Cricket IPL Top News

ധോണിയില്ലാത്ത ചെന്നൈ നനഞ്ഞ പടക്കമെന്നു വീണ്ടും തെളിയിച്ചു: മുംബൈക്ക് ആധികാരിക ജയം.

April 27, 2019

author:

ധോണിയില്ലാത്ത ചെന്നൈ നനഞ്ഞ പടക്കമെന്നു വീണ്ടും തെളിയിച്ചു: മുംബൈക്ക് ആധികാരിക ജയം.

ധോണിയില്ലാതെ കളിയ്ക്കാൻ ഇറങ്ങിയ ചെന്നൈക്ക് മുംബൈയുടെ ലോകോത്തര ബൗളിംഗ് നിരക്കെതിരെ പൊരുതിനോക്കാൻ പോലും കഴിയാതെ കീഴടങ്ങേണ്ടി വന്നപ്പോൾ മുംബൈ ഇന്ത്യൻസിന് ഏകപക്ഷീയമായ വിജയവും അതോടൊപ്പം ഡൽഹിയെ പിന്തള്ളി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനവും. ഈ ജയത്തോടെ പ്ലേയ് ഓഫ് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു മുംബൈ.

ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് മികച്ച തുടക്കമാണ് ലഭിച്ചത് ഡി കോക്ക് തുടക്കത്തിലേ പുറത്തായെങ്കിലും നായകൻ രോഹിത് ശർമയും എവിൻ ലൂയിസും ചേർന്ന് ടീമിനെ സുരക്ഷിതമായ നിലയിലേക്കെത്തിച്ചു. ആദ്യം പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നീട് അക്രമാസക്തമായ രോഹിത് ഈ സീസണിലെ തന്റെ ആദ്യ അർദ്ധ ശതകം കണ്ടെത്തി. 12 ഓവറിൽ 99 എന്ന ശക്തമായ നിലയിൽ നിൽക്കെ ലൂയീസിന്റെ ( 30 പന്തിൽ 32 ) വിക്കറ്റ് വീണത് മുംബൈയെ പ്രതിരോധത്തിലാക്കി. പിന്നീട് വന്ന ക്രുനാൽ പാണ്ട്യക്കും ഹർദിക് പാണ്ട്യക്കും വേഗത്തിൽ റൺസ് കണ്ടെത്താൻ പറ്റാതെ പോയത് നായകൻ രോഹിത്തിനെയും സമ്മർദ്ദത്തിലാക്കി. റൺ നിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടയിൽ മുരളി വിജയ്ക്ക് ക്യാച്ച് നൽകി മടങ്ങുമ്പോൾ രോഹിത് 48 പന്തിൽ നിന്നും 6 ബൗണ്ടറിയും 3 സിക്സറുകളും അടക്കം 67 റൺസ് നേടിയിരുന്നു. അവസാന 8 ഓവറിൽ നിന്നും മുംബൈക്ക് നേടാനായത് വെറും 56 റൺസ് ആണ്. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ ആണ് മുംബൈ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. സ്പിൻ ബൗളർമാരെ നല്ല രീതിയിൽ തുണച്ച പിച്ചിൽ നാല് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ സാന്റ്നർ മികച്ചു നിന്നു.

156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് വേണ്ടി ഈ സീസണിലെ ആദ്യ മത്സരം കളിയ്ക്കാൻ ഇറങ്ങിയ മുരളി വിജയ് ആണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. കഴിഞ്ഞ കളിയിലെ ഹീറോ ഷെയ്ൻ വാട്സൺ ആദ്യ ഓവറിൽ തന്നെ പുറത്തായി. വിജയ് ( 35 പന്തിൽ 38 ) ഒഴികെ മുൻനിര ബാറ്റ്‌സ്മാന്മാർ ആരും രണ്ടക്കം കാണാതെ പുറത്തായി. ഒരു ഘട്ടത്തിൽ 12 ഓവറിൽ 66 നു 6 എന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു ചെന്നൈ. ഒടുവിൽ ബ്രാവോയും സാന്റ്നറും ചേർന്നുള്ള 33 റൺസിന്റെ കൂട്ടുകെട്ടാണ് ചെന്നൈയെ 100 കടത്താൻ സഹായിച്ചത്. 17.4 ഓവറിൽ 109 റൺസിന്‌ എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ മലിംഗയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയ ക്രുനാൽ പാണ്ട്യയും ജസ്പ്രീത് ബുമ്രയും മികച്ച പ്രകടനം കാഴ്ചവെച്ചു.

മധ്യനിരയിൽ ധോണി ഇല്ലാതെ ഇറങ്ങിയ രണ്ടാം മത്സരത്തിലും ദയനീയ തോൽവി വഴങ്ങേണ്ടി വന്ന ചെന്നൈക്കെതിരെ ഇപ്പോൾ ധോണിയില്ലെങ്കിൽ കളി ജയിക്കാൻ അറിയില്ല എന്ന വിമർശനം ഉയർന്നിരിക്കുകയാണ്. ധോണിയുടെ സാന്നിധ്യം പോലും ടീമിന് ഊർജ്ജം നൽകുന്നു. കടലാസിലെ കരുത്ത് വെച്ച് നോക്കുമ്പോൾ മറ്റേത് ടീമുകളെക്കാളും ദുര്ബലരാണ് ചെന്നൈ. ചെന്നൈ നിരയിലുള്ള അതികായന്മാരെല്ലാം തന്നെ പ്രായം തളർത്തിയ പോരാളികൾ ആണ്. എന്നിട്ടും കളിച്ച 12 ൽ 8 ഉം ജയിച്ച് അവർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നത് ധോണി എന്ന ലോകത്തിലെ ഏറ്റവും മികച്ച നായകന്റെ സാന്നിധ്യം കൊണ്ടാണ്. ചെന്നൈ തോൽവി അറിഞ്ഞ നാല് കളികളിൽ രണ്ടിലും ധോണി ഇല്ലായിരുന്നു. ആ രണ്ടു കളികളിലും ദയനീയ പരാജയമായിരുന്നു എന്നതാണ് ശ്രദ്ധേയം. ലോകകപ്പിനോടടുക്കുന്ന അവസരത്തിൽ ധോണി ഇനിയും വിശ്രമം എടുക്കാൻ സാധ്യതയുള്ളതിനാൽ ചെന്നൈയുടെ കിരീട സാദ്ധ്യതകൾ എത്രത്തോളമെന്നു കണ്ടറിയേണ്ടി ഇരിക്കുന്നു.

Leave a comment