നാപോളിയും യോഗ്യത നേടി ; ചാമ്പ്യന്‍സ് ലീഗില്‍ സീരി എ ആധിപത്യം
ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെതിരെ 3-0 ന് സുഗമമായ വിജയം നേടിയ നാപോളി ചരിത്രത്തില്‍ ആദ്യമായി ആദ്യമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക്.ജർമ്മനിയിൽ നടന്ന ആദ്യ പാദത്തില്‍ ഐൻട്രാക്റ്റിനെ എതിരില്ലാത്ത രണ്ടു ഗോളിന് നാപോളി തോല്‍പ്പിച്ചിരുന്നു. നാപോളിക്ക് വേണ്ടി ഇരട്ട ഗോള്‍ നേടിയ ഒസിംഹെന്‍ തന്നെ മത്സരത്തിലെ താരം.64 ആം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ പോളിഷ് താരമായ പിയോറ്റർ സീലിൻസ്കി ജര്‍മന്‍ ടീമിനെതിരെ മൂന്നാമത്തെ ഗോളും കണ്ടെത്തി.

മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് തന്നെ നപോളിയുടെ പ്രെസ്സിംഗ് ഗെയിം മൂലം ഫ്രാങ്ക്ഫുട്ടിനു നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല.സ്കോര്‍ ചെയ്തില്ല എങ്കിലും ഖ്‌വിച ക്വാറത്‌സ്‌ഖേലിയ പലപ്പോഴും ജര്‍മന്‍ ക്ലബ് പ്രതിരോധ താരങ്ങളെ പരീക്ഷിച്ചു കൊണ്ടിരുന്നു.ആദ്യ പകുതി തീരാന്‍ ഇരിക്കെ മാറ്റിയോ പൊളിറ്റാനോ നല്‍കിയ ക്രോസില്‍ തല വെച്ച് കൊടുത്ത് നൈജീരിയന്‍ സ്ട്രൈക്കര്‍ ഒസിംഹെന്‍ ഫ്രാങ്ക്ഫുട്ടിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ തല്ലി തകര്‍ക്കുകയായിരുന്നു. നാപോളി കൂടി ഇപ്പോള്‍ യോഗ്യത നേടിയതോടെ മൊത്തം മൂന്നു സീരി എ ക്ലബ് ഇത്തവണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്.