ഡൽഹിക്ക് വിജയ ശ്രെയസ്സ്
ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രെയസ് അയ്യർ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഡൽഹിക്ക് പഞ്ചാബിന് മേൽ അഞ്ചു വിക്കറ്റിന്റെ ഉജ്ജ്വല വിജയം. പത്തു കളികളിൽ നിന്നും പന്ത്രണ്ടു പോയിന്റുമായി ഡൽഹി മൂന്നാം സ്ഥാനം നിലനിർത്തി. അത്രയും തന്നെ കളികളിൽ നിന്നും പത്തു പോയിന്റ് ഉള്ള പഞ്ചാബ് പോയിന്റ് പട്ടികയിൽ നാലാമതാണ്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് വേണ്ടി ക്രിസ് ഗെയിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. 37 പന്തുകൾ നേരിട്ട അദ്ദേഹം 6 ബൗണ്ടറികളുടെയും 5 കൂറ്റൻ സിക്സറുകളുടെയും സഹായത്തോടെ 65 റൺസ് എടുത്ത് പുറത്തായി.ഗെയിലിനു പുറമെ 30 റൺസ് എടുത്ത മൻദീപ് സിംഗ് മാത്രമാണ് ബാറ്റിങ്ങിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ നേപ്പാളി സ്പിൻ ബൗളർ സന്ദീപ് ലാമിച്ചനെയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ കാഗിസോ റബാഡയും അക്സർ പട്ടേലും ബൗളിങ്ങിൽ തിളങ്ങി.
164 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്ക് തുടക്കത്തിലേ പ്രിത്വി ഷായെ നഷ്ടമായി. പിന്നീട് ഒത്തു ചേർന്ന ശിഖർ ധവാനും ശ്രെയസ് അയ്യരും ചേർന്ന് രണ്ടാം വിക്കറ്റിൽ 92 റൺസ് കൂട്ടിച്ചേർത്തു. 41 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്സും അടക്കം 56 റൺസ് എടുത്ത ധവാൻ പുറത്തായ ശേഷം ശ്രെയസ് അയ്യർ ടീമിനെ വലിയ അപകടങ്ങളിലേക് തള്ളി വിടാതെ വിജയത്തിലെത്തിച്ചു. 49 പന്തിൽ ശ്രെയസ് അയ്യർ പുറത്താകാതെ നേടിയ 58 റൺസ് ആണ് ഡൽഹി വിജയത്തിൽ നിർണായകമായത്.