ചെന്നൈയുടെ ജൈത്രയാത്രക്ക് വിരാമമിട്ട് മുംബൈ.
ഐപിഎല്ലിലെ ഏറ്റവും വാശിയേറിയ മത്സരം എന്ന് വിശേഷിപ്പിക്കാവുന്ന കളിയിൽ ചിരവൈരികളായ ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടിയപ്പോൾ വിജയം മുംബയ്‌ക്കൊപ്പം നിന്നു. ഈ വിജയത്തിലൂടെ ഐപിഎൽ ചരിത്രത്തിൽ ആദ്യമായി നൂറു വിജയങ്ങൾ കരസ്ഥമാക്കുന്ന ടീം എന്ന റെക്കോർഡിന് മുംബൈ അർഹരായി.
കഴിഞ്ഞ മൂന്നു കളികളിലും ജയിച്ച് അപരാജിതരായി മുന്നേറിക്കൊണ്ടിരുന്ന ചെന്നൈ മുംബൈയിൽ കളിക്കാനെത്തിയത് കടുത്ത ആത്മവിശ്വാസവുമായിട്ടാണ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ധോണിയുടെ തീരുമാനത്തെ ശരി വെക്കുന്ന രീതിയിൽ ചെന്നൈ ബൗളർമാർ തുടങ്ങി. ഡി കോക്കിനെയും രോഹിത് ശർമയേയും യുവരാജ് സിങ്ങിനെയും പെട്ടന്ന് തന്നെ മടക്കിഅയച്ചു. സൂര്യകുമാർ യാദവും ( 43 പന്തിൽ 59 ) കൃണാൽ പാണ്ട്യയും ( 32 പന്തിൽ 42 ) ചേർന്ന് രക്ഷിച്ചെടുത്ത മുംബൈ ഇന്നിംഗ്സ് 170 റൺസിലെത്തിച്ചത് ഹർദിക് പാണ്ട്യയും കീറോൺ പൊള്ളാർഡും ചേർന്ന് അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ആണ്. ഇരുവരും ചേർന്ന് അവസാന 2 ഓവറുകളിൽ 45 റൺസ് അടിച്ചെടുത്തു. അവസാന ഓവർ എറിഞ്ഞ ഡ്വെയ്ൻ ബ്രാവോയെ കണക്കിന് പ്രഹരിച്ച ഇരുവരും 29 റൺസ് ആണ് അടിച്ചെടുത്തത്. ഹർദിക് 8 പന്തിൽ 25 റൺസും പൊള്ളാർഡ് 7 പന്തിൽ 17 റൺസും എടുത്തു.
171 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈയുടെ തുടക്കവും മോശമായിരുന്നു. കഴിഞ്ഞ സീസണിൽ ചെന്നൈക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ അമ്പാട്ടി റായുഡു ഈ സീസണിൽ റൺസ് കണ്ടെത്താൻ വിഷമിക്കുന്നതിനു മുംബൈ വാങ്കഡെ സ്റ്റേഡിയം ഒരിക്കൽ കൂടി സാക്ഷിയായി. നേരിട്ട ആദ്യ പന്തിൽ തന്നെ പൂജ്യനായി അദ്ദേഹം മടങ്ങി. ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച ബെഹെൻഡ്രോഫിനായിരുന്നു വിക്കെറ്റ്. തൊട്ടടുത്ത ഓവറിൽ തന്നെ അടുത്ത ഓപ്പണർ ബാറ്റ്‌സ്മാനായ വാട്സണെയും മലിംഗ പുറത്താക്കി. നിലയുറപ്പിക്കുന്നതിനു മുന്നേ തന്നെ റെയ്നയെയും പുറത്താക്കി ബെഹെൻഡ്‌റോഫ് ചെന്നൈയെ കടുത്ത സമ്മർദ്ദത്തിലാക്കി. റെയ്നയെ പുറത്താക്കാൻ ബൗണ്ടറി ലൈനിൽ ഉയർന്നു ചാടി പൊള്ളാർഡ് എടുത്ത ക്യാച്ച് കാണികളെ ഒന്നാകെ അമ്പരപ്പെടുത്തി. കേദാർ ജാദവും ധോണിയും ചേർന്നുള്ള രക്ഷാ പ്രവർത്തനം പുരോഗമിക്കുമ്പോളായിരുന്നു ഹർദിക് പാണ്ട്യയുടെ വക ചെന്നൈക്ക് ഇരട്ട പ്രഹരം. ഒരേ ഓവറിൽ ധോണിയേയും ജഡേജയെയും പുറത്താക്കി ഹർദിക് പാണ്ട്യ ബൗളിങ്ങിലും മുംബൈയുടെ രക്ഷകനായി. ഒരിക്കൽ പോലും വിജയപ്രതീക്ഷ ഉയർത്താൻ ചെന്നൈക്കായില്ല. 54 പന്തിൽ 58 റൺസ് എടുത്ത കേദാർ ജാദവിന്റെ പ്രകടനം മാത്രമാണ് മികച്ചു നിന്നത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഹർദിക് പാണ്ട്യയും മലിംഗയും രണ്ടു വിക്കറ്റ് വീഴ്ത്തിയ ബെഹെൻഡ്‌റോഫും ബൗളിങ്ങിൽ മികച്ചു നിന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഹർദിക് പാണ്ട്യയാണ് കളിയിലെ കേമൻ.






































