വോൾവ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ആഴ്‌സണലും മുന്നോട്ട്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ആഴ്‌സണലും മുന്നോട്ട്. ജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ സജീവമാക്കി വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മിക്കെൽ അർട്ടേട്ടയുടെ ഗണ്ണേഴ്‌സ്.
പന്തടക്കത്തിലും ഷോട്ടുകൾ തുടക്കുന്നതിലും വോൾവ്‌സാണ് മുന്നിട്ടു നിന്നതെങ്കിലും 25-ാം മിനിറ്റിൽ പ്രതിരോധ താരം ഗബ്രിയേൽ നേടിയ ഗോളിലാണ് ആഴ്‌സണലിന്റെ ജയം. ആഴ്‌സണൽ യുവതാരം ഗബ്രിയേൽ മാർട്ടിനെലി റെഡ് കാർഡ് കണ്ടതിനാൽ 10 പേരായിട്ടാണ് ഗണ്ണേഴ്‌സ് മത്സരം അവസാനിപ്പിച്ചത്. എന്നിട്ടും അവസാന മിനിറ്റുകളിൽ മികച്ച പ്രതിരോധ കോട്ട തീർത്താണ് ബ്രൂണോ ലാർജിന്റെ ടീമിനെ വീഴ്ത്തിയത്.
ഫ്രീകിക്കിൽ നിന്നു വോൾവ്‌സ് ആഴ്‌സണലിന്റെ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചത് രക്ഷയായി. ആഴ്‌സണലിനായി ഗോൾകീപ്പർ ആരോൺ റാംസ്‌ഡേലും മിന്നും പ്രകടനമാണ് നടത്തിയത്. ജയത്തോടെ പോയിന് പട്ടികയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിന്തള്ളി അർട്ടേട്ടയുടെ ടീം അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയർന്നു. യുണൈറ്റഡിനേക്കാൾ ഒരു മത്സരം കുറവാണ് ആഴ്‌സണൽ കളിച്ചിരിക്കുന്നത് എന്നതും നേട്ടമാകും.
നിലവിൽ 22 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി ആഴ്‌സണൽ അഞ്ചാമതും 23 കളികളിൽ നിന്ന് 39 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാമതുമാണ്. നാലാം സ്ഥാനത്ത് 40 പോയിന്റുമായി വെസ്റ്റ് ഹാമാണ് ഇടംപിടിച്ചിരിക്കുന്നത്. പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കായുള്ള കടുത്ത പോരാട്ടമാണ് നടക്കുന്നത്.