ഐഎസ്എൽ : ഒന്നാം സ്ഥാനം നിലനിർത്താൻ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോവയെ നേരിടും
ഡിസംബർ 3 ഞായറാഴ്ച ഗോവയിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയെ നേരിടും. ഇരു ടീമുകളും റാങ്കിങ്ങിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ സ്ഥാനങ്ങളിലുള്ള ടീമുകൾ ആയതിനാൽത്തന്നെ മത്സരം നിർണായകമാകും. എട്ടു മത്സരങ്ങളിൽ നിന്ന് പതിനേഴു പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തും ആറു മത്സരങ്ങളിൽ നിന്ന് പതിനാറു പോയിന്റുമായി എഫ്‌സി ഗോവ രണ്ടാം സ്ഥാനത്തുമാണ്.
ഈ സീസണിലിൽ മികച്ച മുന്നേറ്റമാണ് എഫ്‌സി ഗോവ നടത്തിയത്. പത്താം സീസണിൽ കഴിഞ്ഞ ആറു മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ വിജയിച്ച ഗോവ ഒരു മത്സരത്തിൽ തോൽവി വഴങ്ങി. ജംഷെഡ്പൂരിനെതിരായ അവസാന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഗോവ വിജയിച്ചിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സ് റാങ്കിങ് ടേബിളിൽ ഒന്നാം സ്ഥാനത്താണെങ്കിലും ഗോവ ഇതുവരെ കളിച്ചത് ആറു മത്സരങ്ങൾ മാത്രമാണെന്നതും കണക്കിലെടുക്കണം. ആറു മത്സരങ്ങളിൽ നിന്നായി പത്ത് ഗോളുകൾ നേടിയ ഗോവ മൂന്നു ഗോളുകൾ മാത്രമാണ് വഴങ്ങിയത്.
മറുവശത്ത് എട്ടു മത്സരങ്ങൾ കളിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് അഞ്ചെണ്ണത്തിൽ വിജയിക്കുകയും രണ്ടു സമനിലയും ഒരു തോൽവിയും വഴങ്ങുകയും ചെയ്തു. ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം നേടിയ ചെന്നൈക്കെതിരായ അവസാന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങി. എട്ടു മത്സരങ്ങളിൽ നിന്നായി പതിമൂന്നു ഗോളുകൾ നേടിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒൻപതു ഗോളുകൾ വഴങ്ങി