ആദ്യം എറിഞ്ഞിട്ടു, പിന്നെ അടിച്ചെടുത്തു : കൊൽക്കത്തയ്ക്ക് ആധികാരിക വിജയം
കൊൽക്കത്തയുടെ ബൗളർമാരും ബാറ്റ്‌സ്മാന്മാരും ഒരുപോലെ തിളങ്ങുകയും രാജസ്ഥാന്റെ ബൗളർമാരും ബാറ്റ്‌സ്മാന്മാരും ഒരുപോലെ മങ്ങുകയും ചെയ്ത മത്സരത്തിൽ കൊൽക്കത്തയ്ക്ക് അനായാസ വിജയം.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിലയുറപ്പിക്കുന്നതിനു മുന്നേ നായകൻ രഹാനയെ നഷ്ടമായി. പിന്നീട് ബട്ട്ലറും സ്മിത്തും ചേർന്ന് രണ്ടാം വിക്കറ്റിൽ 72 കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും റൺ നിരക്ക് കൂട്ടുന്നതിൽ ഇരുവരും പരാജയപ്പെട്ടു. 34 പന്തിൽ 37 റൺസെടുത്ത ബട്ട്ലർ പുറത്താകുമ്പോൾ 11 .5 ഓവറിൽ 77 റൺസ് ആയിരുന്നു രാജസ്ഥാന്റെ സമ്പാദ്യം. പിന്നീട് സ്മിത്തിന്റെ ഒറ്റയാൾ പോരാട്ടത്തിൽ രാജസ്ഥാൻ സ്കോർ 139 ൽ എത്തി. അവസാന ഓവറുകളിൽ ബെൻ സ്റ്റോക്സ് റൺസ് കണ്ടെത്താൻ വിഷമിച്ചത് രാജസ്ഥാന്റെ സ്കോറിങ്ങിനെ മന്ദഗതിയിലാക്കി. 59 പന്തിൽ 73 റൺസെടുത്ത സ്മിത്ത് പുറത്താകാതെ നിന്നു. 25 റൺസിന് 2 വിക്കറ്റ് വീഴ്ത്തിയ ഹാരി ഗുർണിയുടെ പ്രകടനം മികച്ചു നിന്നു.
140 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരൈനും ക്രിസ് ലിന്നും ചേർന്ന് വേഗത്തിൽ സ്കോർ ഉയർത്തി. ഒരിക്കൽ പോലും കൊൽക്കത്തയ്ക്ക് സമ്മർദ്ദം ചെലുത്താൻ രാജസ്ഥാൻ ബൗളിങ്ങിനായില്ല. സുനിൽ നരൈൻ(25 പന്തിൽ 47) പുറത്താകുമ്പോൾ തന്നെ കൊൽക്കത്ത വിജയം ഉറപ്പിച്ചിരുന്നു. ക്രിസ് ലിൻ അർദ്ധ ശതകം തികച്ച ഉടൻ തന്നെ പുറത്തായി. ഉത്തപ്പക്ക് ചടങ്ങു തീർക്കുന്ന കടമ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. 35 റൺസിന് 2 വിക്കറ്റ് വീഴ്ത്തിയ ശ്രെയസ് ഗോപാൽ മാത്രമാണ് ബൗളിങ്ങിൽ തിളങ്ങിയത്.
5 കളികളിൽ നിന്നും 8 പോയിന്റ് ഉള്ള കൊൽക്കത്ത റൺ നിരക്കിന്റെ അടിസ്ഥാനത്തിൽ ചെന്നൈയെ മറികടന്നു പോയിന്റ് പട്ടികയിൽ ഒന്നാമതായി. അത്രയും തന്നെ കളികളിൽ ഒരു ജയം മാത്രമുള്ള രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ബാംഗ്ലൂരിന് മാത്രം മുകളിൽ ഏഴാം സ്ഥാനത്താണ്.






































