രാജസ്ഥാന് തുടർച്ചയായ മൂന്നാം ജയം: പ്ലേയ് ഓഫ് പ്രതീക്ഷകൾ നിലനിർത്തി
തങ്ങളുടെ ഹോം ഗ്രൗണ്ടിലെ അവസാന മത്സരം വിജയത്തോടെ പൂർത്തിയാക്കിയ രാജസ്ഥാൻ, സൺറൈസേഴ്സിന്റെ മേൽ നേടിയ ആധികാരിക ജയത്തോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കയറി.
161 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് വേണ്ടി ഓപ്പണർ സ്ഥാനത്തേക്ക് പ്രൊമോഷൻ കിട്ടിയ ലിയാം ലിവിങ്സ്റ്റൺ കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു. 26 പന്തുകൾ നേരിട്ട ലിവിങ്സ്റ്റൺ 4 ബൗണ്ടറിയും 3 സിക്സറുകളും അടക്കം 44 റൺസ് എടുത്താണ് പുറത്തായത്. രഹാനെയ്‌ക്കൊപ്പം 78 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് അദ്ദേഹം പുറത്തായത്. രഹാനെയും മികച്ച രീതിയിൽ ബാറ്റ് വീശി. 34 പന്തുകൾ നേരിട്ട രഹാനെ 39 റൺസെടുത്തു. പിന്നീട് വന്ന സഞ്ജു സാംസണും സ്റ്റീവ് സ്മിത്തും അനായാസം രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. സ്മിത്ത് 22 റൺസ് എടുത്തു പുറത്തായി. 32 പന്തിൽ 4 ബൗണ്ടറിയും 1 സിക്സും അടക്കം 48 റൺസ് എടുത്ത് പുറത്താകാതെ നിന്ന സഞ്ജു സാംസൺ ആണ് രാജസ്ഥാന്റെ ടോപ് സ്കോറർ.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് മനീഷ് പാണ്ഡെയുടെ അർദ്ധ സെഞ്ച്വറി ആണ് തുണയായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച ഫോമിൽ കളിച്ച പാണ്ഡെ 36 പന്തിൽ 61 റൺസ് എടുത്തു. തുടർച്ചയായ ആറാം അർദ്ധ സെഞ്ച്വറി എന്ന റെക്കോർഡ് ലക്‌ഷ്യം വെച്ച് ബാറ്റിങ്ങിനിറങ്ങിയ ഡേവിഡ് വാർണർ 37 റൺസ് എടുത്ത് പുറത്തായി. കഴിഞ്ഞ 5 മത്സരങ്ങളിലും അർധസെഞ്ചുറി തികച്ച വാർണർ സെവാഗിന്റെയും ജോസ് ബട്ട്ലറിന്റെയും റെക്കോർഡിനൊപ്പം എത്തിയിരുന്നു. 37 റൺസ് എടുത്ത വാർണറിന്റെ ഇന്നിങ്സിൽ ഒരു ബൗണ്ടറി പോലും ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. മികച്ച സ്കോറിലേക്ക് നീങ്ങുമായിരുന്ന സൺറൈസേഴ്സിനെ കണിശതയാർന്ന ഡെത്ത് ഓവറുകൾ കൊണ്ട് ചുരുട്ടിക്കെട്ടിയ രാജസ്ഥാൻ ബൗളർമാരാണ് മത്‌സരം രാജസ്ഥാന് അനുകൂലമാക്കിയത്. രണ്ടു വിക്കറ്റുകൾ എടുക്കുകയും മൂന്നു മനോഹരമായ ക്യാച്ചുകൾ എടുത്ത് ഫീൽഡിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത ജയദേവ് ഉനദ്കട് ആണ് കളിയിലെ കേമൻ.
രാജസ്ഥാന്റെ ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം പകുതിയിൽ ഉള്ള ടീമുകൾ തമ്മിൽ പ്ലേയ് ഓഫ് യോഗ്യതക്ക് വേണ്ടിയുള്ള മത്സരം മുറുകിയിരിക്കുകയാണ്. ഓരോ ടീമുകൾക്കും രണ്ടോ മൂന്നോ മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ എല്ലാ ടീമുകളും പ്ലേയ് ഓഫ് യോഗ്യതക്ക് വേണ്ടി മത്സരിക്കുന്നു എന്നത് ഇക്കുറി ഐപിഎല്ലിന്റെ ആവേശം വർധിപ്പിക്കുന്നു. വരും ദിവസങ്ങളിലെ മത്സരങ്ങൾ കൂടി കഴിഞ്ഞാലേ അവസാന നാലിൽ ആരൊക്കെ എന്നത് വ്യക്തമാവുകയുള്ളൂ.