രാഹുലിന്റെ സെഞ്ചുറിക്ക് ചുട്ട മറുപടിയുമായി പൊള്ളാർഡ് : വിജയം പിടിച്ചു വാങ്ങി മുംബൈ.
ഐപിഎല്ലിന്റെ എല്ലാ ആവേശവും ഒത്തു ചേർന്ന മത്സരത്തിൽ കെ എൽ രാഹുൽ തന്റെ ആദ്യ ഐപിഎൽ സെഞ്ചുറി സ്വന്തമാക്കിയപ്പോൾ, അതിനു സിക്സർ മഴ കൊണ്ട് മറുപടി പറഞ്ഞ് പൊള്ളാർഡ് മുംബൈയെ വിജയത്തിലേക്ക് നയിച്ചു. രോഹിത് ശർമ്മ പരിക്ക് മൂലം വിശ്രമിച്ചതിനെ തുടർന്നു നായക സ്ഥാനം ഏറ്റെടുത്ത പൊള്ളാർഡ് മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. ഈ ജയത്തോടെ മുംബൈ ഇന്ത്യൻസ് പഞ്ചാബിനെ മറികടന്നു പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് സ്വപ്നതുല്യമായ തുടക്കമാണ് ഓപ്പണർമാരായ ഗെയിലും രാഹുലും ചേർന്ന് നൽകിയത്. പത്തോവർ പൂർത്തിയായപ്പോഴേക്കും സ്കോർ നൂറു കടന്നിരുന്നു. കഴിഞ്ഞ കളിയിലെ താരമായ അൽസാരി ജോസഫ് അടക്കം എല്ലാ ബൗളർമാരും പഞ്ചാബ് ഓപ്പണർമാരുടെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞു. 36 പന്തിൽ 63 റൺസെടുത്ത ഗെയ്ൽ 7 സിക്സറുകളും 3 ബൗണ്ടറിയും പറത്തി. ഗെയിൽ പുറത്തായതിന് പുറകെ ചെറിയ ഇടവേളകളിൽ മൂന്നു വിക്കറ്റുകൾ കൂടി വീണത് പഞ്ചാബിന്റെ റൺ നിരക്കിൽ ഗണ്യമായ കുറവ് വരുത്തി. എന്നാൽ ഒരു വശത്തു നിലയുറപ്പിച്ചിരുന്ന രാഹുൽ അവസാന ഓവറുകളിൽ ആഞ്ഞടിച്ച് സ്കോർ 197 ൽ എത്തിച്ചു. അതിനിടയിൽ രാഹുൽ തന്റെ ആദ്യ ഐപിഎൽ സെഞ്ചുറിയും കരസ്ഥമാക്കി. 64 പന്തിൽ ആറു ബൗണ്ടറിയും അത്രയും തന്നെ സിക്സറുകളുമായി 100 റൺസ് നേടിയ രാഹുൽ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് വേണ്ടി ഓപ്പണർ ആയി എത്തിയത് രോഹിതിന് പകരം ടീമിൽ സ്ഥാനം കിട്ടിയ സരബ്ജിത് ലാഡ് ആണ്. 12 ഓവറിൽ 96 നു 4 എന്ന നിലയിൽ തകർന്നിരുന്ന ടീമിനെ കിറോൺ പൊള്ളാർഡിന്റെ മാസ്മരിക ബാറ്റിങ്ങിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. മൂന്നു ബൗണ്ടറികളും പത്തു പടുകൂറ്റൻ സിക്സറുകളും പൊള്ളാർഡിന്റെ ബാറ്റിൽ നിന്നും കാണികളുടെ ഇടയിലേക്ക് പറന്നെത്തിയപ്പോൾ ഷമി ഒഴികെയുള്ള എല്ലാ ബൗളർമാരും അദ്ദേഹത്തിന്റെ ബാറ്റിന്റെ ചൂട് നന്നായറിഞ്ഞു. 21 റൺസിന് 3 വിക്കറ്റു എടുത്ത ഷമിയുടെ പ്രകടനം മികച്ചു നിന്നു. വിമർശകരുടെ വായടപ്പിക്കുന്ന രീതിയിലാരുന്നു പൊള്ളാർഡിന്റെ ബാറ്റിങ്. അവസാന ഓവറിൽ മൂന്നാം പന്തിൽ പൊള്ളാർഡ് ഔട്ട് ആയെങ്കിലും, രാഹുൽ ചഹാറും ജോസെഫും ചേർന്ന് മുംബൈയെ വിജയത്തിലെത്തിച്ചു. പൊള്ളാർഡ് ആണ് കളിയിലെ കേമൻ.






































