ഒരു അവർണ്ണനീയ നിമിഷത്തിന്റെ ഓർമ്മയ്ക്ക്
ചില നിമിഷങ്ങൾ ചരിത്രത്തിൽ കൊത്തിവെക്കപ്പെടുന്നു. ഒരുപക്ഷേ ആ നിമിഷത്തിൽ ജീവിക്കപ്പെട്ടവരെക്കാൾ ആ നിമിഷത്തെ തീരുമാനങ്ങൾ കാലമെന്നും ഓർത്തുവയ്ക്കും. പത്തു വർഷം മുമ്പത്തെ ഏപ്രിൽ അഞ്ചാം തീയതിയിലെ അങ്ങനെ ഒരു നിമിഷത്തെ ഇന്ന് ഞാൻ ഓർത്തു പോകുന്നു. എൻറെ ഓർമ്മയിൽ ഇന്നലെ നടന്ന പോലെ തെളിഞ്ഞു കിടക്കുന്ന ഒരു സബ്സ്റ്റിറ്റ്യൂഷൻ. ആരാണ് സർ അലക്സ് ഫെർഗൂസൻ എന്ന ഏതു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ചോദിച്ചാലും ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്ന ഒരു കളി.
2008-09 സീസൺ അന്ത്യത്തോടെ എടുക്കുന്നു. കപ്പ് എടുക്കാൻ ഏറ്റവും പ്രാപ്തരായി യുണൈറ്റഡ് മുന്നേറുന്ന സമയത്താണ് ആസ്റ്റൺ വില്ലയുമായുള്ള ഹോം മാച്ച്. പതിനാലാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ മുന്നിലെത്തിയ യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് 30ആം മിനിറ്റിലും 58ആം മിനിറ്റിലും ആസ്റ്റൺ വില്ല തിരിച്ചടിച്ചു, (1 – 2). രണ്ടാം ഗോൾ വഴങ്ങി രണ്ടു മിനിറ്റിനകം ആ സുവർണ്ണനിമിഷം വന്നുചേർന്നു. 61ആം മിനിറ്റ്, ചരിത്രത്തിൽ രേഖപ്പെടുത്തിയ ആ മിനിറ്റ്. നാനിയുടെ മികവിൽ സംശയംതോന്നിയ സർ അലക്സ് അതീവ പരിചയസമ്പത്തുള്ള ജി സുങ് പാർക്കിനെയും അതിവേഗതയുള്ള ഡാനി വെൽബെക്കിനേയും തഴഞ്ഞുകൊണ്ട് വെറും 17 വയസ്സ് മാത്രമുള്ള ഫീഡറിക്കോ മക്കെദാ എന്നാ അസൂറിയെ നാനിയുടെ പകരക്കാരനായി ഇറക്കി.
“ബോട്ട് ചോദിക്കാൻ പറ്റിയ സമയം” എന്ന് രമണൻ പറയും പോലെ “ഒരു 17കാരന് ഡബ്യൂ(debut) കൊടുക്കാൻ പറ്റിയ സമയം”. എന്നാലും പയ്യൻ വന്നവഴി തന്നെ കളി വരുതിയിലാക്കാൻ തുടങ്ങി. സംഘടിതമായ ആസ്റ്റൺ വില്ല ആക്രമണങ്ങൾ ചിതറാൻ തുടങ്ങി. യുണൈറ്റഡ് കടിഞ്ഞാൺ തിരിച്ചെടുത്തു. അതിൻറെ ഫലമെന്നോണം എൺപതാം മിനിറ്റിൽ റൊണാൾഡോ തന്നെ രണ്ടാം ഗോൾ നേടി, കളി (2 – 2). എന്നാൽ അത്ഭുതം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ 91 ആം മിനിറ്റിൽ, തന്നെ എന്തിനാണ് ഇറക്കിയത് അത് മക്കെദാ പൂർത്തിയാക്കി. റയൻ ഗിഗ്ഗ്സിന്റെ പാസ് അതിമനോഹരമായി പിൻ കാലുകൊണ്ട് ടാപ്പ് ചെയ്ത് വരുതിയിലാക്കി കറങ്ങി ഒരു ഷോട്ട്, ഫാർ പോസ്റ്റിലേക്ക്. യുണൈറ്റഡിന് വിജയം, ആ ഗോൾ ഇതിഹാസങ്ങളിൽ എഴുതിച്ചേർക്കപ്പെട്ടു. 2008-09 സീസണിൽ യുണൈറ്റഡ് ചാമ്പ്യന്മാരായതിലും ഈ വിജയത്തിന് വ്യക്തമായ പങ്കുണ്ട്.
ഫീഡറിക്കോ മക്കെദാക്ക് അരങ്ങേറ്റത്തിന് അവസരം കൊടുത്ത സർ അലക്സിനെ ആ തീരുമാനത്തെ പല കളി വിദഗ്ധരും “ദ ഗ്രേറ്റസ്റ്റ് ഗാമ്പിൾ എവർ”(the greatest gamble ever) എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ, ആ 61ആം മിനിറ്റ്, അത് കഴിഞ്ഞ് സർ അലക്സ് ഫെർഗൂസൻ, അതുകഴിഞ്ഞ് ആ മനോഹര വിജയഗോൾ, അതും കഴിഞ്ഞാണ് ഫീഡറിക്കോ മക്കെദാ ഇന്ന് ഓർമ്മിക്കപ്പെടുന്നത്. ഇപ്പോൾ വീണ്ടും യൂട്യൂബിൽ ആ ഗോൾ കണ്ടപ്പോൾ, പത്ത് വർഷങ്ങൾക്ക് മുമ്പ് അത് ലൈവിൽ കണ്ട രോമാഞ്ചം എന്നെ വീണ്ടും കോരിത്തരിപ്പിച്ചു.






































