ഡിവില്ലിയേഴ്സ് മിന്നി ; ബാംഗ്ലൂരിന് തകർപ്പൻ ജയം
അവസാന മൂന്നു ഓവറുകളിൽ ഡിവില്ലിയേഴ്സും സ്റ്റോയ്‌നിസും ചേർന്ന് നടത്തിയ ഗംഭീര വെടിക്കെട്ടും ബൗളിങ്ങിൽ നവദീപ് സൈനിയുടെ മാജിക്കൽ ഡെത്ത് ഓവറും ബാംഗ്ലൂരിന്റെ ജയത്തിനു വഴിയൊരുക്കിയപ്പോൾ സീസണിൽ ആദ്യമായി ബാംഗ്ലൂരിന് പോയിന്റ് പട്ടികയിൽ സ്ഥാനക്കയറ്റം. ഈ സീസൺ തുടക്കം മുതൽ ഇന്നലെ വരെ ബാംഗ്ലൂർ അവസാന സ്ഥാനക്കാരായിരുന്നു. ഇന്നലെ പഞ്ചാബിനെതിരെയുള്ള ജയത്തോടെ 8 പോയിന്റുകളുമായി രാജസ്ഥാനെ മറികടന്നു ബാംഗ്ലൂർ ഏഴാം സ്ഥാനത്തേക്ക് കയറി.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് മികച്ച തുടക്കമാണ് ലഭിച്ചത്. കോലിയും പട്ടേലും ചേർന്ന് തുടക്കത്തിൽ തന്നെ ബൗളർമാരെ കടന്നാക്രമിച്ചു. പക്ഷെ നാലാം ഓവറിൽ മുഹമ്മദ് ഷമിയുടെ പന്തിൽ മൻദീപ് സിങിന് ക്യാച്ച് നൽകി 13 റൺസുമായി കോലി മടങ്ങി. പിന്നീട് പട്ടേലും ഡിവില്ലേഴ്‌സും ചേർന്ന് പവർപ്ലേയ് ഓവറുകൾ നന്നായി വിനിയോഗിച്ചു. ആദ്യ 6 ഓവറുകളിൽ നിന്നും ബാംഗ്ലൂർ 70 റൺസ് കടന്നിരുന്നു. പവർ പ്ലേയ് കഴിഞ്ഞ ഉടൻ തന്നെ പാർഥിവ് പട്ടേൽ ( 24 പന്തിൽ 43 ) പുറത്തായത് സ്കോറിങ്ങിന്റെ വേഗം കുറച്ചു. തുടർന്ന് അടുത്തടുത്ത ഓവറുകളിൽ മൊയീൻ അലിയും ആക്ഷ്‌ദീപ് നാഥും പുറത്തായത് ബാംഗ്ലൂരിനെ കൂടുതൽ പരുങ്ങലിൽ ആക്കി. പത്താം ഓവറിൽ ഒത്തുചേർന്ന സ്റ്റോയ്‌നിസും ഡിവില്ലിയേഴ്സും കൂടുതൽ അപകടം വരാതെ സൂക്ഷിച്ചു കളിച്ചു മുന്നേറി. പതിനേഴു ഓവറുകൾ പൂർത്തിയായപ്പോൾ 138 റൺസ് ആയിരുന്നു ബാംഗ്ലൂരിന്റെ സമ്പാദ്യം. അവിടെ നിന്നും ഡിവില്ലിയേഴ്സ് കളിയുടെ ഗതി ടോപ് ഗിയറിലേക്ക് മാറ്റി. ഹാർഡ്‌സ് വിൽജോയിനിന്റെ പതിനെട്ടാം ഓവറിൽ നേടിയത് 17 റൺസ്. തുടർന്ന് ഷാമിയെ കടന്നാക്രമിച്ച ഡിവില്ലിയേഴ്സ് ഹാട്രിക് സിക്സറുകൾ അടക്കം ആ ഓവറിൽ 21 റൺസ് നേടി. അവസാന ഓവറിനായി വന്ന വിൽജോൺ വീണ്ടും ആക്രമിക്കപ്പെട്ടു. മൂന്നു സിക്സറുകളും രണ്ടു ബൗണ്ടറികളും അടക്കം 27 റൺസാണ് അവസാന ഓവറിൽ അവർ അടിച്ചു കൂട്ടിയത്. ഒരു സമയത് 170 കടക്കുമോ എന്ന് തോന്നിച്ച സ്കോർ അവർ 200 കടത്തി. 44 പന്തിൽ 3 ബൗണ്ടറികളും 7 സിക്സറുകളും അടക്കം ഡിവില്ലിയേഴ്സ് 82 റൺസും 34 പന്തുകളിൽ നിന്നും 2 ബൗണ്ടറികളും 3 സിക്സറുകളും അടക്കം സ്റ്റോയ്‌നിസ് 46 റൺസും നേടി. നാല് ഓവറിൽ 15 റൺസ് മാത്രം വിട്ടു കൊടുത്ത് ഒരു വിക്കറ്റ് എടുത്ത അശ്വിൻ മാത്രമാണ് ബൗളിങ്ങിൽ മികച്ചു നിന്നത്.
മറുപടി ബാറ്റിങ്ങിൽ ക്രിസ് ഗെയിലും രാഹുലും ചേർന്ന് അതെ നാണയത്തിൽ തിരിച്ചടിച്ചു തുടങ്ങി. നാലാം ഓവറിൽ ഗെയിൽ ( 10 പന്തിൽ 23 ) പുറത്തായിട്ടും മായങ്ക് അഗർവാളിന്റെ കൂട്ട് പിടിച്ച് രാഹുൽ പത്താം ഓവറിൽ സ്കോർ 100 കടത്തി. പക്ഷെ രാഹുലും ( 27 പന്തിൽ 42 ) മായങ്ക് അഗർവാളും ( 21 പന്തിൽ 35 ) അടുത്തടുത്ത ഓവറുകളിൽ പുറത്തായത് പഞ്ചാബിനെ പ്രതിരോധത്തിൽ ആക്കി. എന്നിരുന്നാലും മില്ലറും നിക്കൊളാസ് പൂരനും ചെന്ന് പഞ്ചാബിനെ വിജയലക്ഷ്യത്തിലേക്ക് പതുക്കെ അടുപ്പിച്ചു കൊണ്ടിരുന്നു. എന്നാൽ പത്തൊൻപതാം ഓവർ എറിഞ്ഞ നവദീപ് സൈനി കളി ബാംഗ്ലൂരിന്റെ വരുതിയിൽ കൊണ്ടുവന്നു. രണ്ടു വിക്കറ്റ് വീഴ്ത്തുകയും മൂന്നു റൺസ് മാത്രം വിട്ടു കൊടുക്കുകയും ചെയ്ത ആ ഓവറിൽ മത്സരം ബാംഗ്ലൂരിന് അനുകൂലമായി തിരിഞ്ഞു. 185 റൺസിന് പഞ്ചാബ് ഇന്നിംഗ്സ് അവസാനിച്ചു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീഴ്ത്തിയ നവദീപ് സൈനിയും ബൗളിങ്ങിൽ തിളങ്ങി. ശേഷിക്കുന്ന മത്സരങ്ങൾ കൂടി ജയിച്ച് എങ്ങനെയും അവസാന നാലിൽ എത്തുക എന്നതാണ് തങ്ങളുടെ ലക്‌ഷ്യം എന്ന് മത്‌സര ശേഷം കോലി പ്രതികരിച്ചു.