ധോണി പൊരുതി വീണു ; ബാംഗ്ലൂരിന് ഒരു റൺ വിജയം.
ഈ സീസണിലെ ഏറ്റവും ആവേശകരമായ മത്സരം എന്ന് വിശേഷിപ്പിക്കാവുന്ന കളിയിൽ ധോണിയുടെ ഒറ്റയാൾ പോരാട്ടം ഫലം കാണാതെ പോയപ്പോൾ ചെന്നൈ സൂപ്പർ കിങ്സിന് ഒരു റണ്ണിന്റെ തോൽവി. പ്രതീക്ഷകൾ പാടെ നഷ്ടപ്പെട്ടിടത്തു നിന്ന് വാനോളം പ്രതീക്ഷ നൽകുകയും എന്നിട്ട് ആ പ്രതീക്ഷകൾ മുഴുവൻ അവസാന പന്തിൽ റൺ ഔട്ടിന്റെ രൂപത്തിൽ അവസാനിക്കുകയും ചെയ്തിട്ടും 48 പന്തിൽ നിന്നും 84 റൺസുമായി ധോണി എന്ന ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷർ തലയുയർത്തി തന്നെ നടന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് വേണ്ടി കഴിഞ്ഞ കളിയിലെ സെഞ്ചുറിക്കാരൻ കോലി തുടക്കത്തിലേ പുറത്തായി. പിന്നീട് വന്ന ഡിവില്ലേഴ്‌സ് നന്നായി തുടങ്ങിയെങ്കിലും ആ തുടക്കം മുതലാക്കാൻ കഴിഞ്ഞില്ല. അർദ്ധ സെഞ്ചുറി നേടിയ പാർഥിവ് പട്ടേലും ( 37 പന്തിൽ 53 ) അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ മൊയീൻ അലിയും (16 പന്തിൽ 26 )ആണ് ബാംഗ്ലൂർ സ്കോർ 161 ൽ എത്തിച്ചത്. ദീപക് ചാഹർ, ജഡേജ, ബ്രാവോ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിൽ ചെന്നൈക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. നിലയുറപ്പിക്കുന്നതിനു മുന്നേ തന്നെ നാല് മുൻനിര താരങ്ങളും കൂടാരം കയറിയപ്പോൾ സ്കോർ 5.5 ഓവറിൽ 28 നു 4 എന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു. അവിടെ നിന്ന് അമ്പാട്ടി റായുഡുവും ധോണിയും ചേർന്ന് ഇന്നിംഗ്സ് പടുത്തുയർത്തി. എന്നാൽ പകുതി വഴിയിൽ അമ്പാട്ടി റായുഡു ( 29 പന്തിൽ 29 ) പുറത്തായത് ചെന്നൈയെ പിന്നെയും പരുങ്ങലിൽ ആക്കി. പിന്നീടായിരുന്നു ധോണിയുടെ ഒറ്റയാൾ പോരാട്ടം. ഒടുവിൽ അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 26 റൺസ്. ഉമേഷ് യാദവിന്റെ ആദ്യ അഞ്ചു പന്തിൽ നിന്നും മൂന്നു സിക്സറുകളും രണ്ടു ബൗണ്ടറിയും അടക്കം 24 റൺസ് നേടിയ ധോണിക്ക് അവസാന പന്തിൽ വേണ്ടിയിരുന്ന രണ്ടു റൺസ് എടുക്കാൻ കഴിയാതെ പോയി. ബാറ്റിൽ കൊള്ളാതെ കീപ്പറുടെ കയ്യിൽ എത്തിയ പന്തിൽ റണ്ണിനായി ഓടിയെങ്കിലും പാർഥിവ് പട്ടേലിന്റെ കൃത്യമായ ത്രോ വിക്കറ്റ് തെറിപ്പിച്ചു. ഡെയ്ൽ സ്റ്റെയ്ൻ രണ്ടു വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിൽ മികച്ചു നിന്നു.
പത്തൊമ്പതാമത്തെ ഓവറിൽ ഡ്വെയ്ൻ ബ്രാവോയെ അപ്പുറത്ത് നിർത്തി ധോണി മൂന്നു സിംഗിളുകൾ എടുക്കാതിരുന്നത് ഏവരെയും അത്ഭുതപ്പെടുത്തി. ഒരുപക്ഷെ അതിൽ ഏതെങ്കിലും ഒന്നിലെങ്കിലും ഒരു സിംഗിൾ എടുത്തിരുന്നെങ്കിൽ കളിയുടെ ഗതി മറ്റൊന്നാകുമായിരുന്നു. വമ്പനടികൾക്ക് ശേഷിയുള്ള ഒരു താരം മറുവശത്തു നിൽക്കെ സിംഗിളുകൾ നിഷേധിച്ചത് മത്‌സര ഫലത്തെ ബാധിച്ചു എന്നുള്ള വിമർശനങ്ങൾ ധോണിയുടെ വീരോചിത ഇന്നിങ്സിൽ മാഞ്ഞു പോയെങ്കിലും, ചെന്നൈ കളി തോറ്റത് വെറും ഒരു റൺസിനാണ് എന്നുള്ളത് നിഷേധിക്കപ്പെട്ട സിംഗിളുകളുടെ മാറ്റ് കൂട്ടുന്നു.