വാട്സൺ തുണച്ചു. ചെന്നൈക്ക് വിജയം, പ്ലേയ് ഓഫ് യോഗ്യത.
സീസണിൽ ആദ്യമായി ഫോം കണ്ടെത്തിയ വാട്സന്റെ മികവിൽ ചെന്നൈ സൂപ്പർ കിങ്സിന് ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. നാല് റൺസ് അകലെ സെഞ്ച്വറി നഷ്ടമായെങ്കിലും സെഞ്ചുറിയോളം മികച്ച ബാറ്റിംഗ് ആയിരുന്നു ഷെയ്ൻ വാട്സൺ കാഴ്ച വെച്ചത്. 53 പന്തിൽ 96 റൺസ് എടുത്ത വാട്സൺ പുറത്താകുമ്പോൾ ചെന്നൈ വിജയം ഉറപ്പിച്ചിരുന്നു. 16 പോയിന്റ് ഉള്ള ചെന്നൈ ഏറെക്കുറെ പ്ലേയ് ഓഫ് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് രണ്ടാം ഓവറിൽ തന്നെ ബെയർസ്റ്റോയെ നഷ്ടമായി. ലോക കപ്പിനുള്ള ഇംഗ്ലണ്ട് ക്യാമ്പിൽ ചേരേണ്ടതിനാൽ ഇന്ന് നാട്ടിലേക്ക് മടങ്ങുന്ന ബെയർസ്റ്റോയുടെ ഈ സീസണിലെ അവസാന മത്സരമായിരുന്നു ഇന്നലത്തേത്. പിന്നീട് വാർണർക്കൊപ്പം ഒത്തുചേർന്ന മനീഷ് പാണ്ഡെ മികച്ച ഫോമിലായിരുന്നു. വാർണറിനെ കാഴ്ചക്കാരനാക്കി മനീഷ് പാണ്ഡെ തകർത്തു കളിച്ചു. ഇരുവരും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 115 റൺസ് കൂട്ടിച്ചേർത്തു. ഐപിഎൽ പന്ത്രണ്ടാം സീസണിലെ തന്റെ ഏഴാം അർദ്ധ സെഞ്ച്വറി തികച്ച വാർണർ 45 പന്തിൽ 57 റൺസ് എടുത്ത് പുറത്തായി. വാർണർ പുറത്തായതോടുകൂടി റൺ നിരക്ക് കുറഞ്ഞു. ഒടുവിൽ 49 പന്തിൽ 83 റൺസ് എടുത്ത മനീഷ് പാണ്ഡെയുടെ മികവിൽ സൺറൈസേഴ്‌സ് നിശ്ചിത ഇരുപത് ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. ഹർഭജൻ സിംഗ് രണ്ടു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലേ ഡുപ്ലെസിസിനെ നഷ്‌ടമായ ചെന്നൈക്ക് വാട്സണും റെയ്നയും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് രക്ഷയായത്. 24 പന്തിൽ 36 റൺസെടുത്ത റെയ്‌ന പുറത്താകുമ്പോൾ ചെന്നൈ സ്കോർ പത്ത് ഓവറിൽ 80 കടന്നിരുന്നു. പിന്നീട് വാട്സന്റെ വൺ മാൻ ഷോ ആയിരുന്നു. 36 റൺസ് എടുത്തു നിന്ന വാട്സന്റെ ക്യാച്ച് ബെയർസ്‌റ്റോ നഷ്ടപ്പെടുത്തിയത് കളിയുടെ ഗതി മാറ്റിമറിച്ചു. സൺറൈസേഴ്‌സ് ബൗളർമാരിൽ ഭുവനേശ്വർ കുമാർ ഒഴികെയുള്ള എല്ലാവരും നല്ല രീതിയിൽ തല്ലു വാങ്ങി. സന്ദീപ് ശർമ്മ 4 ഓവറിൽ വഴങ്ങിയത് 54 റൺസ് ആണ്.