സൂപ്പർ ഓവറിൽ മുംബൈക്ക് വിജയം, പ്ലേയ് ഓഫ് യോഗ്യത
ആദ്യാവസാനം ആവേശം നിറഞ്ഞ മത്സരത്തിൽ മനീഷ് പാണ്ഡെയുടെ ഒറ്റയാൾ പോരാട്ടത്തിനും മുഹമ്മദ് നബിയുടെ അവസാന വെടിക്കെട്ടിനും സൺറൈസേഴ്സിനെ മുംബൈ ഇന്ത്യൻസ് സ്കോറിന് ഒപ്പമെത്തിക്കാനേ കഴിഞ്ഞുള്ളു. അവസാന ഓവറിൽ വേണ്ടിയിരുന്ന 17 റൺസിൽ 16 റൺസും അടിച്ചെടുത്ത അവർ മത്സരം സൂപ്പർ ഓവറിലേക്ക് നയിക്കുകായായിരുന്നു. സാഹയും ഗുപ്ടിലും മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ബുമ്രയുടെ കൃത്യതയുള്ള ബൗളിങ്ങിന് മുന്നിൽ ഇരുവരും വീണു. 15 പന്തിൽ 25 റൺസെടുത്ത സഹയാണ് ആദ്യം പുറത്തായത്. 4 ഓവറിൽ 40 റൺ ആയിരുന്നു അപ്പോൾ സൺറൈസേഴ്‌സ് സ്കോർ. വാർണറും ബെയർസ്റ്റോയും തിരിച്ചു പോയ ഒഴിവിൽ ഈ സീസണിലെ ആദ്യ മത്സരം കളിയ്ക്കാൻ ഇറങ്ങിയ ഗുപ്റ്റിലായിരുന്നു ബുമ്രയുടെ അടുത്ത ഇര. നിലയുറപ്പിക്കുന്നതിനു മുന്നേ വില്യംസണിനെ ക്രുനാൽ പാണ്ട്യ മടക്കി അയച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമാകുമ്പോളും മനീഷ് പാണ്ഡെയുടെ ചെറുത്ത് നില്പിന് ഒരു പിന്തുണ ലഭിച്ചത് പതിനഞ്ചാം ഓവറിൽ മുഹമ്മദ് നബി ക്രീസിൽ വന്നതോടുകൂടിയാണ്. 47 പന്ത് നേരിട്ട മനീഷ് പാണ്ഡെ 71 റൺസും 20 പന്ത് നേരിട്ട മുഹമ്മദ് നബി 31 റൺസും എടുത്ത് പുറത്താകാതെ നിന്നു. 8 ഓവറുകളിൽ നിന്നും 43 റൺസ് മാത്രം വിട്ടു കൊടുത്ത് രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർമാരാണ് കളി മുംബൈയുടെ വരുതിയിലാക്കിയത്.
സൂപ്പർ ഓവറിൽ മുംബൈക്കായി പന്തെറിഞ്ഞ ബുംറ വിട്ടുകൊടുത്തത് വെറും 8 റൺസ് മാത്രമാണ്. സൂപ്പർ ഓവറിൽ അനുവദിക്കപ്പെട്ടിട്ടുള്ള രണ്ടു വിക്കറ്റും സൺറൈസേഴ്സിന് നാലു പന്തിനിടെ നഷ്ടമായി. ആദ്യ പന്തിൽ മനീഷ് പാണ്ഡെ റൺ ഔട്ട് ആയപ്പോൾ നാലാം പന്തിൽ മുഹമ്മദ് നബി ക്ലീൻ ബൗൾഡ് ആയി. ഇതിനിടെ ഒരു സിക്സ് അടിച്ച മുഹമ്മദ് നബിയാണ് സ്കോർ 8 റൺസിൽ എത്തിച്ചത്. വിജയലക്ഷ്യമായ 9 റൺസിലെത്താൻ മുംബൈക്ക് വേണ്ടി വന്നത് വെറും മൂന്നു പന്തുകൾ ആണ്. റഷീദ് ഖാൻ എറിഞ്ഞ ആദ്യ പന്ത് തന്നെ സിക്സർ പറത്തി ഹർദിക് പാണ്ട്യ നയം വ്യക്തമാക്കി. പിന്നീട് സിംഗിൾ എടുത്ത് പൊള്ളാർഡിനു സ്ട്രൈക്ക് കൈമാറി. അടുത്ത പന്തിൽ രണ്ടു റൺസ് എടുത്ത് പൊള്ളാർഡ് മുംബൈയെ വിജയത്തിലെത്തിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് വേണ്ടി 58 പന്തിൽ 69 റണ്സെടുത്ത് പുറത്താകാതെ നിന്ന ഡികോക്കിന്റെ പ്രകടനമാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 24 റൺസ് എടുത്ത രോഹിതും 23 റൺസ് എടുത്ത സൂര്യകുമാർ യാദവും മികച്ച പിന്തുണ നൽകി. 3 വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹമ്മദ് ബൗളിങ്ങിൽ മികച്ചു നിന്നു.