും പകലുമായിരുന്നു. ഫോർമാറ്റിലും ഉണ്ടായി ചില മാറ്റങ്ങൾ. എട്ട് രാജ്യങ്ങളും പരസ്പരം മത്സരിച്ചു.അതിൽ നിന്ന് മികച്ച നാലുപേർ സെമിയിലെത്തി.അങ്ങനെ 39 മത്സരങ്ങൾക്കൊടുവിൽ പാക്കിസ്താൻ എന്ന പുതിയ ജേതാവിനെ ലോകം കണ്ടു. 2, 3, 4 ലോകകപ്പുകളിൽ സെമിയിൽ വരെ എത്തിയിട്ടും ഫൈനൽ എന്ന കടമ്പ പാക്കിന് ഒരു വിലങ്ങ് തടിയായിരുന്നു.. പക്ഷേ ഇത്തവണ ,സകല ബന്ധനങ്ങളും പൊട്ടിത്തെറിപ്പിച്ച് കുതിക്കുന്ന പാക്കിനെയാണ് ലോകം കണ്ടത്. അതേ, തുടർച്ചയായ് നാല് സെമിഫൈനലിൽ എത്തിയപ്പോൾ തന്നെ അവരുടെ ദൃഢനിശ്ചയം വ്യക്തമായിരുന്നു………” ഈ കപ്പിൽ ഞങ്ങൾ മുത്തമിട്ടിരിക്കും ” എന്ന്.
സച്ചിൻ ടെണ്ടുൽക്കർ, ബ്രയൻ ലാറ, ഇൻസമാം ഉൾ ഹഖ്, മാർക്ക് വോ തുടങ്ങിയ ബാറ്റിംഗ് ഇതിഹാസങ്ങളുടെ ആദ്യ ലോകകപ്പായിരുന്നു ഓസ്ട്രേലിയയിലും ന്യൂസിലന്റിലുമായി നടന്ന ഈ അഞ്ചാം എഡിഷൻ. ഫീൽഡിങ്ങിനെ ബൗളിങ്ങിന്റെ കൃത്യതയുടെ നിലവാരത്തിലേക്ക് ഉയർത്തിയ ജോണ്ടി റോഡ്സ് എന്ന വിസ്മയം. വെള്ളിടി പോലെ വിസ്മയിപ്പിച്ച് അലൻ ഡൊണാൾഡ്. മധുരിക്കുന്ന ഓർമ്മകളുടെ ഒരു കലവറ തന്നെയാണ് ബെൻസൺ ആൻറ് ഹെഡ്ജസ് എന്ന പേരിലെ ഈ ലോകകപ്പ്.
ഓക്ലന്റിലെ ഈഡൻ പാർക്കിൽ അരങ്ങേറിയ ആദ്യ മത്സരത്തിൽ, മാർട്ടിൻ ക്രോയുടെ അവിസ്മരണീയ സെഞ്ചുറി കരുത്തിൽ കിവീസ് 50 ഓവറിൽ 249 റൺസ് വാരിക്കൂട്ടി. തിരിച്ചടിക്കാൻ എത്തിയ ഓസീസിന് 37 റണ്ണുകൾക്ക് പരാജയം സമ്മതിക്കേണ്ടി വന്നു. ഡേവിഡ് ബൂൺ എന്ന ഒറ്റയാന്റെ 100 റൺസുകൾ മാത്രം മതിയാകുമായിരുന്നില്ല ആ പരാജയം ഒഴിവാക്കാൻ.
91 ന്റെ പൊതു ചിത്രം ആദ്യം തരുന്ന ഓർമ്മകൾ കിവീസ് ഉപയോഗിച്ച തന്ത്രങ്ങളാണ്.അത് ഫൈനലിന്റെ വക്കുവരെ കൊണ്ടെത്തിക്കുകയും ചെയ്തു.മാർക്ക് ഗ്രെയ്റ്റ്ബാച്ച് എന്ന മധ്യനിരക്കാരൻ ഇടംകൈ ബാറ്റ്സ്മാനെ ഓപ്പണറാക്കി മാറ്റിയതും ദീപക് പട്ടേൽ എന്ന ഓഫ് സ്പിന്നറെ ഓപ്പണിംഗ് ബൗളർ ആക്കിയതുമെല്ലാം വ്യക്തമായ പദ്ധതികളുടെ ഭാഗമായിരുന്നു. സ്ട്രെയ്റ്റ് ബൗണ്ടറികളുടെ നീളവും സ്ക്വയർ ബൗണ്ടറികളിലേയ്ക്കുള്ള ദൂരക്കുറവുമെല്ലാം അവർ ക്യത്യമായി ഉപയോഗപ്പെടുത്തി. ആദ്യത്തെ 15 ഓവറുകളിലെ ബൗളിംഗ് നിയന്ത്രണം ആദ്യം ഉപയോഗിക്കപ്പെട്ടതും ഈ ലോകകപ്പിലായിരുന്നു.പ്രാഥമിക റൗണ്ടിലെ ആദ്യത്തെ 6 മത്സരങ്ങളും ജയിച്ച് അവസാനത്തേതിൽ പാക്കിസ്താനോട് മാത്രം പരാജയപ്പെട്ടാണ് അവർ സെമിയിൽ പ്രവേശിച്ചത്.
ജയിച്ച എല്ലാ മത്സരങ്ങളിലും കിവീസ് നിലനിർത്തിയ ആധികാരികത ശ്രദ്ധേയമായിരുന്നു. ഓരോ എതിരാളിക്കുമെതിരെ വ്യക്തമായ പദ്ധതികൾ.ക്യഷ്ണമാചാരി ശ്രീകാന്തിനെ ലോങ്ങ് ഓൺ ബൗണ്ടറിയുടെ ആകർഷണ വലയത്തിൽ കുടുക്കിക്കൊണ്ട് പുറത്താക്കുന്നു.ഗാവി ലാർസൻ, ക്രിസ് ഹാരിസ് എന്നിവരെപ്പോലുള്ള നിരുപദ്രവകാരികളെന്ന് തോന്നിപ്പിക്കുന്ന ബൗളർമാരുടെ 20 ഓവറുകൾ വേണ്ട സമയത്ത് ഉപയോഗിച്ച് മുതലാക്കുന്നു. ഇതെല്ലാം നിയന്ത്രിച്ചിരുന്നത് ജോൺ റൈറ്റും മാർട്ടിൻ ക്രോയും ചേർന്നായിരുന്നു എന്നത് മറ്റൊരു വസ്തുത.ഈ ലോകകപ്പിൽ കൂടുതൽ റൺസ് (456) നേടിയതും ടൂർണമെന്റിലെ താരമായതും മാർട്ടിൻ ക്രോ തന്നെയായിരുന്നു.
ഇനി, ഇന്ത്യയെ കുറിച്ച് പറയാനാണെങ്കിൽ തോൽവിയിൽ നിന്നു തന്നെ തുടങ്ങാം. ഇന്ത്യയുടെ ദുരിതങ്ങൾ തുടങ്ങിയത് ലോകകപ്പിനും മുമ്പാണ്.5 ടെസ്റ്റുകളുള്ള പരമ്പര 4-0 ത്തിന് പരാജയപ്പെട്ടതിന്റെയും അതിനു ശേഷം നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ ശരാശരി പ്രകടനങ്ങളുടേയും തുടർച്ചയായിരുന്നു ഇന്ത്യയുടെ ഈ ലോകകപ്പ്.പെർത്തിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 9 റൺസ് തോൽവി.തോറ്റതിനേക്കാൾ അതിന്റെ ആഘാതമാണ് ഇന്ത്യയെ സ്വാധീനിച്ചത് എന്നു പറയാം. 237 എന്ന ലക്ഷ്യം അത്ര വലിയ സംഖ്യയിരുന്നില്ല. പെർത്തിലെ ബൗളിംഗ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും. 63 റണ്ണുകളുടെ ഓപ്പണിംഗ് കൂട്ടുകെട്ട് നൽകിയ അടിത്തറ തകർന്നുവീണു.140 / 2 എന്നത് 149/5 എന്ന നിലയിലും തുടർന്ന് 227 ന് ഓൾ ഔട്ട് എന്ന അവസ്ഥയിലും എത്തി. ദൗർഭാഗ്യങ്ങളുടെ അകമ്പടി വേറെയും. ശ്രീലങ്കയ്ക്കെതിരെ മാക്കെയിലെ മത്സരം മഴമൂലം 20 ഓവറാക്കി വെട്ടിച്ചുരുക്കി. രണ്ട് പന്തുകൾ കഴിഞ്ഞപ്പോൾ മത്സരം ഉപേക്ഷിച്ചു. ബ്രിസ്ബനിൽ ഓസീസിനെതിരെ നടന്ന മത്സരം 1987-ലെ മദ്രാസ് മത്സരത്തിന്റെ തനിയാവർത്തനമായി ഒരു റണ്ണിനു പരാജയപ്പെട്ടു. പാക്കിസ്താനെതിരെ സിഡ്നിയിൽ ആശ്വാസജയം. പിന്നീടങ്ങോട്ട് മിക്കവാറും കളികൾ മഴയിൽ കുതിർന്നു. മഴനിയമത്തിൽ വിൻഡീസിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും തോറ്റതോടെ സെമി മോഹങ്ങളും പൊലിഞ്ഞു.
വിൻഡീസിന് പാക്കിസ്താനെതിരെ 10 വിക്കറ്റിന് ജയിച്ചതൊഴിച്ചാൽ കാര്യമായി പറയാൻ ഒന്നുമില്ലായിരുന്നു. ടൂർണമെന്റിലെ നാലാം മത്സരത്തിൽ റമീസ് രാജ 102 * മിയാൻദാദ് 57 * സഖ്യത്തിന്റെ കരുതലോടെയുള്ള ബാറ്റിംഗ് പാക്കിസ്ഥാനെ 50 ഓവറുകളിൽ 220/2 എന്ന മാന്യമായ ടോട്ടലിൽ എത്തിച്ചു. പക്ഷേ വിൻഡീസിന്റെ മറുപടി ബാറ്റിങ്ങിൽ ഡെസ്മണ്ട് ഹെയ്ൻസും 93 * ബ്രയാൻ ലാറയും 88 * ഓപ്പണിങ്ങിറങ്ങി താണ്ഡവമാടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ലാറ പരുക്ക്പറ്റി പവലിയനിലേക്ക് പോയപ്പോഴാണ് പാക്കിസ്ഥാൻ ബൗളേർസിന് നടുവ് നിവർത്താൻ ഒരവസരം കിട്ടിയതു തന്നെ. വിക്കറ്റ് നഷ്ട്ടപ്പെടുത്താതെ റിച്ചി റിച്ചാർഡ്സൺ 20 * കൂടി ചേർന്നതോടെ വിൻഡീസിന് 10 വിക്കറ്റ് വിജയം. തോൽവിയിൽ നിന്നും വിജയവേദികളിലേക്ക് പാക്കിന്റെ കുതിപ്പ് തുടങ്ങുന്നു…ജയത്തിൽ നിന്നും തോൽവികളിലേക്ക് വിൻഡീസിനെ കിതപ്പും.
കിവീസ് Vs പാക്ക് ആദ്യ സെമി ഒരു ഫൈനലിനെ വെല്ലുന്നതായിരുന്നു. ഓക്ലന്റിൽ ടോസ് നേടിയ മാർട്ടിൻ ക്രോനേടിയ 91 റണ്ണുകളുടെ മികവിൽ കിവീസ് 267 റൺസ് എടുത്തു. പട്ടേലിന്റ ഓഫ് സ്പിൻ ഫലിച്ചു.ആമിർ സൊഹെയ്ൽ നേരത്തേ പുറത്തായി. റമീസ് രാജയും മൂന്നാമനായിറങ്ങിയ ഇമ്രാനും മിയാൻദാദും ചേർന്ന് സ്കോർ 134 വരെ എത്തിച്ചു. ഒരറ്റത്ത് മിയാൻദാദ് നിൽക്കുന്നു. ആകെയുള്ളത് യുവതാരം ഇൻസമാം മാത്രം. പിന്നീട് ജാവേദിന് കാഴ്ച്ചക്കാരന്റെ പണിയേ ഉണ്ടായിരുന്നുള്ളൂ… 37 പന്തിൽ 60 റണ്ണുകളുമായി ഇൻസി നിറഞ്ഞു നിന്നു.11 പന്തുകളിൽ 20 റണ്ണുകളെടുത്ത് മോയിൻ ഖാൻ അവസാനത്തെ ആണിയും അടിച്ചു കയറ്റി. അങ്ങനെ ആദ്യമായി പാക്കിസ്താൻ ലോകകപ്പിന്റെ ഫൈനലിലേയ്ക്ക് നടന്നു കയറി.
അപ്പുറത്ത് സിഡ്നിയിൽ അതിലും വലിയ നാടകം അരങ്ങേറി. ക്ലൈമാക്സിൽ ജയിക്കാൻ ഒരു പന്തിൽ 22 റണ്ണുകൾ എന്ന് മിന്നിത്തിളങ്ങിയ സ്കോർബോർഡ് നോക്കി നിസ്സംഗതയോടെ പന്തിനെ മിഡ് വിക്കറ്റ് ഫീൽഡറുടെ അടുത്തേയ്ക്ക് പ്രതിരോധിച്ചിട്ട് ഡേവിഡ് റിച്ചാർഡ്സൺ തിരിഞ്ഞു നടന്നു.45 ഓവറുകളാക്കി ചുരുക്കിയ മത്സരത്തിൽ ഇംഗ്ലണ്ട് ഗ്രെയിം ഹിക്ക് നേടിയ 83 റണ്ണുകളുടെ സഹായത്തോടെ 252 റൺസെടുത്തു.43 ആം ഓവറിലെ അവസാന പന്തിൽ വീണ്ടും മഴ എത്തി. മത്സരം വീണ്ടും വെട്ടിച്ചുരുക്കപ്പെടുന്നു.13 പന്തുകളിൽ 22 റണ്ണുകൾ വേണ്ടിയിരുന്നത് അസംഭവ്യമായ സമവാക്യത്തിലെത്തുന്നു.ആദ്യ ലോകകപ്പിൽത്തന്നെ ഫൈനലിൽ എത്താനുള്ള ദക്ഷിണാഫ്രിക്കയുടെ നിയോഗം മഴയിൽ ഒലിച്ചുപോയി. മഴയിൽ വീണുകിട്ടിയ ഫൈനൽ ബർത്തിന്റെ ആവേശത്തിൽ ഇംഗ്ലണ്ട് മിന്നിത്തുടങ്ങുന്നു….
മെൽബണിൽ ഫൈനൽ അരങ്ങേറുന്നു.ടോസ് നേടിയ ഇമ്രാൻ ബാറ്റു ചെയ്യാൻ തീരുമാനിച്ചു. ഫോമിലല്ലാതിരുന്ന സലീം മാലിക്കിനെ താഴേക്ക് മാറ്റി മൂന്നാമനായി സ്വയം ഇറങ്ങുന്നതിനെച്ചൊല്ലി ചെറിയ തർക്കങ്ങളൊക്കെ നിലനിന്നിരുന്നു. അതൊന്നും കാര്യമാക്കാതെ തീരുമാനത്തിൽ ഉറച്ചുനിന്ന പാക്കിസ്താൻ ക്യാപ്ടൻ ബാറ്റുകൊണ്ട് മറുപടി നൽകി. 72 റണ്ണുകളോടെ ടോപ് സ്കോററായി. സ്കോറിങ് വേഗത ചെറിയ പ്രശ്നമായിരുന്നു. മിയാൻദാദിന്റെ (58) വക മറ്റൊരു അർദ്ധ സെഞ്ചുറി. അതും മെല്ലേപ്പോക്കായിരുന്നു.ഇൻസമാമിന്റെയും വസീം അക്രത്തിന്റെയും വക അവസാനഓവറുകളിലെ ഒരു കൂട്ടപ്പൊരിച്ചിൽ സ്കോർ 249/6 എന്ന നിലയിലെത്തിച്ചു. ആശ്വസിക്കാൻ വകയില്ല.
ഇംഗ്ലണ്ടിനും അത് പരീക്ഷണങ്ങളുടെ കാലം. അവസാന ലോകകപ്പ് കളിക്കുന്ന ഇയാൻ ബോത്തമാണ് ഒരു ഓപ്പണിംഗ് ബാറ്റ്സ്മാൻ. ഒരറ്റത്ത് ഗ്രഹാം ഗൂച്ച് പിടിച്ചുനിന്നു. മറുവശത്ത് ഓരോരുത്തരായ് വന്നുപോയ്ക്കൊണ്ടിരുന്നു. അവസാനം മനം മടുത്ത് ഗൂച്ച്, മുഷ്താഖ് അഹമ്മദിനെ സ്വീപ്പ് ചെയ്തു.നേരെ ഫൈൻ ലെഗ് ഫീൽഡറുടെ കൈകളിൽ. നീൽഫെയർബ്രദറും അലൻ ലാംബും ചേർന്ന് ഒരു രക്ഷാപ്രവർത്തനം തുടങ്ങിവെച്ചു.141/3 എന്ന നിലയിൽ കാര്യങ്ങൾ മെച്ചപ്പെട്ടു വരുന്നു. ടൂർണമെന്റിലെ മോസ്റ്റ് വിക്കറ്റ് ടേക്കർ (18 Wkts) വസിം അക്രം രണ്ടാം സ്പെല്ലിനായിഎത്തി. രണ്ട് ഇൻസ്വിങ്ങറുകളിൽ ലാംബും ക്രിസ് ലൂയിസും പുറത്ത്. അമ്പതാം ഓവറിൽ റിച്ചാഡ് ഇല്ലിങ്ങ് വർത്ത് ഇമ്രാൻ ഖാനെ ഉയർത്തിയടിച്ച പന്ത് മിഡ്ഓണിൽ റെമീസിന്റെ കൈകളിൽ സുരക്ഷിതം.കപ്പ് ഇമ്രാൻ ഖാന്റെ കൈകളിലും. ആഘോഷങ്ങളുടെ ഉന്മാദ രാവുകളിൽ അവർ ഉറക്കെ പറഞ്ഞു… ‘ക്രിക്കറ്റ് ചരിത്രത്തിൽ പാക്കിസ്ഥാൻ എന്ന നാമം മായാതെ നിൽക്കും” എന്ന്….!
By,
Arun Paul @ 🏆 ചരിത്രം.
നിങ്ങൾക്കറിയാമോ..?
ഏറ്റവും കുറവ് സെഞ്ചുറികൾ പിറന്ന ലോകകപ്പ് ഏത് വർഷം?എത്ര സെഞ്ചുറികൾ?