മഴ കളിച്ചു; ബാംഗ്ലൂർ പുറത്ത്, രാജസ്ഥാൻ അനിശ്ചിതത്വത്തിൽ
മെയ് ഡേ അവധി പ്രമാണിച്ചു തലേ ദിവസം ആഘോഷമാക്കാൻ ചിന്നസ്വാമിയിലേക്ക് ഇരച്ചെത്തിയവർക്ക് നിരാശയായിരുന്നു ഫലം. തൊണ്ണൂറു ശതമാനവും മഴയിൽ ഒലിച്ചു പോയ മത്സരത്തിൽ ഒടുവിൽ ഇരു ടീമുകളും പോയിന്റ് പങ്കിട്ടെടുത്തു. ഇതോടെ ഒരു മത്സരം മാത്രം അവശേഷിക്കെ 9 പോയിന്റുള്ള ബാംഗ്ലൂർ ഔദ്യോഗികമായി ടൂർണമെന്റിൽ നിന്നും പുറത്തായി. രാജസ്ഥനാകട്ടെ 11 പോയിന്റുമായി മറ്റു മത്സരങ്ങളെ ആശ്രയിച്ചിരിക്കേണ്ട അവസ്ഥയിലും.
കുറച്ച് നേരത്തേക്ക് മഴ മാറി നിന്നപ്പോൾ സമയം പരിധി കടന്നതിനാൽ കളി 5 ഓവർ ആക്കി വെട്ടിച്ചുരുക്കി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് വേണ്ടി ഓപ്പണർ ആയി ഇറങ്ങിയത് കോലിയും ഡിവില്ലിയേഴ്സും. ആദ്യ ഓവറിലെ ആദ്യ രണ്ടു പന്തുകൾ തന്നെ കാണികളുടെ ഇടയിൽ എത്തിച്ച് കോലി നയം വ്യക്തമാക്കി. രണ്ടു സിക്സറുകൾ അടിച്ച കോലിയും രണ്ടു ബൗണ്ടറികൾ നേടിയ ഡിവില്ലിയേഴ്സും ചേർന്ന് ആദ്യ ഓവറിൽ നേടിയത് 23 റൺസ്. ആദ്യാന്ത്യം നാടകീയത നിറഞ്ഞ രണ്ടാം ഓവറിൽ ശ്രെയസ് ഗോപാലിനെ ആദ്യ പന്തിൽ തന്നെ സിക്സ് അടിച്ചു കൊണ്ട് കോലി വരവേറ്റു. രണ്ടാം പന്തിൽ വീണ്ടും പന്ത് ബൗണ്ടറി കടന്നു. ആദ്യ ഓവറിന്റെ ആവർത്തനമാകുമോ ഇത് എന്ന് തോന്നിച്ച സമയത്താണ് ശ്രെയസ് ഗോപാൽ അതെ ഓവറിന്റെ അവസാന മൂന്നു പന്തുകളിൽ മൂന്നു വിക്കറ്റുകളുമായി തന്റെ ഹാട്രിക്ക് പൂർത്തിയാക്കി കാണികളെ ഞെട്ടിച്ചത്. 7 പന്തുകൾ നേരിട്ട കോലി 3 സിക്സും ഒരു ബൗണ്ടറിയും അടക്കം 25 റൺസ് എടുത്ത് പുറത്തായി. ഒടുവിൽ നിശ്ചിത 5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എടുത്ത് ബാംഗ്ലൂർ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
മറുപടി ബാറ്റിങ്ങിൽ കോലി നിർത്തിയിടത്ത് നിന്നും സഞ്ജു തുടങ്ങി. 13 പന്തുകൾ നേരിട്ട സഞ്ജു 3 സിക്സറുകളും രണ്ടു ബൗണ്ടറികളും അടക്കം 28 റൺസ് എടുത്ത് പുറത്തായി. രാജസ്ഥാൻ 3.2 ഓവറിൽ 41 റൺസ് എടുത്ത് നിൽക്കുമ്പോൾ വീണ്ടും മഴ വില്ലനായി. പിന്നീട് മത്സരം പുനരാരംഭിക്കാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നു.
രാജസ്ഥാന്റെ സാധ്യതകൾ ഇങ്ങനെ
ഇനിയുള്ള മത്സരത്തിൽ രാജസ്ഥാൻ ജയിക്കുക. അതോടെ 13 പോയിന്റുകളുമായി രാജസ്ഥാൻ ലീഗ് മത്സരങ്ങൾ അവസാനിപ്പിക്കും. മുംബൈ ഇന്ത്യൻസ് ഇനിയുള്ള രണ്ടു മത്സരങ്ങളിലും ജയിക്കുകയും ചെന്നൈ പഞ്ചാബിനെയും ബാംഗ്ലൂർ ഹൈദെരാബാദിനെയും പരാജയപ്പെടുത്തുകയും ചെയ്താൽ രാജസ്ഥാന് നാലാം സ്ഥാനക്കാരായി പ്ലേയ് ഓഫിൽ പ്രവേശിക്കാം.