ആര്‍ബി ലെയ്പ്സിഗിനെ മറികടക്കാന്‍ സിറ്റി !!!!
റെഡ് ബുൾ അരീനയില്‍ തങ്ങളെ സമനിലയില്‍ തളച്ച ജര്‍മന്‍ ക്ലബായ ആര്‍ബി ലെയ്പ്സിഗിനെ തങ്ങളുടെ തട്ടകമായ എത്തിഹാഡ് സ്റ്റേഡിയത്തില്‍ വെച്ച് നേരിടാനുള്ള തയ്യാറെടുപ്പില്‍ ആണ് മാഞ്ചസ്റ്റര്‍ സിറ്റി.മൂന്ന് ആഴ്‌ച മുമ്പ് നടന്ന ആദ്യ പാദത്തിൽ പ്രീമിയർ ലീഗ് ചാമ്പ്യൻമാരെ 1-1ന് സമനിലയിൽ തളച്ചിടാൻ ലെപ്സിഗിനു കഴിഞ്ഞു.

ലീഗില്‍ സ്ഥിരത കൈവരിച്ച സിറ്റിക്ക് എപ്പോഴും ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ടില്‍ മുട്ട് അടിക്കാറുണ്ട്.ഇത്തവണയെങ്കിലും തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് ശാപം മറികടക്കാനുള്ള ലക്ഷ്യത്തില്‍ ആണ് പെപ്പും പിള്ളേരും. പരിക്കില്‍ നിന്ന് മുക്തന്‍ ആയി ഫില്‍ ഫോഡന്‍ ടീമില്‍ തിരിച്ചെത്തിയേക്കും.ക്രിസ്റ്റല്‍ പാലസിനെതിരെ ബെഞ്ചില്‍ ഇരുന്ന ഡി ബ്രൂയിനയും മാഹ്റസും ഇന്നത്തെ ടീമില്‍ ഇടം നേടിയേക്കും.തങ്ങളുടെ സൂപ്പര്‍ താരമായ എൻകുങ്കു ഹാംസ്ട്രിങ്ങ് പരിക്ക് മൂലം കളിക്കാത്തത് ലെപ്സിഗിനു വലിയൊരു തിരിച്ചടി ആണ്.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് ആണ് കിക്ക് ഓഫ്.