സഞ്ജുവിന്റെ സെഞ്ച്വറി പാഴായി : രാജസ്ഥാന് തുടർച്ചയായ രണ്ടാം തോൽവി
ഐപിഎല്ലിലെ തന്റെ രണ്ടാം സെഞ്ചുറിയും ഈ സീസണിലെ ആദ്യത്തെ സെഞ്ചുറിയും നേടിയ സഞ്ജു സാംസൻറെ പ്രകടനത്തിനും രാജസ്ഥാനെ രക്ഷിക്കാനായില്ല. രാജസ്ഥാൻ ബൗളിംഗ് നിര സൺറൈസേഴ്സിന് വെല്ലുവിളി ഉയർത്തിയതേയില്ല. 199 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന സൺറൈസേഴ്സിന് 5 വിക്കെറ്റ് വിജയം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത റോയൽസിന് ജോസ് ബട്ട്ലറിനെ തുടക്കത്തിലേ നഷ്ടമായി. എന്നാൽ അതിനു ശേഷം ഒത്തു ചേർന്ന രഹാനെയും സഞ്ജു സാംസണും പക്വതയോടെ ബാറ്റ് വീശി. പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ഇരുവരും ക്രീസിൽ നിലയുറപ്പിച്ചതോടെ റൺ നിരക്ക് പതിയെ കുതിച്ചു തുടങ്ങി. രഹാനെ പതിയെ സ്ട്രൈക്ക് കൈമാറുന്നതിൽ ശ്രദ്ധ കേന്ദ്രികരിച്ചപ്പോൾ സാംസൺ അക്രമാസക്തമായി. എന്നാൽ പിന്നീട് രഹാനെ ഗിയർ മാറ്റിയതോടെ സാംസൺ സ്ട്രൈക്ക് കൈമാറുന്ന ചുമതലയേറ്റെടുത്തു. 38 പന്തിൽ 50 കടന്ന രഹാനെ സ്കോർ ബോർഡ് ചലിപ്പിച്ചു കൊണ്ടേയിരുന്നു. എന്നാൽ റൺ നിരക്ക് കൂട്ടാൻ ശ്രമിക്കുന്നതിനിടയിൽ രഹാനെ പുറത്തായി. 49 പന്തിൽ 4 ബൗണ്ടറിയും 3 സിക്സും അടങ്ങുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്സ് പിന്നീടായിരുന്നു സഞ്ജു സാംസന്റെ താണ്ഡവം തുടങ്ങിയത്. 34 പന്തുകളിൽ അർധശതകം തികച്ച സഞ്ജു അടുത്ത 50 റൺസ് എടുക്കാൻ വെറും 20 പന്തുകളെ വേണ്ടി വന്നുള്ളൂ. ലോകോത്തര ബൗളറും ഡെത്ത് ഓവർ വിദഗ്ധനുമായ ഭുവനേശ്വർ കുമാറിന്റെ ഒരോവറിൽ ഒരു സിക്സും 4 ബൗണ്ടറിയും അടക്കം 24 റൺസ് നേടിയ സാംസൺ ഇരുപതാം ഓവറിന്റെ മൂന്നാം പന്തിൽ തന്റെ രണ്ടാം ഐപിഎൽ സെഞ്ച്വറി സ്വന്തമാക്കി.55 നേരിട്ട സഞ്ജു 102 റൺസ് എടുത്ത് പുറത്താകാതെ നിന്നു. സൺ റൈസേഴ്സിന് വേണ്ടി റഷീദ് ഖാൻ 4 ഓവറിൽ 24 റൺസ് വഴങ്ങി ഒരു വിക്കറ്റ് എടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സിന് വേണ്ടി ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും ചേർന്ന് സ്വപ്ന തുല്യമായ തുടക്കമാണ് നൽകിയത്. വാർണർ കഴിഞ്ഞ കളിയിൽ എവിടെ നിർത്തിയോ അവിടെ നിന്ന് തുടങ്ങി. പൗർപ്ലേയ് ഓവറുകൾ പൂർത്തിയാകുന്നതിനു മുൻപ് തന്നെ വാർണർ തന്റെ അർധശതകം പൂർത്തിയാക്കി. ആദ്യ 6 ഓവറുകളിൽ നിന്നും സൺറൈസേഴ്സ് സ്വന്തമാക്കിയത് 69 റൺസ് ആണ്. 8.5 ഓവറുകളിൽ സ്കോർ 100 കടന്നു. അടുത്തടുത്ത ഓവറുകളിൽ വാർണറും ബെയർസ്റ്റോയും പുറത്തായത് സൺറൈസേഴ്സിനെ പരുങ്ങലിൽ ആകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നാലാമനായി ഇറങ്ങിയ വിജയ് ശങ്കർ (15 പന്തിൽ 35 റൺസ്) കളി നിയന്ത്രണം ഏറ്റെടുത്തു. വാർണർ 37 പന്തിൽ 9 ബൗണ്ടറിയും 2 സിക്സും അടക്കം 69 റൺസ് എടുത്തപ്പോൾ ബെയർസ്റ്റോ 28 പന്തിൽ 6 ബൗണ്ടറിയും 1 സിക്സും അടക്കം 45 റൺസ് എടുത്തു. എന്നാൽ 6 പന്തിനിടെ 3 വിക്കറ്റുകൾ വീണത് സൺറൈസേഴ്സിനെ പരുങ്ങലിൽ ആക്കി. എന്നാൽ ജോഫ്രെ അർച്ചറിന്റെ പത്തൊൻപതാം ഓവറിൽ ഒരു സിക്സും ഒരു ബൗണ്ടറിയും നേടി റഷീദ് ഖാൻ സൺറൈസേഴ്സിന്റെ വിജയം പൂർത്തിയാക്കി. രാജസ്ഥാന്റെ ബൗളിംഗ് നിര തീർത്തും ദുർബലമായിരുന്നു. 4 ഓവറിൽ 27 റൺസ് വഴങ്ങി 3 വിക്കെറ്റ് എടുത്ത ശ്രെയസ് ഗോപാലിന്റെ പ്രകടനം മാത്രമാണ് മികച്ചു നിന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ തിളങ്ങിയ റഷീദ് ഖാനാണ് കളിയിലെ കേമൻ






































