അവസാന പന്ത് വരെ ആവേശം. മുംബൈക്ക് ആദ്യ ജയം
ഇന്ത്യയുടെ രണ്ടു സൂപ്പർ താരങ്ങൾ പരസ്പരം ഏറ്റുമുട്ടിയപ്പോൾ വിജയം രോഹിതിനൊപ്പം. അവസാന പന്ത് വരെ ആവേശം കൊടുമ്പിരി കൊണ്ട മത്സരത്തിൽ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 6 റൺസിന് പരാജയപ്പെടുത്തി. ലോകം ഒന്നാം നമ്പർ ബാറ്റ്സ്മാനും രണ്ടാം നമ്പർ ബാറ്റ്സ്മാനും നേർക്കുനേർ എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് വേണ്ടി ഡികോക്കും രോഹിതും മികച്ച രീതിയിൽ തുടങ്ങി. 20 പന്തിൽ 23 റൺസ് എടുത്ത ഡികോക്ക് ആണ് ആദ്യം പുറത്തായത്. 6.4 ഓവറിൽ 54 റൺസ് ആയിരുന്നു അപ്പോൾ മുംബൈ ഇന്ത്യൻസിന്റെ സമ്പാദ്യം. മികച്ച ഫോമിലായിരുന്നു രോഹിത് ശർമ്മ വേഗത്തിൽ സ്കോർ ഉയർത്തുന്നതിനിടെ അർധശതകത്തിന് 2 റൺസ് അകലെ പുറത്തായി. 33 പന്തിൽ 48 റൺസ് എടുത്ത അദ്ദേഹം 8 ബൗണ്ടറിയും 1 സിക്സും നേടി. 38 റൺസ് എടുത്ത സൂര്യകുമാർ യാദവും തിളങ്ങി. യുവരാജ് സിംഗ് തന്റെ പ്രതാപകാലത്തെ വിളിച്ചോടുന്ന രീതിയിലുള്ള ബാറ്റിങ് കാഴ്ച വെച്ചെങ്കിലും പെട്ടന്ന് മടങ്ങി. ചാഹലിന്റെ ഒരോവറിൽ അടുത്തടുത്ത മൂന്നു പന്തുകളിൽ മൂന്നു സിക്സറുകൾ പറത്തി വരവറിയിച്ചെങ്കിലും നാലാമത്തെ പന്തും സിക്സ് അടിക്കാനുള്ള ശ്രമത്തിൽ ലോങ്ങ് ഓഫിൽ ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. 12 പന്തിൽ 23 റൺസ് ആയിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. പിന്നീട് തുടരെ തുടരെ വിക്കറ്റുകൾ വീണു മുംബൈ പരുങ്ങലിൽ ആയി. എന്നാൽ വലിയ വെടിക്കെട്ട് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. 14 പന്തുകൾ നേരിട്ട ഹർദിക് പാണ്ട്യ 3 സിക്സും 2 ബൗണ്ടറിയും അടക്കം 32 റൺസ് എടുത്തു പുറത്താകാതെ നിന്നു. ഹർദിക് പാണ്ട്യയുടെ അവസാന വെടിക്കെട്ടാണ് മുംബൈ സ്കോർ 187 ൽ എത്തിച്ചത്. നാല് ഓവറിൽ 38 റൺസ് വഴങ്ങി 4 വിക്കെറ്റ് എടുത്ത ചഹാൽ ബാംഗ്ലൂരിന് വേണ്ടി ബൗളിങ്ങിൽ തിളങ്ങി.
മറുപടി ബാറ്റിങ്ങിൽ ബാംഗ്ലൂർ നന്നായി തുടങ്ങിയെങ്കിലും സ്കോർ 27 ൽ നിൽക്കെ മൊയീൻ അലി റൺ ഔട്ട് ആയി. പിന്നീടെത്തിയ നായകൻ കോലിയും പാർഥിവ് പട്ടേലും കൂടി പൗർപ്ലേയ് ഓവറുകളിൽ അടിച്ചു കളിച്ചു. 6.5 ഓവറിൽ 67 റൺസ് എടുത്തു നിൽക്കുമ്പോൾ 31 റൺസുമായ് പട്ടേൽ മടങ്ങി. കോലിയും ഡിവില്ലിയേഴ്സും ബാംഗ്ലൂരിനെ വിജയത്തിലെത്തിക്കുമെന്ന തോന്നലുണ്ടാക്കിയ സമയത്താണ് ബുംറ കോലിയെ പുറത്താക്കി മുംബൈ ഇന്ത്യൻസിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത്. 32 പന്തിൽ 46 റൺസ് എടുത്താണ് കോലി പുറത്തായത്. പിന്നീട് ഡിവില്ലിയേഴ്സ് ഒറ്റക്ക് പൊരുതി നോക്കിയെങ്കിലും വിജയത്തിന് 6 റൺസ് അകലെ മത്സരം അവസാനിക്കുകയാരുന്നു. 41 പന്തിൽ 6 സിക്സും 4 ബൗണ്ടറിയും സഹിതം 70 റൺസ് എടുത്ത ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നു. 2 വർഷത്തിന് ശേഷം മുംബൈ ഇന്ത്യൻസിനായി ബൗൾ കളിക്കുന്ന ലസിത് മലിംഗയാണ് അവസാന ഓവർ എറിഞ്ഞത്. നാടകീയത നിറഞ്ഞ അവസാന ഓവറിൽ 17 റൺസ് വേണ്ടിയിരുന്ന ബാംഗ്ലൂരിന് പക്ഷെ 11 റൺസ് മാത്രമാണ് എടുക്കാനായത്. അവസാന പന്തിൽ 6 അടിച്ചാൽ മത്സരം സമനിലയിലാക്കാം എന്നിരിക്കെ മലിംഗ എറിഞ്ഞ നോ ബോൾ അമ്പയർ കാണാതെ പോയത് വിവാദമായി. മുംബൈക്ക് വേണ്ടി 4 ഓവറിൽ 20 റൺസ് മാത്രം വിട്ടു കൊടുത്ത് 3 വിക്കെറ്റ് കരസ്ഥമാക്കിയ ജസ്പ്രീത് ബുമ്രയാണ് കളിയിലെ കേമൻ.
മത്സര ശേഷം അമ്പയർമാരെ കടുത്ത ഭാഷയിൽ വിമർശിച്ച കോലി ഐപിഎൽ നിയന്ത്രിക്കുന്ന അമ്പയർമാർ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നവരായിരിക്കണം എന്ന് പറഞ്ഞു .






































