പാണ്ട്യ സഹോദരങ്ങൾ തിളങ്ങി ; ജയത്തോടെ മുംബൈ ഇന്ത്യൻസ് രണ്ടാം സ്ഥാനത്ത്.
പാണ്ട്യ സഹോദരങ്ങൾ ബാറ്റിങ്ങിലും, ബുമ്രയും രാഹുൽ ചാഹറും ബൗളിങ്ങിലും തിളങ്ങിയപ്പോൾ മുംബൈ ഇന്ത്യൻസിന് ഡൽഹി ക്യാപിറ്റൽസിനു മേൽ ആധികാരിക വിജയം. ഒൻപത് കളികളിൽ നിന്നും പന്ത്രണ്ട് പോയിന്റുമായി മുംബൈ രണ്ടാം സ്ഥാനത്തേക്ക് കയറി. അത്രയും തന്നെ കളികളിൽ നിന്നും പത്തു പോയിന്റുള്ള ഡൽഹി മൂന്നാം സ്ഥാനത്താണ്.
ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് പതിവ് പോലെ തന്നെ ഓപ്പണർമാർ മികച്ച തുടക്കം നൽകി. തുടർച്ചയായ മൂന്നാം മത്സരത്തിലും ആദ്യ വിക്കറ്റ് കൂട്ടുകെട്ട് അമ്പതു കടന്നപ്പോൾ പവർപ്ലേയ് ഓവറുകളിൽ നിന്നും മുംബൈ വിക്കറ്റ് നഷ്ടമില്ലാതെ 57 റൺസ് എന്ന ശക്തമായ നിലയിലെത്തി. എന്നാൽ പവർപ്ലേയ് കഴിഞ്ഞുള്ള ആദ്യ പന്തിൽ തന്നെ രോഹിത് ശർമയുടെ കുറ്റി തെറിപ്പിച്ചു കൊണ്ട് അമിത് മിശ്ര മുംബൈക്ക് ആദ്യ പ്രഹരം നൽകി. 22 പന്തിൽ നിന്നും 30 റൺസുമായി രോഹിത് പുറത്തായി. പിന്നീട് തുടരെ തുടരെ വിക്കറ്റുകൾ നഷ്ടമായപ്പോൾ മുംബൈ ഇന്ത്യൻസ് പരുങ്ങലിൽ ആയി. പതിനാറാം ഓവറിൽ ഒന്നിച്ചു ചേർന്ന പാണ്ട്യ സഹോദരങ്ങൾ മൂന്നു ഓവറുകളിൽ നിന്നും നേടിയ അമ്പതു റൺസ് ആണ് മുംബൈക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 15 പന്തുകളിൽ നിന്നും 32 റൺസ് നേടിയ ഹർദിക് പാണ്ട്യ പുറത്തായപ്പോൾ 26 പന്തുകളിൽ നിന്നും 37 റൺസുമായി ക്രുനാൽ പാണ്ട്യ പുറത്താകാതെ നിന്നു. നിശ്ചിത 20 ഓവറുകളിൽ നിന്നും മുംബൈ ഇന്ത്യൻസ് നേടിയത് 168 റൺസ് ആണ്.
മറുപടി ബാറ്റിങ്ങിൽ ഡൽഹി ക്യാപിറ്റൽസിനു മികച്ച തുടക്കം കിട്ടിയെങ്കിലും അത് മുതലാക്കാൻ പിന്നീട് വന്ന ബാറ്റ്‌സ്‍മാൻമാർക്ക് ആർക്കും കഴിയാതെ പോയത് ഡൽഹിക്ക് വിനയായി. ആദ്യ വിക്കറ്റിൽ 6.3 ഓവറിൽ 49 റൺസ് കൂട്ടിച്ചേർത്തിട്ടും ഡൽഹിയുടെ ഇന്നിംഗ്സ് 128 ൽ അവസാനിക്കുകയായിരുന്നു. 22 പന്തിൽ 35 റൺസ് നേടിയ ശിക്കാർ ധവാൻ ആണ് ഡൽഹിയുടെ ടോപ് സ്കോറെർ. 4 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 3 മുൻനിര ബാറ്റ്‌സ്മാൻമാരെ പുറത്താക്കിയ രാഹുൽ ചാഹറാണ് ഡൽഹി തകർച്ചയുടെ അമരക്കാരൻ. 4 ഓവറിൽ 18 റൺസിന് 2 വിക്കറ്റ് വീഴ്ത്തിയ ബുമ്രയും മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ സ്വന്തം കാണികളുടെ മുന്നിൽ ഡൽഹി ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. രാഹുൽ ചാഹറാണ് കളിയിലെ കേമൻ.