മിയാമി ഓപ്പൺ – ഫെഡറർ മുന്നോട്ട്
മിയാമി ഓപ്പൺ റഷ്യയുടെ ഡാനിൽ മെദ്വദേവിനെ പരാജയപ്പെടുത്തി റോജർ ഫെഡറർ ക്വാർട്ടർ ഫൈനലിൽ കടന്നു. ഫെഡറർ ഇന്ന് കടുത്ത വെല്ലുവിളി ആകും എന്ന് കരുതിയിരുന്ന മെദ്വദേവ് കാര്യമായ ചില ചെറുത്തുനിൽപ്പുകൾ ഇല്ലാതെയാണ് കീഴടങ്ങിയത്, സ്കോർ (6-4,6-2). ക്വാർട്ടറിൽ ഫെഡററിന് ദക്ഷിണാഫ്രിക്കക്കാരൻ കെവിൻ ആൻഡേഴ്സൺ ആണ് എതിരാളി.
ഇന്നലെ ആരംഭിച്ച ക്വാർട്ടർ മത്സരങ്ങളിൽ പതിനൊന്നാം സീഡ് ബോർണ്ണ കൊറിച്ചിനെ അട്ടിമറിച്ച് കൗമാരതാരം ഫെലിക്സ് ഓഗർ അലിയാസീം മുന്നേറി, സ്കോർ (7-6 6-2). ജോക്കോവിച്ചിനെ അട്ടിമറിച്ച് ക്വാർട്ടറിൽ എത്തിയ റോബർട്ടോ ബാറ്റിസ്റ്റ അഗട്ടിന് അമേരിക്കൻ സൂപ്പർ താരം ഏഴാം സീഡ് ജോൺ ഇസ്നറോട് പരാജയപ്പെടാൻ ആയിരുന്നു വിധി, സ്കോർ (7-6, 7-6).
വനിതകളുടെ ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡ് സിമോണ ഹാലപ്പ് ചൈനയുടെ ക്വിയാങ് വാങിനെ തോൽപ്പിച്ചു, സ്കോർ(6-4, 7-5). പെട്ര ക്വിറ്റോവയെ അട്ടിമറിച്ച് ആഷ്ലി ബാർട്ടി സെമിഫൈനലിൽ കടന്നു, സ്കോർ (7-6 3-6 6-2). അഞ്ചാം സീഡ് കരോലിന പ്ലിസ്കോവ മാർക്കെറ്റ വോൺഡ്രോസോവയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി, സ്കോർ (6-3,6-4).
ഓപ്പണിലെ ഏക ഇന്ത്യൻ പ്രതീക്ഷ അവസാനിച്ചു. പുരുഷ വിഭാഗം ഡബിൾസിൽ നിന്ന് ബൊപ്പണ്ണ സഖ്യം പുറത്തായി. അമേരിക്കയുടെ ബ്രയാൻ സഹോദരന്മാരുടെ കൈയിൽ നിന്നാണ് രോഹൻ ബൊപ്പണ്ണ – ഡെന്നിസ് ഷപ്പൊവലോവ് സഖ്യം പരാജയം ഏറ്റുവാങ്ങിയത്, സ്കോർ (6-3, 6-4).
ടൂർണമെൻറ് ഉടനീളം തൻറെ പഴയകാല പ്രതാപത്തെ ഓർമിപ്പിച്ചുകൊണ്ടാണ് ഫെഡറർ മുന്നേറുന്നത്. എന്നാലും ഒരുപിടി യുവതാരങ്ങളും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നു. കാര്യങ്ങൾ അനുകൂലമായി ഭവിച്ചാൽ ഞായറാഴ്ച മിയാമി ഗാർഡൻസിൽ തൻറെ നൂറ്റിയൊന്നാം കിരീടം ഉയർത്തും ഫെഡറർ.