രഹാനെയുടെ സെഞ്ചുറി പാഴായി. ഡൽഹിക്ക് വിജയം; ഒന്നാം സ്ഥാനത്ത്
ഈ സീസണിലുടനീളം ഫോമില്ലായ്മയുടെ പേരിൽ ഒരുപാട് പഴി കേൾക്കേണ്ടിവരികയും, ടീമിന്റെ മോശം പ്രകടനം മൂലം നായക സ്ഥാനം നഷ്ടമാവുകയും ചെയ്തിട്ടും അജിൻക്യ രഹാനെ എന്ന പോരാളി സെഞ്ച്വറി നേടി ശക്തമായി തിരിച്ചു വന്ന മത്സരത്തിൽ ആ സെഞ്ചുറിയെ വെല്ലുന്ന പ്രകടനത്തിലൂടെ ഋഷഭ് പന്ത് ഡൽഹിയെ വിജയത്തിലെത്തിച്ചു. ഈ സീസണിലെ തന്റെ ആദ്യത്തെയും ഐപിഎല്ലിലെ രണ്ടാമത്തെയും സെഞ്ച്വറി ആണ് രഹാനെ ഇന്നലെ നേടിയത്. ഈ ജയത്തോടെ ചെന്നൈ സൂപ്പർ കിങ്സിനെ മറികടന്നു ഡൽഹി ക്യാപിറ്റൽസ് ഒന്നാം സ്ഥാനത്തെത്തി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് രണ്ടാം ഓവറിൽ തന്നെ സഞ്ജു സാംസണെ നഷ്ടമായി. ഒരു ബോൾ പോലും നേരിടുന്നതിന് മുന്നേ സഞ്ജു റൺ ഔട്ട് ആയി മടങ്ങുകയായിരുന്നു. പിന്നീട് രഹാനെയും സ്മിത്തും ചേർന്നുള്ള കൂട്ടുകെട്ട് അതിവേഗം സ്കോർ ഉയർത്തി. രഹാനെയായിരുന്നു കൂടുതൽ അക്രമകാരി. ഓവറിൽ പത്തു റൺസ് എന്ന നിരക്കിൽ മുന്നേറിക്കൊണ്ടിരിക്കെ അർദ്ധ സെഞ്ച്വറി നേടിയ സ്മിത്ത്( 32 പന്തിൽ 50 ) പുറത്തായത് രാജസ്ഥാൻ സ്കോറിങ്ങിന്റെ വേഗം കുറച്ചു. പിന്നീട് വന്ന ആർക്കും തന്നെ രഹാനെക്ക് പിന്തുണ നല്കാൻ കഴിയാതെ പോയത് രഹാനെയെയും പ്രതിരോധത്തിലാക്കി. അതിനിടയിൽ രഹാനെ തന്റെ രണ്ടാം ഐപിഎൽ സെഞ്ച്വറി കരസ്ഥമാക്കി. 63 പന്തുകൾ നേരിട്ട അദ്ദേഹം 11 ബൗണ്ടറിയും 3 സിക്സറുകളും അടക്കം 105 റൺസ് എടുത്ത് പുറത്താകാതെ നിന്നു. രണ്ടു വിക്കറ്റ് വീഴ്ത്തിയ റബാഡ മികച്ചു നിന്നു.
മറുപടി ബാറ്റിങ്ങിൽ ശിക്കാർ ധവാന്റെ വെടിക്കെട്ടോടെയാണ് ഡൽഹി തുടങ്ങിയത്. പവർപ്ലേയ് ഓവറുകളിൽ ആഞ്ഞടിച്ച ശിക്കാർ ധവാൻ എട്ടാം ഓവറിൽ പുറത്താകുമ്പോൾ ടീം സ്കോർ 72 ഉം തന്റെ വ്യക്തിഗത സ്കോർ 54 ഉം എത്തിച്ചിരുന്നു. നായകൻ ശ്രെയസ് അയ്യർ പെട്ടന്ന് പുറത്തായെങ്കിലും പിന്നീട് വന്ന ഋഷഭ് പന്ത് പ്രിത്വി ഷായും ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഋഷഭ് പന്ത് അക്രമാസക്തനായിരുന്നു. 36 പന്തുകൾ നേരിട്ട അദ്ദേഹം 6 ബൗണ്ടറികളും 4 സിക്സറുകളും അടക്കം 78 റൺസ് നേടി പുറത്താകാതെ നിന്നു. ജോഫ്രെ ആർച്ചർ ഒഴികെയുള്ള ബൗളെർമാരെല്ലാം കണക്കിന് തല്ലു വാങ്ങിയത് രാജസ്ഥാന്റെ തോൽവിക്ക് വഴിയൊരുക്കി.
ഈ സീസണിൽ രാജസ്ഥാന്റെ രണ്ടു ബാറ്റ്‌സ്മാൻമാർ സെഞ്ച്വറി നേടിയപ്പോൾ ആ രണ്ടു കളികളിലും രാജസ്ഥാന് തോൽവി വഴങ്ങേണ്ടി വന്നു. നേരത്തെ സഞ്ജു സാംസൺ സെഞ്ച്വറി നേടിയ മത്സരത്തിലും രാജസ്ഥാൻ തോറ്റിരുന്നു. നായക സ്ഥാനം രാജിവച്ചതിന് ശേഷം വളരെ ആത്മവിശ്വാസത്തോടു കൂടിയാണ് രഹാനെ ബാറ്റ് വീശിയത്. തുടർന്നുള്ള മത്സരങ്ങളെല്ലാം ജയിച്ചാലും രാജസ്ഥാന്റെ പ്ലേയ് ഓഫ് സാദ്ധ്യതകൾ ഏറെക്കുറെ മങ്ങിക്കഴിഞ്ഞു. എങ്കിലും എല്ലാ മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ മുകളിലേക്ക് കയറാനാകും രാജസ്ഥാന്റെ ശ്രമം.