മഞ്ചസ്റ്ററിന് നിറംമങ്ങിയ ജയം
മാഞ്ചസ്റ്ററിൽ എന്തോ സംഭവിക്കുന്നുണ്ട്. അല്ലെങ്കിൽ ഒരു മാസം മുമ്പ് വരെ മിന്നും ഫോമിലേക്ക് തിരിച്ചുവന്ന ഒരു ടീം സ്വന്തം തട്ടകത്തിൽ പോലും നിർണായക സ്വാധീനം ഉണ്ടാക്കാൻ എന്തിനിങ്ങനെ കഷ്ടപ്പെടുന്നു. ഇന്നലെ വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ 2-1 എന്ന നിലയിൽ കളി ജയിച്ചു. എന്നിരുന്നാലും കാണികളുടെ മനസ് ജയിച്ചത് വെസ്റ്റ്ഹാമാണ്. തപ്പിത്തടഞ്ഞു ഉള്ള യുണൈറ്റഡിന്റെ ഈ പ്രയാണം എവിടെ ചെന്ന് അവസാനിക്കും എന്ന് കണ്ടറിയണം.
ഇരു പകുതിയിലും വീണുകിട്ടിയ രണ്ടു പെനാൽറ്റികളും ഗോളാക്കി മാറ്റി യുണൈറ്റഡ് വിജയിക്കുകയായിരുന്നു. കടുത്ത യുണൈറ്റഡ് ആരാധകർക്ക് പോലും ബോധ്യപ്പെടാത്ത ഒരു വിജയം. പതിനേഴാം മിനിറ്റിൽ യുവാൻ മാറ്റയെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി പോൾ പോഗ്ബ ആദ്യത്തെ ഗോളാക്കി മാറ്റി. ആദ്യപകുതിയിൽ പിന്നീട് കാര്യമായ നീക്കങ്ങൾ ഇല്ലാതിരുന്നപ്പോൾ 1-0ന് പകുതി യുണൈറ്റഡിന് അനുകൂലമായി അവസാനിച്ചു.
രണ്ടാം പകുതി തുടക്കം മുതൽ ആക്രമിച്ചു കളിച്ചു വെസ്റ്റ് ഹാം. 49 മിനിറ്റിൽ ഫിലിപ്പ് ആൻഡേഴ്സണിലൂടെ കളി അവർ തിരിച്ചു പിടിച്ചു, സ്കോർ 1-1. അതുകൊണ്ടും അടങ്ങാൻ കൂട്ടാക്കാതെ വെസ്റ്റ്ഹാമിനെ തുടരെ തുടരെയുള്ള ആക്രമണങ്ങൾക്ക് യുനൈറ്റഡ് ഗോൾമുഖത്ത് പരിഭ്രാന്തി പരത്തി. മിക്കയിൽ ആന്റോണിയോ രണ്ടുവട്ടം ഗോളിന് തൊട്ടടുത്ത എത്തിയെങ്കിലും ഒരുവട്ടം ഗോൾപോസ്റ്റ് വിലങ്ങുതടി ആയെങ്കിൽ അടുത്തവട്ടം യുണൈറ്റഡിന്റെ സ്വന്തം പോസ്റ്റ് ഡേവിഡ് ഡി ഗെ വിലങ്ങുതടിയായി. കളിയുടെ ഒഴുക്കിന് വിരുദ്ധമായി എൺപത്തിരണ്ടാം മിനിറ്റിൽ അന്തോണി മാർഷലിനെ ബോക്സിന് അകത്ത് റയൻ ഫ്രെഡറിക്സിനെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് കിട്ടിയ യുണൈറ്റഡിന്റെ കളിയിലെ രണ്ടാമത്തെ പെനാൽറ്റി ഗോളാക്കി മാറ്റി പോഗ്ബ വിജയം പൂർത്തിയാക്കി.
മാഞ്ചസ്റ്ററിന്റെ വിജയത്തിൽ പ്രീമിയർലീഗ് പ്രമുഖരൊന്നും സന്തുഷ്ടരല്ല. മഞ്ചസ്റ്ററിന്റെ സ്വന്തം മാനേജർ ഓലെ ഗുണ്ണർ സോൾസ്ജറും ഉണ്ട് ആ കൂട്ടത്തിൽ. തട്ടി തടഞ്ഞുള്ള യുണൈറ്റഡ് വിജയത്തെ ‘ഭാഗ്യം’ എന്നാണ് സോൾസ്ജർ വിശേഷിപ്പിച്ചത്. “ചിലപ്പോഴെല്ലാം നമ്മൾ അർഹിക്കുന്നതിലും കൂടുതൽ നമുക്ക് ലഭിക്കും, ഇന്ന് അങ്ങനെ ഒരു ദിവസം ആയിരുന്നു”, എന്നാണ് ഓലയുടെ വിശേഷണം.
വിജയത്തോടെ ടോപ് ഫോർ ലേക്കുള്ള പ്രയാണം മഞ്ചസ്റ്റർ പുനരുജ്ജീവിപ്പിച്ചു. നാലാം സ്ഥാനത്തുള്ള ചെൽസിയും ആയുള്ള പോയിൻറ് വ്യത്യാസം രണ്ടായി കുറച്ചു. ബുധനാഴ്ച വെളുപ്പിന് ചാമ്പ്യൻസ് ലീഗ് രണ്ടാംപാദത്തിൽ ബാർസലോണയെ നേരിടാൻ ഇറങ്ങുന്ന യുണൈറ്റഡിന് ഈ വിജയം ഒരു പ്രോത്സാഹനം ആകട്ടെ.