നിക്കി ലൗഡാ വിടവാങ്ങുമ്പോൾ !!
1976-ലെ ഫോർമുല വൺ പോരാട്ടത്തിലെ ജർമൻ ഗ്രാൻഡ് പ്രിക്സ്. കിരീടത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയായിരുന്നു ഓസ്ട്രിയയുടെ എക്കാലത്തെയും മികച്ച എഫ് വൺ ഡ്രൈവർ നിക്കി ലൗഡ. 1975 ലെ ചാമ്പ്യൻ എന്ന നിലയ്ക്ക് എഫ് 1 പോരാട്ടത്തിലെ നിക്കിയുടെ അപ്രമാദിത്വം ബ്രിട്ടന്റെ അഴകിയരാവണൻ ജെയിംസ് ഹണ്ട് വല്ലാതെ ചോദ്യം ചെയ്തു കൊണ്ടിരുന്നു. നിക്കിയും ജയിംസും തമ്മിലുള്ള കിരീടപ്പോരാട്ടം 1976 എഫ് 1 റെയ്സിനെ മുമ്പെങ്ങുമില്ലാത്തവിധം കോരിത്തരിപ്പിച്ചു കൊണ്ടിരിക്കുന്ന സമയം. ജർമനിയിലെ നൂർബർഗറിംഗ് സർക്യൂട്ടിൽ ഇവർ തമ്മിലുള്ള മത്സരം ആ കൊല്ലത്തെ കിരീട നിർണായത്തിന് പോന്നതായിരുന്നു.
എന്നാൽ “ദ ഗ്രീൻ ഹെൽ” എന്നറിയപ്പെടുന്ന നൂർബർഗറിംഗ് സർക്യൂട്ട് സുരക്ഷാ സജ്ജീകരണങ്ങളിൽ സംശയം പ്രകടിപ്പിച്ച നിക്കി റേസ് ബോയ്ക്കോട്ട് ചെയ്യാൻ സഹ താരങ്ങളോട് ആവശ്യപ്പെട്ടു. മത്സരത്തിൽ നിന്ന് രക്ഷപ്പെടാനുള്ള നിക്കിയുടെ അടവാണ് എന്നുപറഞ്ഞ് സഹതാരങ്ങൾ ആവശ്യം നിരാകരിച്ചു. അവരെ അങ്ങനെ ഒരു തീരുമാനത്തിലെത്തിക്കാൻ ജെയിംസ് ഹണ്ടിന് സാധിച്ചു എന്നു വേണം കരുതാൻ. വോട്ടിനിട്ട് തീരുമാനം കേവലം ഒരു വോട്ടിനു പരാജയപ്പെട്ടു. എന്നാൽ അവർ ഒരു കാര്യം ഓർത്തില്ല, നൂർബർഗറിംഗ് സർക്യൂട്ടിലെ ഏറ്റവും വേഗമുള്ള ഡ്രൈവർ എന്ന റെക്കോർഡ് അപ്പോഴും നിക്കിയുടെ പേരിലായിരുന്നു. തന്റെയും സഹതാരങ്ങളുടെയും സുരക്ഷയെ കരുതിയാണ് നീക്കി ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. എന്നും വിവേക് പരമായി തീരുമാനമെടുക്കുന്നതിൽ നിക്കി ശ്രദ്ധ ചെലുത്തിയിരുന്നു. അതുകൊണ്ടുതന്നെ എഫ് വൺ ചരിത്രത്തിലെ ഏറ്റവും സാങ്കേതിക തികവാർന്ന ഡ്രൈവർ എന്ന് അറിയപ്പെടുന്നു.
എന്നാൽ ശപിക്കപ്പെട്ട ആ ദിവസം നിക്കിയുടെ വിവേകം വികാരത്തിന് വഴി മാറി. ജെയിംസ് ഹണ്ടിനോടുള്ള മത്സരബുദ്ധിയും കണക്കിലെടുത്ത് നിക്കി നൂർബർഗറിംഗ് സർക്യൂട്ടിൽ ഒരു മരണ കളിക്കു തന്നെ തയ്യാറായി. പോൾ പൊസിഷനിൽ ജെയിംസ് പിന്നിൽ രണ്ടാമതായാണ് നിക്കി അണിനിരന്നത്. മത്സരത്തിന് മുമ്പ് പെയ്ത മഴ ട്രാക്ക് നനച്ചിരുന്നു. അതുകൊണ്ടുതന്നെ വെറ്റ് വെതർ ടയർ ആയിരുന്നു താരങ്ങൾ തിരഞ്ഞെടുത്തത്. ആദ്യ ലാപ്പ് കഴിഞ്ഞപ്പോൾ തന്നെ ആ തീരുമാനം തെറ്റി എന്ന് തെളിഞ്ഞു. ട്രാക്ക് പെട്ടെന്ന് ഡ്രൈ ആവുകയും ആദ്യ ലാപ്പ് കഴിഞ്ഞപ്പോൾതന്നെ താരങ്ങൾക്ക് ഡ്രൈ വെതർ ടയറിലേക്ക് മാറ്റം വരുത്തേണ്ടി വന്നു.
ഈ സമയനഷ്ടം നിക്കിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി. തൻറെ ലീഡ് തിരിച്ചുപിടിക്കാൻ കുതിച്ചു നിക്കി. ഒരു ഭ്രാന്തൻ കുതിരയെപ്പോലെ കുതിച്ചു പാഞ്ഞ നിക്കിയുടെ ഫെറാറി 312T2 ബർഗ്വെർക്ക് റൈറ്റ് ഹാൻഡ് കർവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ടു വശങ്ങളിലെ വേലിയിൽ ഇടിച്ച് തീപിടിച്ചു. നിമിഷനേരംകൊണ്ട് നിക്കിയുടെ ഫെറാറിയെ അഗ്നിനാളങ്ങൾ വിഴുങ്ങി. അതിനുള്ളിൽ ജീവനോടെ വെന്തു രൂപപ്പെട്ട നിക്കിയും. കത്തിക്കൊണ്ടിരുന്ന നിക്കിയുടെ കാറിലേക്ക് കുതിച്ചു വരികയായിരുന്ന ഹെറാൾഡ് എർട്ടിലും ബ്രെറ്റ് ലങറും ഇടിച്ചുകയറി. ആ ദുരന്തത്തിൽ ആളി കത്തുകയായിരുന്നു കാറിനുള്ളിൽ നീക്കി മൂന്നു മിനിറ്റോളം അകപ്പെട്ടു.
“ദ ഗ്രീൻ ഹെൽ” ഒരു “റിയൽ ഹെൽ” ആയ നിമിഷങ്ങൾ. ഉടനെ തന്നെ നിക്കിയെ ആശുപത്രിയിലേക്ക് മാറ്റി. എന്നിരുന്നാലും ഇത്രയും ഭീകരമായ ഒരു അഗ്നിബാധയിൽ നിന്ന് രക്ഷപ്പെട്ട നിക്കിയുടെ ആന്തരികാവയവങ്ങൾക്ക് സാരമായി പരിക്കേറ്റു. വിഷവാതകം ശ്വസിച്ച് ശ്വാസകോശവും ബ്ലഡ് സ്ട്റീമിന്റെയും പ്രവർത്തനം തകരാറിലായി. അദ്ദേഹം കോമയിൽ ആവുകയും ചെയ്തു. വലത്തെ ചെവി പൂർണമായി കത്തിയമർന്നു. കൺപോളകൾ തലയുടെ വലതു ഭാഗം എന്നിവ പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിൽ ഇനി ജീവിതത്തിലേക്ക് തന്നെ തിരിച്ചു വരുമോ എന്ന് സംശയിച്ച് നാളുകൾ.
നിക്കിയുടെ അഭാവം എഫ് വൺ ടേബിളിൽ അതിശക്തമായ മാറ്റങ്ങളുണ്ടാക്കി. തുടർച്ചയായ വിജയങ്ങളോടെ ജെയിംസ് പോയിൻറ് ടേബിൾ മുന്നോട്ടു വന്നു കൊണ്ടിരുന്നു. എന്നിരുന്നാലും നിക്കിയുടെ ഈ അവസ്ഥയ്ക്ക് താനും ഒരു കാരണമാണെന്ന് ചിന്ത ജെയിംസിനെ അലട്ടുന്നുണ്ടായിരുന്നു. അതേസമയം ഹോസ്പിറ്റലിൽ സ്വബോധം വീണ്ടെടുത്ത നീക്കി തൻറെ അവസ്ഥയിൽ അസ്വസ്ഥനാവുകയായിരുന്നു. തൻറെ അഭാവത്തിൽ ജെയിംസ് വിജയങ്ങൾ നേടിക്കൊണ്ടിരിക്കുന്നത് നിക്കിക്ക് താങ്ങാവുന്നതിലും അപ്പുറം ആയി. എങ്ങിനെയും ട്രാക്കിലേക്ക് മടങ്ങുവാൻ നിക്കി കൊതിച്ചു കൊണ്ടിരുന്നു. ഹോസ്പിറ്റലിലെ കഠിനവും നരകതുല്യമായ ചികിത്സാരീതികൾ നിക്കി അനുസരണയോടെ സഹനത്തോടെ സഹായിച്ചു. ശരീരം തളർന്നപ്പോഴും ചികിത്സ തുടരാൻ വേണ്ടി എത്ര കഠിന വേദനകളും സഹിക്കാൻ തയ്യാറായി.
പിന്നീട് കണ്ടത് കായിക ലോകത്തിലെ അല്ല, ലോകത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവായിരുന്നു. ഇനി ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്ന് കരുതിയ വ്യക്തി വെറും ആറാഴ്ചകൊണ്ട് റേസിംഗ് ട്രാക്കിലേക്ക് തിരിച്ചുവന്നു. മുഖത്ത് ബാൻഡേജും ശരീരത്തിൻറെ വൈരുപ്യവും പ്രകടമാക്കി ഇറ്റാലിയൻ ഗ്രാന്റ് പ്രിക്സിലേക്ക് നിക്കി വന്നത് ലോകത്തിൻറെ മുന്നിൽ താൻ തളരില്ല എന്ന് പ്രസ്താവിച്ചു കൊണ്ടായിരുന്നു. ഇറ്റാലിയൻ ജി പി യിൽ റോണി പീറ്റേഴ്സൺ വിജയിച്ചു എങ്കിലും എല്ലാ കണ്ണുകളും നാലാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ ആയിരുന്നു നിക്കി ലൗഡയിൽ ആയിരുന്നു. നിക്കിയുടെ വിജയത്തിൽ ഏറ്റവും സന്തോഷിച്ചത് ജെയിംസ് ആയിരുന്നിരിക്കണം.
1976 ഫോർമുലവൺ പോരാട്ടത്തിലെ ബാക്കി മത്സരങ്ങൾ ഇതിഹാസതുല്യം ആയിരുന്നു. ഒടുക്കം 24 ഒക്ടോബർ 1976 ലെ പെരുമഴ പെയ്ത ജാപ്പനീസ് ഗ്രാൻഡ് പ്രിക്സ്, എഫ് വൺലെ ആ വർഷത്തെ അവസാനത്തെ പോരാട്ടത്തിൽ, ഒരു പോയിന്റ് വ്യത്യാസത്തിൽ ജെയിംസ് ഹണ്ട് എഫ് വൺ ചാമ്പ്യനായി. ജെയിംസും നീക്കിയും തമ്മിലുള്ള പോരാട്ടം ലോക കായിക ചരിത്രത്തിലെ തന്നെ അഗ്രഗണ്യമായ പോരാട്ടമാണ്. പിന്നീട് 1977 എഫ് 1 കിരീടം നിക്കി തിരിച്ചുപിടിച്ചു. 1984 ആ നേട്ടം ആവർത്തിക്കുകയും ചെയ്തു. റേസിംഗ് ട്രാക്കിന് പുറത്ത് നിക്കിയും ജയിംസും നല്ല സുഹൃത്തുക്കളായി തുടർന്നു. ഇന്നലെ (20 മെയ് 2019) ലോകത്തുനിന്ന് നിക്കി വിടപറയുമ്പോൾ ചരിത്രത്തിലെ ഒരു അപൂർവ്വ വ്യക്തിത്വമാണ് വിടപറയുന്നത്.